'ഇവിടെ ധാരാളം മലയാളികളുണ്ട്, സുഖമാണോ?': ഒമാനില്‍ മലയാളത്തില്‍ സംസാരിച്ച് പ്രധാനമന്ത്രി

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ മദീനത്തുല്‍ ഇര്‍ഫാന്‍ തിയറ്ററിലാണ് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്

author-image
Biju
New Update
modi oman

മസ്‌കറ്റ്: ഒമാനില്‍ മലയാളത്തില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒമാനിലെ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴാണ് 'സുഖമാണോ' എന്ന മോദിയുടെ ചോദ്യം. സദസ്സില്‍ ധാരാളം മലയാളികളുണ്ടെന്നു പറഞ്ഞ ശേഷമായിരുന്നു സുഖമാണോ എന്നു പ്രധാനമന്ത്രി ചോദിച്ചത്. മലയാളികള്‍ മാത്രമല്ല തമിഴ്, തെലുങ്ക്, കന്നട, ഗുജറാത്തി ഭാഷകള്‍ സംസാരിക്കുന്നവരും ഇവിടെയുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന്റെ എഴുപതാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശനം. ഒമാന്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്‌സിബിഷന്‍ സെന്ററിലെ മദീനത്തുല്‍ ഇര്‍ഫാന്‍ തിയറ്ററിലാണ് മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുകയാണ്. 

ഇരു രാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക സഹകരണ കരാറാണ് കൂടിക്കാഴ്ചയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്. പ്രതിരോധം, വാണിജ്യം, സംസ്‌കാരം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്ന ചര്‍ച്ചകളും കരാറുകളും കൂടിക്കാഴ്ചയിലുണ്ടാകും. ഒമാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി വൈകിട്ടോടെ പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും.