/kalakaumudi/media/media_files/2025/03/13/ejOhK8FpCko8Rdt9ryhQ.jpg)
വാഷിങ്ടന്‍ : മാസങ്ങളോളമായി രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിത വില്യംസ്, ബുച്ച് വില്‍മോര്‍ എന്നിവരെ മടക്കിയെത്തിക്കാനുള്ള നാസ സ്‌പേസ്എക്‌സ് ദൗത്യം മുടങ്ങി.
സ്‌പേസ് എക്‌സിന്റെ ക്രൂ 10 ദൗത്യമാണ് വിക്ഷേപിക്കുന്നതിന് മുമ്പ് സാങ്കേതിക തടസ്സത്താല്‍ നിര്‍ത്തിയത്. പുതിയ വിക്ഷേപണത്തീയതി പ്രഖ്യാപിച്ചിട്ടില്ല. ബഹിരാകാശ സഞ്ചാരികളായ സുനിതയും വില്‍മോറും 16ന് മടങ്ങിയെത്താനുള്ള സാധ്യത ഇതോടെ മങ്ങി.
ഒന്‍പതു മാസത്തോളമായി ബഹിരാകാശനിലയത്തില്‍ തുടരുന്ന ഇരുവരെയും തിരികെയെത്തിക്കാന്‍ നാസയും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും ചേര്‍ന്നുള്ള ദൗത്യമാണു ക്രൂ10. പകരക്കാരായ സംഘം ക്രൂ 10ല്‍ ബഹിരാകാശ നിലയത്തില്‍ എത്തിയാലാണ് ഇരുവര്‍ക്കും മടങ്ങാനാവുക.
നാസയുടെ കെന്നഡി സ്പേസ് സെന്ററില്‍നിന്നാണു ഫാല്‍ക്കണ്‍ റോക്കറ്റ് വിക്ഷേപിക്കാന്‍ തയാറെടുത്തിരുന്നത്. ഇതിന്റെ തത്സമയ വിഡിയോ സംപ്രേഷണവും ഒരുക്കിയിരുന്നു. വിക്ഷേപണത്തിന് 4 മണിക്കൂര്‍ മുന്‍പാണു ഹൈഡ്രോളിക് സിസ്റ്റത്തില്‍ പ്രശ്നങ്ങളുണ്ടെന്ന് എന്‍ജിനീയര്‍മാര്‍ കണ്ടെത്തിയിരിക്കുകയാണ്.
പുതിയ വിക്ഷേപണ തീയതി ഔദ്യോഗികമായി സ്‌പേസ്എക്‌സ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും വ്യാഴാഴ്ച രാത്രിയോടെ അടുത്ത ശ്രമം നടക്കുമെന്നു റിപ്പോര്‍ട്ടുണ്ട്. ബോയിങ്ങിന്റെ പുതിയ സ്റ്റാര്‍ലൈനര്‍ കാപ്സ്യൂളില്‍ തകരാറുകള്‍ സംഭവിച്ചതോടെയാണു സുനിതയും ബുച്ച് വില്‍മോറും നിലയത്തില്‍ കുടുങ്ങിയത്.