ഭയാനകം! മില്‍ട്ടണ്‍ കൊടുങ്കാറ്റിന്റെ ബഹിരാകാശ ദൃശ്യം പങ്കുവെച്ച് നാസയുടെ സഞ്ചാരി

മെക്‌സിക്കന്‍ തീരത്തിന് മുകളില്‍ അതിശക്തമായ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ മേഘങ്ങള്‍ വീഡിയോയില്‍ കാണാം.

author-image
Vishnupriya
New Update
ar

പടിഞ്ഞാറന്‍ ഫ്‌ളോറിഡയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെ കരതൊട്ട അതിശക്തമായ കൊടുങ്കാറ്റായ മില്‍ട്ടണ്‍ വളരെ വലിയ നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയത് . യുഎസിന്റെ ചരിത്രത്തിലെ അതിശക്തമായ കൊടുങ്കാറ്റുകളിലൊന്നാണ് മില്‍ട്ടണ്‍. ഇപ്പോഴിതാ കൊടുങ്കാറ്റിന്റെ, ബഹിരാകാശ നിലയത്തില്‍ നിന്നുള്ള ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് നാസയുടെ ബഹിരാകാശ സഞ്ചാരിയായ മാത്യൂ ഡൊമിനിക്.

മെക്‌സിക്കന്‍ തീരത്തിന് മുകളില്‍ അതിശക്തമായ കൊടുങ്കാറ്റിന്റെ ഫലമായുണ്ടായ മേഘങ്ങള്‍ വീഡിയോയില്‍ കാണാം. മാര്‍ച്ചിലാണ് ക്രൂ ഡ്രാഗണ്‍ എന്‍ഡവര്‍ പേടകത്തില്‍ ഡൊമിനിക്, മൈക്കല്‍ ബാരറ്റ്, ജീനെറ്റ് എപ്‌സ് റഷ്യന്‍ സഞ്ചാരിയായ അലക്‌സാണ്ടര്‍ ഗ്രെബെന്‍കിന്‍ എന്നിവര്‍ നിലയത്തിലെത്തിയത്.

ഒക്ടോബര്‍ ഏഴിനാണ് ഇവരുടെ തിരിച്ചുവരവ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മില്‍ട്ടണ്‍ കൊടുങ്കാറ്റിനെ തുടര്‍ന്ന് അത് മാറ്റിവെക്കുകയായിരുന്നു. ഒക്ടോബര്‍ 13 നാണ് പുതുക്കിയ തീയ്യതി.

കാറ്റഗറി 5 ല്‍ ഉള്‍പ്പെടുന്ന അതിശക്തമായ കൊടുങ്കാറ്റാണ് മില്‍ട്ടണ്‍. അതിവേഗം ശക്തിയാര്‍ജിച്ചുകൊണ്ടിരുന്ന കൊടുങ്കാറ്റ് ബുധനാഴ്ചയാണ് ഫ്ളോറിഡയുടെ പടിഞ്ഞാറന്‍ തീരത്ത് കരതൊട്ടത്. ദിവസങ്ങളായി അതിശക്തമായ കാറ്റും ചുഴലിക്കാറ്റുകളും പ്രദേശത്തെ ബാധിച്ചിട്ടുണ്ട്. കനത്തമഴയില്‍ പലയിടങ്ങളിലും വെള്ളം കയറുകയും കാറ്റില്‍ വന്‍ നാശനഷ്ടമുണ്ടാവുകയും ചെയ്തു. പ്രദേശത്തെ ആളുകളെയെല്ലാം ഒഴിപ്പിക്കുകയും ചെയ്തിരുന്നു.

Hurricane Milton florida america nasa