/kalakaumudi/media/media_files/2026/02/23/nepal-bus-2026-02-23-09-54-25.jpg)
കാഠ്മണ്ഡു:നേപ്പാളില്‍ ബസ് പുഴയിലേക്ക് മറിഞ്ഞ് 18 പേര്‍ മരിച്ചു. പൊഖാറയില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. പുലര്‍ച്ചെ 1:15-ഓടെ ബെനിഘട്ട് റോറങ് മുന്‍സിപ്പാലിറ്റിയിലെ ചരൗണ്ടിക്ക് സമീപം ചിനധാര എന്ന സ്ഥലത്തുവെച്ചാണ് ബസ് ത്രിശൂലി നദിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ 18 പേര്‍ മരിച്ചതായി ജില്ലാ ട്രാഫിക് പൊലീസ് ഓഫീസ് ചീഫ് ശിശിര്‍ ഥാപ്പ സ്ഥിരീകരിച്ചു.
പരിക്കേറ്റ 25 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി ഹൈവേ റെസ്‌ക്യൂ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ രാജ്കുമാര്‍ താകുരി അറിയിച്ചു. അപകടസമയത്ത് ബസില്‍ 35-ല്‍ അധികം യാത്രക്കാരുണ്ടായിരുന്നു. നേപ്പാള്‍ സൈന്യം, സായുധ പൊലീസ് സേന, നേപ്പാള്‍ പൊലീസ് എന്നിവര്‍ക്കൊപ്പം നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെ ദുഷ്‌കരമായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. അപകടത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. വിദേശ വിനോദ സഞ്ചാരികള്‍ അടക്കമുള്ളവരാണ് അപകടത്തില്‍പ്പെട്ട ബസില്‍ ഉണ്ടായിരുന്നത്.
മരിച്ചവരുടെ മൃതദേഹങ്ങള്‍ ഗജൌരി ആശുപത്രിയിലേക്ക് പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റിയിട്ടുണ്ട്. ഞായറാഴ്ച രാത്രി 7 മണിയോടെയാണ് അപകടത്തില്‍പ്പെട്ട ടൂറിസ്റ്റ് ബസ് പൊഖാറയില്‍ നിന്ന് പുറപ്പെട്ടത്. പ്രിഥ്വി രാജ്മാര്‍ഗ് ബസ് സഞ്ചാലക് കമ്പനിയുടെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസ് ഉടമയായിരുന്ന ഓം കുമാര്‍ ശ്രേഷ്ഠ അപകട സമയത്ത് ബസിലുണ്ടായിരുന്നു. അപകടത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായാണ് വിവരം. ബസിന്റെ ഡ്രൈവറെ കാണാതായിട്ടുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
