/kalakaumudi/media/media_files/2025/03/29/k8PfMFzMW8W8sPo7sm7m.jpg)
ന്യൂഡല്‍ഹി: ഭൂകമ്പം തകര്‍ത്ത മ്യാന്‍മറിനു സഹായവുമായി ലോക രാഷ്ട്രങ്ങള്‍. ഇന്ത്യ 15 ടണ്‍ ദുരിതാശ്വാസ വസ്തുക്കള്‍ മ്യാന്‍മറിലേക്ക് അയച്ചു. ടെന്റുകളും സ്ലീപ്പിങ് ബാഗുകളും പുതപ്പുകളും ഭക്ഷണ സാധനങ്ങളും മരുന്നുകളും ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ഇന്ത്യന്‍ വ്യോമസേനാ വിമാനം പുറപ്പെട്ടു.
മ്യാന്‍മറിനെയും തായ്ലന്‍ഡിനെയും പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ 150 ലേറെ ആളുകള്‍ മരിച്ചു. മ്യാന്‍മറില്‍ മാത്രം 144 പേര്‍ മരിച്ചു. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് നിഗമനം. ഇന്നലെ രാത്രി മ്യാന്‍മറില്‍ വീണ്ടും 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായി. നാശനഷ്ടമില്ല.
മ്യാന്‍മറിനെ സഹായിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. ചൈനയും സഹായം വാഗ്ദാനം ചെയ്തു. സാധ്യമായതെല്ലാം ചെയ്യുമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ദുരന്തത്തില്‍ മ്യാന്‍മറിന് ഒപ്പം നില്‍ക്കുന്നതായി ജപ്പാന്‍ പ്രധാനമന്ത്രിയും വ്യക്തമാക്കി.
മ്യാന്‍മറില്‍ ആറിടങ്ങളില്‍ പട്ടാള ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്കു 12.50നാണ് ഉണ്ടായത്. പിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി. മ്യാന്‍മറിലെ സാഗെയിങ് നഗരത്തിനു സമീപത്താണ് പ്രഭവകേന്ദ്രമെന്ന് യുഎസ് ജിയോളജിക്കല്‍ സര്‍വേ പറഞ്ഞു. ഇന്ത്യ, ബംഗ്ലദേശ്, ചൈന എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു.