/kalakaumudi/media/media_files/2026/02/25/modi-and-netanyahu-2026-02-25-07-56-59.jpg)
ടെല്‍അവീവ്: പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്ന് ഇസ്രയേലില്‍ എത്തും. പ്രതിരോധം, സുരക്ഷ, തൊഴില്‍, വാണിജ്യം, എഐ, സാങ്കേതിക വിദ്യ, കൃഷി തുടങ്ങിയ വിവിധ മേഖലകളില്‍ സഹകരണം മെച്ചപ്പെടുത്താനുള്ള ധാരണാപത്രം ഒപ്പിടും. പ്രതിരോധരംഗത്തു കൂടുതല്‍ സഹകരണത്തിനുള്ള തീരുമാനമുണ്ടാകുമെന്നാണു വിദേശകാര്യ മന്ത്രാലയം വൃത്തങ്ങള്‍ നല്‍കുന്ന വിവരം. കേന്ദ്ര പ്രതിരോധ സെക്രട്ടറി ആര്‍.കെ. സിങ് നവംബറില്‍ ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നു. ഇസ്രയേല്‍ സേനയുടെ കരുത്തായ അയേണ്‍ ഡോം വാങ്ങുന്നതിനുള്ള പദ്ധതി ഇന്ത്യയ്ക്കുണ്ട്.
''ഇന്ത്യ - ഇസ്രായേല്‍ പങ്കാളിത്തത്തിലൂടെ കൈവരിച്ച സുപ്രധാന പുരോഗതി ഇരുനേതാക്കളും അവലോകനം ചെയ്യും. കൂടാതെ ശാസ്ത്ര സാങ്കേതിക വിദ്യ, നവീകരണം, പ്രതിരോധം, സുരക്ഷ, കൃഷി, വ്യാപാരം, സമ്പദ്വ്യവസ്ഥ, എന്നിവയുള്‍പ്പെടെ സഹകരണത്തിന്റെ വിവിധ മേഖലകളിലെ കൂടുതല്‍ അവസരങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യും,' വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ആഗോള വിഷയങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദീര്‍ഘദൂര മിസൈലുകളെ പ്രതിരോധിക്കാനുള്ള ഇസ്രയേലിന്റെ ആരോ, മധ്യദൂര മിസൈല്‍ പ്രതിരോധത്തിനുള്ള ഡേവിഡ്‌സ് സ്ലിങ് എന്നിവയും ഇന്ത്യയുടെ പരിഗണനയിലുണ്ട്. ഇന്ത്യഇസ്രയേല്‍ സ്വതന്ത്രവ്യാപാരക്കരാറിനുള്ള ആദ്യഘട്ട ചര്‍ച്ചയും കഴിഞ്ഞ ദിവസം ആരംഭിച്ചു. നാളെ സമാപിക്കും. 2017ലാണ് നരേന്ദ്ര മോദി ഇസ്രയേല്‍ ആദ്യമായി സന്ദര്‍ശിച്ചത്. 9 വര്‍ഷത്തിനു ശേഷം പ്രധാനമന്ത്രി വീണ്ടും ഇസ്രയേല്‍ സന്ദര്‍ശിക്കുമ്പോള്‍ അതിനു തിരഞ്ഞെടുത്ത സമയം വിമര്‍ശനത്തിനു കാരണമായിട്ടുണ്ട്. യുഎസ് ആക്രമണം ഉണ്ടായേക്കുമെന്ന ആശങ്കയില്‍ ഇറാനില്‍ നിന്ന് ഇന്ത്യക്കാരോടു മടങ്ങാന്‍ നിര്‍ദേശിക്കുന്ന സമയത്താണു പ്രധാനമന്ത്രിയുടെ സന്ദര്‍ശനമെന്നാണു കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ലമെന്ററി സമിതി യോഗത്തില്‍ ചില അംഗങ്ങള്‍ വിമര്‍ശനം ഉയര്‍ത്തിയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)

