ടെസ്‌ലക്കൊപ്പം മസ്‌കും ഇന്ത്യയിലേക്ക്; ഈ വര്‍ഷം അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഇലോണ്‍ മസ്‌ക്

2025-ല്‍ തന്നെ ടെസ്‌ല ഇലക്ട്രിക് കാറുകള്‍ കൂടി ഇന്ത്യന്‍ വാഹന വിപണിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം അറിയിച്ചത്.

author-image
Anitha
New Update
kjewjsfjo

അമേരിന്‍ ഇലക്ട്രിക് വാഹന ഭീമന്‍മാരായ ടെസ്‌ലയുടെ വിപണി ഇന്ത്യയിലേക്ക് കൂടി വ്യാപിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. 2025-ല്‍ തന്നെ ടെസ്‌ല ഇലക്ട്രിക് കാറുകള്‍ കൂടി ഇന്ത്യന്‍ വാഹന വിപണിയുടെ ഭാഗമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യ പ്രവേശനത്തിലുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിന്റെ ഭാഗമായി ഇന്ത്യ സന്ദര്‍ശിക്കാനുള്ള നീക്കം പ്രഖ്യാപിച്ചിരിക്കുകയാണ് ടെസ്‌ലയുടെ മേധാവിയും അമേരിക്കയുടെ സര്‍ക്കാര്‍ പ്രതിനിധിയുമായ ഇലോണ്‍ മസ്‌ക്.

എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കാനുള്ള താത്പര്യം അറിയിച്ചത്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ആശയവിനിമയം നടത്താന്‍ സാധിച്ചത് വലിയ അംഗീകാരമായി കരുതുന്നു. ഈ വര്‍ഷത്തിന്റെ അവസാനത്തോടെ ഇന്ത്യ സന്ദര്‍ശിക്കാനും ആഗ്രഹിക്കുന്നുവെന്നാണ് ഇലോണ്‍ മസ്‌ക് എക്‌സില്‍ കുറിച്ചിരിക്കുന്നത്. 2024-ല്‍ മസ്‌ക് ഇന്ത്യ സന്ദര്‍ശിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്ന് ഇത് മാറ്റിവയ്ക്കുകയായിരുന്നു.

ഇലോണ്‍ മസ്‌കുമായി ആശയവിനിമയം നടത്തിയെന്ന് കഴിഞ്ഞ ദിവസം നരേന്ദ്ര മോദി അറിയിച്ചിരുന്നു. ഈ വര്‍ഷം ആദ്യം വാഷിങ്ടണ്‍ സന്ദര്‍ശിച്ചപ്പോള്‍ ഇലോണ്‍ മസ്‌കുമായി നടത്തിയ കൂടിക്കാഴ്ചയിലെ ചര്‍ച്ചാവിഷയങ്ങളില്‍ വീണ്ടും അദ്ദേഹവുമായി ആശയവിനിമയം നടത്തി. സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട സഹകരണമായിരുന്നു പ്രധാന ചര്‍ച്ചവിഷയം. വിവിധ മേഖലകളില്‍ അമേരിക്കയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ ഇന്ത്യ സന്നദ്ധമാണെന്ന് മസ്‌കിനെ അറിയിക്കുകയും ചെയ്‌തെന്നായിരുന്നു മോദി എക്‌സില്‍ കുറിച്ചത്.

ടെസ്‌ല ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ എത്തിക്കുമെന്ന പ്രഖ്യാപനത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെങ്കിലും ഇത്തവണ ഇതുമായി ബന്ധപ്പെട്ട തടസ്സങ്ങളെല്ലാം നീക്കിയിട്ടുണ്ടെന്നതാണ് പ്രതീക്ഷ നല്‍കുന്നത്. വിദേശത്തുനിന്ന് എത്തുന്ന വാഹനങ്ങള്‍ക്ക് ഇന്ത്യ ഈടാക്കുന്ന ഉയര്‍ന്ന ഇറക്കുമതി തീരുവയെ തുടര്‍ന്നാണ് ടെസ്ല കാറുകളുടെ വരവ് നീണ്ടുപോയത്. അടുത്തിടെ വിദേശത്തുനിന്ന് ഇറക്കുമതി ചെയ്യുന്ന കാറുകളുടെ തീരുവയില്‍ വലിയ ഇളവ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് മസ്‌കിന്റെ ഈ പദ്ധതിക്ക് വീണ്ടും ജീവന്‍വെച്ചത്.

ടെസ്‌ലയുടെ ഇലക്ട്രിക് കോംപാക്ട് എസ്‌യുവി പതിപ്പായ മോഡല്‍ വൈ ആയിരിക്കും ടെസ്‌ല ആദ്യം ഇന്ത്യയില്‍ എത്തിക്കുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന്റെ സൂചന നല്‍കി ഈ വാഹനത്തിന്റെ പരീക്ഷണയോട്ടം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക ഘട്ടത്തില്‍ ഇന്ത്യയിലെ പ്രധാന നഗരങ്ങളായ ഡല്‍ഹി, മുംബൈ എന്നിവിടങ്ങളിലായിരിക്കും ടെസ്‌ല ഷോറൂമുകള്‍ ആരംഭിക്കുക. എന്നാല്‍, ഹോം ഡെലിവറി സംവിധാനത്തിലൂടെ രാജ്യത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഉപയോക്താക്കള്‍ക്ക് വാഹനം എത്തിച്ച് നല്‍കാനാണ് കമ്പനിയുടെ പദ്ധതി.

narendramodi tesla elone musk