/kalakaumudi/media/media_files/2025/09/10/np-2025-09-10-14-47-40.jpg)
കാഠ്മണ്ഡു : അരാജകത്വത്തിന്റെയും ആക്രമണങ്ങളുടെയും ദിവസങ്ങള്‍ നീണ്ട പരമ്പരയ്ക്കു ശേഷം നേപ്പാളിന്റെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുത്ത് സൈന്യം. രാജ്യവ്യാപക കര്‍ഫ്യൂ പ്രഖ്യാപിച്ചു. കൊള്ളയ്ക്കും അക്രമത്തിനും എതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നേപ്പാള്‍ സൈന്യം പ്രതിഷേധക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.
കെ പി ശര്‍മ്മ ഒലി സര്‍ക്കാരിനെ അട്ടിമറിച്ച രാജ്യവ്യാപകമായ പ്രതിഷേധങ്ങളെത്തുടര്‍ന്നാണ് രാജ്യത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുന്നത്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുവരെ രാജ്യത്ത് സമാധാനം ഉറപ്പാക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുന്നതായി നേപ്പാള്‍ സൈന്യം പ്രഖ്യാപിച്ചു. പ്രതിഷേധക്കാരോട് സമാധാനപരമായ പരിഹാരത്തിനായി ചര്‍ച്ചകള്‍ നടത്താന്‍ ആര്‍മി ചീഫ് ജനറല്‍ അശോക് രാജ് സിഗ്‌ഡേല്‍ ആവശ്യപ്പെട്ടു.
അരാജകത്വ മനോഭാവമുള്ള വ്യക്തികളും ഗ്രൂപ്പുകളും പ്രതിഷേധങ്ങളില്‍ നുഴഞ്ഞുകയറുകയും, നശീകരണ ശ്രമങ്ങള്‍, തീവയ്പ്പ്, കൊള്ള, ആക്രമണങ്ങള്‍, ലൈംഗികാതിക്രമങ്ങള്‍ എന്നിവ നടത്തുകയും ചെയ്യുന്നുണ്ടെന്ന് നേപ്പാള്‍ സൈന്യം അറിയിച്ചു.
കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ എല്ലാവരും സഹകരിക്കണമെന്ന് രാജ്യത്തെ ജനങ്ങളോട് സൈന്യം ആവശ്യപ്പെട്ടിട്ടുണ്ട്. നേപ്പാളിന്റെ ചരിത്രപരവും ദേശീയവുമായ പൈതൃകം, പൊതു, സ്വകാര്യ സ്വത്ത് എന്നിവ സംരക്ഷിക്കുകയും, പൊതുജനങ്ങളുടെയും നയതന്ത്ര ദൗത്യങ്ങളുടെയും സുരക്ഷ ഉറപ്പാക്കുകയും ചെയ്യും എന്ന് സൈനിക മേധാവി പ്രഖ്യാപിച്ചു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
