/kalakaumudi/media/media_files/2025/03/30/jUwfhPKfVHAdQYmHLXca.jpg)
ബാങ്കോക്ക്: ഭൂചലന ദുരന്തം അനുഭവിയ്ക്കുന്ന മ്യാന്മറില്‍ മരുന്നുകള്‍ക്കും ഭക്ഷണത്തിനും അവശ്യ വസ്തുക്കള്‍ക്കും ക്ഷാമം. രണ്ടു കോടിയിലധികം പേര്‍ ദുരിതത്തിലാണെന്നും കഴിയുന്നത്ര സഹായം എത്തേണ്ടതുണ്ടെന്നും യുഎന്‍ വ്യക്തമാക്കി.
തകര്‍ന്ന കെട്ടിടങ്ങളുടെ കൂനകള്‍ക്ക് അടിയില്‍ നിന്ന് ഇന്നും പലരെയും ജീവനോടെ പുറത്തെടുത്തു. പാലങ്ങളും റോഡുകളും തകര്‍ന്നതിനാല്‍ പല ദുരന്ത മേഖലകളിലും രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താനായിട്ടില്ല.
45 ടണ്‍ അവശ്യ വസ്തുക്കളുമായി ഇന്ത്യ അയച്ച മൂന്നു വിമാനങ്ങള്‍ മ്യാന്മറിലെത്തി. ഇന്ത്യ അയച്ച എണ്‍പതംഗ എന്‍ഡിആര്‍എഫ് സംഘവും 118 അംഗ വൈദ്യ സംഘവും മ്യാന്മറിന് വലിയ സഹായമാകും. സഹായ സാമഗ്രികളുമായി നാലു കപ്പലുകളും ഇന്ത്യ അയക്കും. സാധ്യമായ എല്ലാ സഹായവുമെത്തിക്കുമെന്ന് ഇന്ത്യ ഇന്നലെ അറിയിച്ചിരുന്നു.
മ്യാന്മാര്‍ ഭൂചലനത്തിന്റെ പ്രകമ്പനം ഉണ്ടായ തായ്ലന്‍ഡിലെ ബാങ്കോക്കില്‍ തകര്‍ന്നുവീണ മുപ്പതുനില കെട്ടിടത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 17 പേര്‍ക്കാണ് തായ്ലന്‍ഡില്‍ ജീവന്‍ നഷ്ടമായത്. തായ്ലന്‍ഡില്‍ ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങുകയാണ്.