പ്രധാനമന്ത്രി മോദി ദക്ഷിണാഫ്രിക്കയില്‍; ജി20 ഉച്ചകോടിക്ക് തുടക്കം

ജി20 കൂട്ടായ്മയുടെ ഉച്ചകോടിയില്‍, ആഗോളതലത്തില്‍ 'ഗ്ലോബല്‍ സൗത്ത്' രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇന്ത്യ സജീവ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി മോദി സംസാരിക്കും

author-image
Biju
New Update
modi

ജോഹന്നാസ്ബര്‍ഗ് : ജി20 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ എത്തി. 23 വരെ നടക്കുന്ന ഉച്ചകോടിയില്‍ ലോക നേതാക്കളോടൊപ്പം ആഗോള പ്രാധാന്യമുള്ള വിഷയങ്ങള്‍ പ്രധാനമന്ത്രി ചര്‍ച്ച ചെയ്യും. 

ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന ആദ്യത്തെ ജി20 ഉച്ചകോടിയാണിത്. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്ന ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമായി, സമഗ്രവും സുസ്ഥിരവുമായ സാമ്പത്തിക വളര്‍ച്ച, കാലാവസ്ഥാ മാറ്റം, ഭക്ഷ്യസുരക്ഷ, എഐയുടെ പങ്ക് തുടങ്ങിയ വിഷയങ്ങളിലെ ഇന്ത്യയുടെ നിലപാടുകള്‍ മോദി ഉച്ചകോടിയില്‍ അവതരിപ്പിക്കും.

ജി20 കൂട്ടായ്മയുടെ ഉച്ചകോടിയില്‍, ആഗോളതലത്തില്‍ 'ഗ്ലോബല്‍ സൗത്ത്' രാജ്യങ്ങള്‍ നേരിടുന്ന വെല്ലുവിളികള്‍ക്ക് പരിഹാരം കാണുന്നതില്‍ ഇന്ത്യ സജീവ പങ്ക് വഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചകോടിയുടെ മൂന്ന് സെഷനുകളിലും പ്രധാനമന്ത്രി മോദി സംസാരിക്കും. 

കൂടാതെ, ഉച്ചകോടിക്ക് ഇടയില്‍ നടക്കുന്ന ഇന്ത്യ-ബ്രസീല്‍-ദക്ഷിണാഫ്രിക്ക നേതാക്കളുടെ യോഗത്തിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. വിവിധ രാജ്യങ്ങളുടെ നേതാക്കളുമായി ഉഭയകക്ഷി കൂടിക്കാഴ്ചകള്‍ നടത്താനും പ്രധാനമന്ത്രിക്ക് പരിപാടിയുണ്ട്.

ജി20 ഉച്ചകോടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പങ്കെടുക്കില്ലെന്ന് അറിയിച്ച പശ്ചാത്തലത്തില്‍, നരേന്ദ്ര മോദി, ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ് തുടങ്ങിയ നേതാക്കളുടെ സാന്നിധ്യം ഈ ഉച്ചകോടിയുടെ ശ്രദ്ധാ കേന്ദ്രമാകും.