കലാപത്തിനിടെ നേപ്പാള്‍ ജയിലില്‍ നിന്ന് രക്ഷപ്പെട്ടത് 1500ലേറെ തടവുകാര്‍

രാത്രി 7 മണിയോടെ അഞ്ഞൂറിലധികം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ ജയിലിലേക്ക് എത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തടവുകാരുടെ കൈവശം അടുക്കള ഉപകരണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

author-image
Biju
New Update
NP 4

കഠ്മണ്ഡു: പാര്‍ലമെന്റ് മന്ദിരവും സുപ്രീം കോടതിയും തീയിട്ട നേപ്പാള്‍ പ്രക്ഷോഭത്തിനിടെ ജയില്‍ ചാടിയത് 1500ലേറെ പേരെന്ന് വിവരം. മഹോട്ടാരിയിലെ ജലേശ്വര്‍ ജയിലില്‍ നിന്ന് പ്രതിഷേധക്കാരും തടവുകാരും ഒരുമിച്ചു ജയിലിന്റെ മതില്‍ തകര്‍ത്തതിനെ തുടര്‍ന്ന് 572 തടവുകാര്‍ രക്ഷപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

രാത്രി 7 മണിയോടെ അഞ്ഞൂറിലധികം പേര്‍ വരുന്ന പ്രതിഷേധക്കാര്‍ ജയിലിലേക്ക് എത്തിയപ്പോഴാണ് ഇത് സംഭവിച്ചതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. തടവുകാരുടെ കൈവശം അടുക്കള ഉപകരണങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ പ്രതിഷേധക്കാരുടെ കൈവശം മറ്റ് ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 

കഠ്മണ്ഡുവിലെ ബിര്‍ഗുഞ്ച് ജയിലിലും സര്‍ലാഹി ജില്ലയിലെ മലങ്വ ജയിലിലും ചൊവ്വാഴ്ചയും ബുധനാഴ്ച പുലര്‍ച്ചെയും പ്രതിഷേധക്കാര്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമം നടത്തി. ബിര്‍ഗുഞ്ച് ജയിലിന്റെ സുരക്ഷ സൈന്യം ഏറ്റെടുത്തതായി റിപ്പോര്‍ട്ടുണ്ട്. പൊലീസുമായുള്ള രൂക്ഷമായ ഏറ്റുമുട്ടലില്‍ പ്രതിഷേധക്കാര്‍ മലങ്വ ജയില്‍ കത്തിച്ചുവെന്നും രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

മുന്‍മന്ത്രി സഞ്ജയ് കുമാര്‍ സാഹ്, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടി പ്രസിഡന്റ് റാബി ലാമിച്ഛാനെ തുടങ്ങിയവരും ജയിലില്‍നിന്ന് രക്ഷപ്പെട്ടവരില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 13 വര്‍ഷമായി തടവുശിക്ഷ അനുഭവിക്കുകയാണ് സഞ്ജയ് കുമാര്‍ സാഹ്. 2012 ല്‍ നടന്ന ബോംബ് സ്ഫോടനക്കേസിലാണ് ഇദ്ദേഹത്തെ ജീവപര്യന്തം തടവിനു ശിക്ഷിച്ചത്. 

റേഡിയോ ടുഡേയുടെ ഉടമയായ അരുണ്‍ സിംഘാനിയയെ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. സഹകരണ ഫണ്ട് തട്ടിപ്പ് കേസിലാണ് റാബി ലാമിച്ഛ അറസ്റ്റിലായത്. കലാപത്തിനിടെ ജയില്‍ ചാടിയ 5 പേരെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ നിന്നും പിടികൂടിയെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 

ലളിത്പുരിലെ നാഖു ജയിലില്‍ എത്തിയ പ്രക്ഷോഭകാരികള്‍ ജയിലിനുള്ളില്‍ ആക്രമണം നടത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പിന്നാലെ സെല്ലുകള്‍ തകര്‍ത്ത ഇവര്‍ തടവുകാരെ പുറത്തുവിടുകയായിരുന്നു. മറ്റുചില തടവുകാര്‍ അവസരം മുതലെടുത്ത് സ്വയം സെല്ലുകള്‍ തകര്‍ത്ത് പുറത്തിറങ്ങി. 

ജയിലുകളിലെ രേഖകളടക്കം പ്രക്ഷോഭകാരികള്‍ തീയിട്ട് നശിപ്പിച്ചു. പൊലീസും ജയില്‍ അധികൃതരും സംഭവസ്ഥലത്ത് ഉണ്ടായിരുന്നെങ്കിലും നോക്കിനില്‍ക്കാന്‍ മാത്രമേ സാധിച്ചുള്ളൂ.

nepal