മോദി- ഷി കൂടിക്കാഴ്ച പുരോഗമിക്കുന്നു; ഉറ്റുനോക്കി ലോകം

40 മിനിറ്റ് നീളുന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതു ചര്‍ച്ചയായേക്കും. യുഎസ് ഉയര്‍ത്തിയ തീരുവ ഭീഷണി നേരിട്ട് നേതാക്കള്‍ ചര്‍ച്ച ചെയ്യുമോയെന്നും ലോകം ഉറ്റുനോക്കുന്നു.

author-image
Biju
New Update
modi

ടിയാന്‍ജിന്‍: ഷാങ്ഹായ് സഹകരണ കൗണ്‍സില്‍ (എസ്സിഒ) ഉച്ചകോടിക്കായി ചൈനയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തും. ഇന്ത്യന്‍ സമയം രാവിലെ 9.30നാണ് കൂടിക്കാഴ്ച. 

40 മിനിറ്റ് നീളുന്ന കൂടിക്കാഴ്ചയില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരബന്ധം ശക്തമാക്കുന്നതു ചര്‍ച്ചയായേക്കും. യുഎസ് ഉയര്‍ത്തിയ തീരുവ ഭീഷണി നേരിട്ട് നേതാക്കള്‍ ചര്‍ച്ച ചെയ്യുമോയെന്നും ലോകം ഉറ്റുനോക്കുന്നു. 

ഇന്ത്യയില്‍ നിന്നുള്ള ഇറക്കുമതിക്ക് യുഎസ് 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ ചൈനയും റഷ്യയുമായുള്ള ബന്ധം ശക്തമാക്കാന്‍ ഇന്ത്യ ശ്രമം തുടങ്ങിയിരുന്നു. ചൈനയ്ക്കുള്ള തീരുവയും യുഎസ് വര്‍ധിപ്പിച്ചിട്ടുണ്ട്. 

വ്യാപാര വിഷയങ്ങള്‍ കൂടാതെ അരുണാചല്‍ പ്രദേശ് ഉള്‍പ്പെടെയുള്ള മേഖലകളില്‍ നിലനില്‍ക്കുന്ന അതിര്‍ത്തി തര്‍ക്കം, അതിര്‍ത്തി സുരക്ഷ, അടിസ്ഥാന സൗകര്യ വികസനം, ഇന്ത്യയിലേക്ക് യന്ത്രഭാഗങ്ങളും ചിപ്പ് നിര്‍മാണ വസ്തുക്കളും കയറ്റുമതി ചെയ്യുന്നതില്‍ ചൈന ഏര്‍പ്പെടുത്തിയ വിലക്ക് എന്നിവയും മോദി ചര്‍ച്ചയില്‍ ഉന്നയിച്ചേക്കും. ഇന്തോപസഫിക്കിലെ ചൈനീസ് വിരുദ്ധ നീക്കങ്ങള്‍, ദലൈലാമ വിഷയം എന്നിവ ഷിയും ഉയര്‍ത്താന്‍ സാധ്യതയുണ്ട്.

ഏഴു വര്‍ഷത്തിനിടെ ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലെത്തുന്നത്. ഷി ചിന്‍പിങ്ങുമായി 10 മാസത്തിനിടെ നടത്തുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയും. നേരത്തെ റഷ്യയിലെ കസാനില്‍ നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഇരുനേതാക്കളും ചര്‍ച്ച നടത്തിയിരുന്നു.

india china relation