/kalakaumudi/media/media_files/2026/02/17/artemis-2026-02-17-10-17-01.jpg)
ഫ്‌ളോറിഡ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യനെ ചന്ദ്രനിലേക്ക് മനുഷ്യനെ എത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതി ആര്‍ട്ടെമിസ് 2 വിക്ഷേപണത്തിന് സജ്ജമാകുന്നു. അമേരിക്കയിലെ ഫ്‌ളോറിഡയില്‍ അനുഭവപ്പെടുന്ന കഠിനമായ അതിശൈത്യം വിക്ഷേപണ ഒരുക്കങ്ങള്‍ക്ക് ചെറിയ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെങ്കിലും, ഫെബ്രുവരി മാസത്തില്‍ തന്നെ ദൗത്യം ചരിത്രം കുറിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ശാസ്ത്രലോകം.
വിക്ഷേപണത്തിന് മുന്നോടിയായുള്ള ഏറ്റവും പ്രധാനപ്പെട്ട പരീക്ഷണമായ വെറ്റ് ഡ്രസ് റിഹേഴ്‌സല്‍ ഫെബ്രുവരി 19-ന് നടക്കും. 322 അടി -98 മീറ്റര്‍ ഉയരമുള്ള വമ്പന്‍ എസ്എല്‍എസ് റോക്കറ്റില്‍ അതിശീതീകരിച്ച ദ്രാവക ഇന്ധനം നിറച്ചുള്ള പരിശോധനയാണിത്.കഴിഞ്ഞ തവണ റിഹേഴ്‌സല്‍ നടത്തിയപ്പോള്‍ ഹൈഡ്രജന്‍ ചോര്‍ച്ച ഉള്‍പ്പെടെയുള്ള ഗുരുതരമായ സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയിരുന്നു. ഇത് പരിഹരിച്ച ശേഷമാണ് പുതിയ പരിശോധനയ്ക്ക് നാസ ഒരുങ്ങുന്നത്. ഈ റിഹേഴ്‌സല്‍ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ അന്തിമ വിക്ഷേപണ തീയതി നാസ ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ.ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്റര്‍ പരിസരത്ത് അനുഭവപ്പെടുന്ന കഠിനമായ മഞ്ഞുവീഴ്ചയും തണുപ്പും കാരണം വിക്ഷേപണം നിശ്ചയിച്ചതിനേക്കാള്‍ രണ്ട് ദിവസം കൂടി വൈകുമെന്ന് നാസ അറിയിച്ചിരുന്നു.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രനിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണിത്. പത്ത് ദിവസം നീളുന്ന യാത്രയില്‍ ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് മടങ്ങുകയാണ് ലക്ഷ്യം. റീഡ് വൈസ്മാന്‍ - ദൗത്യ കമാന്‍ഡര്‍, വിക്ടര്‍ ഗ്ലോവര്‍ - പൈലറ്റ്, ക്രിസ്റ്റീന കോച്ച് - മിഷന്‍ സ്‌പെഷ്യലിസ്റ്റ്, ജെറമി ഹാന്‍സെണ്‍ (കനേഡിയന്‍ സ്‌പേസ് ഏജന്‍സി) - മിഷന്‍ സ്‌പെഷ്യലിസ്റ്റ് എന്നിവരാണ് ദൗത്യ സംഘാംഗങ്ങള്‍. നിലവില്‍ ഹൂസ്റ്റണില്‍ ക്വാറണ്ടൈനില്‍ കഴിയുന്ന ഇവര്‍ ഉടന്‍ തന്നെ ഫ്‌ലോറിഡയിലെത്തും. ഇവരെ വഹിക്കുന്ന ഒറൈയോണ്‍ പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങില്ലെങ്കിലും, ചന്ദ്രന്റെ ഭ്രമണപഥത്തില്‍ മനുഷ്യസാന്നിധ്യം ഉറപ്പാക്കുന്നത് ഭാവിയിലെ ചൊവ്വാ ദൗത്യങ്ങള്‍ക്കും ആര്‍ട്ടെമിസ് 3-നും വലിയ ഊര്‍ജ്ജമാകും.
മനുഷ്യന്‍ ആദ്യമായി ചന്ദ്രനില്‍ ഇറങ്ങിയ അപ്പോളോ ദൗത്യങ്ങള്‍ക്കും സ്‌പേസ് ഷട്ടിലുകള്‍ക്കും വേദിയായ കെന്നഡി സ്‌പേസ് സെന്ററിലെ 39 ബി ലോഞ്ച് പാഡില്‍ നിന്നാണ് എസ്എല്‍എസ് റോക്കറ്റ് കുതിച്ചുയരുക. 2022-ല്‍ നടന്ന ആര്‍ട്ടെമിസ് 1 ദൗത്യം വിജയകരമായതിനെത്തുടര്‍ന്നാണ് മനുഷ്യനെ അയക്കാനുള്ള രണ്ടാമത്തെ ദൗത്യം ഇപ്പോള്‍ നടപ്പിലാക്കുന്നത്. 2027-ലോ 2028-ലോ നടക്കുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിലൂടെയാകും മനുഷ്യന്‍ വീണ്ടും ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തുക.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
