രാജ്യം കൊടും പട്ടിണിയുടെ പിടിയില്‍, ആനകളെ കൊന്നുതിന്നാന്‍ നമീബിയ

എല്‍ നിനോ പ്രതിഭാസം വിതച്ച വരള്‍ച്ചയാണ് പട്ടിണിക്കു കാരണം. കൊടും  വരള്‍ച്ച തെക്കന്‍ ആഫ്രിക്കയിലെ 30 ദശലക്ഷം ജനങ്ങളെ ബാധിച്ചതായാണ് ജൂണില്‍ യുഎന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്.  

author-image
Rajesh T L
New Update
namibia
Listen to this article
0.75x 1x 1.5x
00:00 / 00:00

രാജ്യം കൊടും പട്ടിണിയുടെ പിടിയിലായതോടെ വന്യമൃഗങ്ങളെ കൊന്നുതിന്ന് ജീവന്‍ നിലനിര്‍ത്താന്‍ ആഫ്രിക്കന്‍ രാജ്യമായ നമീബിയ. ഈ നൂറ്റാണ്ടിലെ ഏറ്റവും കഠിനമായ പട്ടിണിയാണ് രാജ്യത്തെ പിടിമുറുക്കിയത്. 1.4 ദശലക്ഷം വരുന്ന ജനസഖ്യയുടെ പകുതിയോളം ദാരിദ്ര്യത്തിലാണ്. തുടര്‍ന്നാണ് 83 ആനകള്‍ ഉള്‍പ്പെടെ 723 വന്യമൃഗങ്ങളെ കശാപ്പ് ചെയ്ത് ജനങ്ങളുടെ പട്ടിണി മാറ്റാന്‍ ഭരണകൂടം തീരുമാനിച്ചത്.

ആനകള്‍ക്കു പുറമെ 300, സീബ്രകള്‍, 30 ഹിപ്പോകള്‍, ആഫ്രിക്കയില്‍ കാണപ്പെടുന്ന 50 ഇംപാല എന്ന മാനുകള്‍, 60 കാട്ടുപോത്തുകള്‍, 100 ദക്ഷിണാഫ്രിക്കന്‍ മാനുകള്‍ എന്നിവയെയാണ് ഭക്ഷണത്തിനായി കശാപ്പ് ചെയ്യുന്നത്. 

രാജ്യത്തെ ഭരണഘടന അനുസരിച്ച് നമീബിയന്‍ പൗരന്മാര്‍ക്കു വേണ്ടി പ്രകൃതി സ്രോതസ്സുകളെ ഉപയോഗിക്കാമെന്നും ജനങ്ങളുടെ ജീവന്‍ നിലനിര്‍ത്താന്‍ ഇതല്ലാതെ മറ്റു മാര്‍ഗ്ഗമില്ലെന്നുമാണ്  രാജ്യത്തെ വനം, പരിസ്ഥിതി, വിനോദസഞ്ചാര വകുപ്പിന്റെ വിശദീകരണം. എല്‍ നിനോ പ്രതിഭാസം വിതച്ച വരള്‍ച്ചയാണ് പട്ടിണിക്കു കാരണം. കൊടും  വരള്‍ച്ച തെക്കന്‍ ആഫ്രിക്കയിലെ 30 ദശലക്ഷം ജനങ്ങളെ ബാധിച്ചതായാണ് ജൂണില്‍ യുഎന്‍ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ റിപ്പോര്‍ട്ട്.  

'ഭക്ഷണമില്ല, മനുഷ്യര്‍ക്കും മൃഗങ്ങള്‍ക്കും' രാജ്യം നേരിടുന്ന പ്രതിസന്ധിയെ നമീബിയയിലെ വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഡയറക്ടര്‍ ജൂലിയാനെ സെയ്ഡ്‌ലര്‍ വിവരിക്കുന്നത് ഇങ്ങനെയാണ്. ഭക്ഷണത്തിനായി മാത്രമല്ല വന്യമൃഗങ്ങളെ കശാപ്പ് ചെയ്യുന്നത്. വരള്‍ച്ച രൂക്ഷമാകുന്നതോടെ ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടി മൃഗങ്ങള്‍ അലയുന്നതോടെ, മനുഷ്യരെ വന്യമൃഗങ്ങള്‍ ആക്രമിക്കാനുള്ള സാധ്യത കൂടും. ഇതൊഴിവാക്കാന്‍ കൂടിയാണ് വന്യമൃഗങ്ങളെ കൊന്നൊടുക്കുന്നത്. രാജ്യത്തെ 84 ശതമാനം ഭക്ഷണ സ്രോതസ്സും ഉപയോഗിച്ച് കഴിഞ്ഞതോടെ, നമീബിയയിലെ അവസ്ഥ അതീവ ഗുരുതരമാണെന്ന് യുഎന്‍ പറയുന്നു.

 

 

Namibia food Wild Animals world drought