/kalakaumudi/media/media_files/2025/03/30/OjzFKyWLxA0FDtt2vwyo.jpg)
നയ്പീഡോ : മ്യാന്‍മറിനെ നടുക്കിയ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 1600 കടന്നു. പതിനായിരത്തിലേറെപ്പേര്‍ മരിച്ചിട്ടുണ്ടാകുമെന്നാണു യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ നിഗമനം. തകര്‍ന്നടിഞ്ഞ മാന്‍ഡലെ നഗരത്തില്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരെ പുറത്തെടുക്കാന്‍ ശ്രമം തുടരുകയാണ്. വെള്ളിയാഴ്ച ഉച്ചയ്ക്കുണ്ടായ ദുരന്തത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് ഇന്നലെ നയ്പീഡോ നഗരത്തില്‍ 5.1 തീവ്രതയുള്ള തുടര്‍ചലനമുണ്ടായി.
3400 പേര്‍ക്കു പരുക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും സൈനിക ഭരണകൂടം വ്യക്തമാക്കി. നയ്പീഡോയില്‍ ഗതാഗത, വൈദ്യുത, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തകരാറിലായി. രാജ്യാന്തര വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവറടക്കം തകര്‍ന്നു. ആഭ്യന്തരയുദ്ധത്തിന്റെ പിടിയിലുള്ള മ്യാന്‍മറില്‍ രക്ഷാദൗത്യവും ദുഷ്‌കരമാണ്. മാന്‍ഡലെ നഗരത്തോടു ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളില്‍ ഭൂകമ്പത്തിനു ശേഷവും സൈന്യം പ്രക്ഷോഭകര്‍ക്കു നേരെ വ്യോമാക്രമണം തുടര്‍ന്നു.
തായ്ലന്‍ഡിന്റെ തലസ്ഥാനമായ ബാങ്കോക്കിലും ഭൂകമ്പം കനത്ത ആഘാതം ഏല്‍പിച്ചു. നിര്‍മാണത്തിലിരുന്ന 30 നില കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം 8 ആയി. 47 പേരെ കാണാതായിട്ടുണ്ട്. വെള്ളിയാഴ്ച ഉച്ചയ്ക്കു 12.50നാണ് റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമുണ്ടായത്. തൊട്ടുപിന്നാലെ 6.4 തീവ്രതയുള്ള മറ്റൊരു ഭൂകമ്പവുമുണ്ടായി.
ഓപ്പറേഷന്‍ ബ്രഹ്മ; തുണയായി ഇന്ത്യ ന്മ മ്യാന്‍മറിനു സഹായമെത്തിക്കാന്‍ 'ഓപ്പറേഷന്‍ ബ്രഹ്മ'യുമായി ഇന്ത്യ. ദേശീയ ദുരന്ത നിവാരണ സേനയിലെ 80 അംഗങ്ങളെയും കരസേനയുടെ ഫീല്‍ഡ് ഹോസ്പിറ്റല്‍ യൂണിറ്റിലെ 118 പേരെയും മ്യാന്‍മറിലേക്ക് അയച്ചു.
ആദ്യഘട്ടത്തില്‍ 15 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ യാങ്കൂണിലെത്തിച്ചു. പുതപ്പുകള്‍, വാട്ടര്‍ പ്യൂരിഫയര്‍, ഭക്ഷ്യവസ്തുക്കള്‍, സൗര വിളക്കുകള്‍, മരുന്നുകള്‍ തുടങ്ങിയവയാണ് ഇതിലുള്ളത്. സഹായവുമായി കൂടുതല്‍ വിമാനങ്ങള്‍ വൈകാതെ പുറപ്പെടും. സൈനിക തലവന്‍ മിന്‍ ഓങ് ലെയ്ങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണില്‍ സംസാരിച്ചു. ഇന്ത്യയ്ക്കു പുറമേ ചൈനയുടെയും റഷ്യയുടെയും വിദഗ്ധസംഘം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട്.