നേപ്പാള്‍ പ്രക്ഷോഭം ഫലംകണ്ടു; സമൂഹ മാധ്യമ നിരോധനം പിന്‍വലിച്ച് സര്‍ക്കാര്‍

യൂണിഫോമണിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആയിരങ്ങള്‍ കഠ്മണ്ഡുവില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ച് കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. പ്രക്ഷോഭം നേരിടാന്‍ കഠ്മണ്ഡുവില്‍ സൈന്യമിറങ്ങി

author-image
Biju
New Update
nepal

കഠ്മണ്ഡു: സമൂഹമാധ്യമങ്ങള്‍ നിരോധിച്ച നടപടിക്കെതിരെ യുവജനങ്ങളുടെ പ്രക്ഷോഭം രൂക്ഷമായതോടെ നിരോധനം നീക്കി സര്‍ക്കാര്‍. യുവാക്കള്‍ പ്രക്ഷോഭത്തില്‍നിന്ന് പിന്‍മാറണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ഥിച്ചു. കലാപം അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. 15 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. കലാപത്തില്‍ 19പേര്‍ കൊല്ലപ്പെടുകയും 300പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

യൂണിഫോമണിഞ്ഞ സ്‌കൂള്‍ വിദ്യാര്‍ഥികളടക്കം ആയിരങ്ങള്‍ കഠ്മണ്ഡുവില്‍ പാര്‍ലമെന്റ് മന്ദിരത്തിലേക്കു നടത്തിയ പ്രതിഷേധമാര്‍ച്ച് കഴിഞ്ഞ ദിവസം അക്രമാസക്തമായിരുന്നു. പ്രക്ഷോഭം നേരിടാന്‍ കഠ്മണ്ഡുവില്‍ സൈന്യമിറങ്ങി. വാട്‌സാപ്, ഫെയ്‌സ്ബുക്, ഇന്‍സ്റ്റഗ്രാം, എക്‌സ്, യുട്യൂബ് എന്നിവയടക്കം 26 സമൂഹമാധ്യമ സൈറ്റുകളാണ് കഴിഞ്ഞ വ്യാഴാഴ്ച സര്‍ക്കാര്‍ നിരോധിച്ചത്. ഐടി, വാര്‍ത്താവിനിമയ മന്ത്രാലയത്തില്‍ സൈറ്റുകള്‍ റജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ പാലിക്കാതെ വന്നതോടെയാണു നടപടിയെടുത്തത്. 

ടിക്ടോക് ഉള്‍പ്പെടെ ചില സമൂഹമാധ്യമങ്ങള്‍ റജിസ്‌ട്രേഷന്‍ എടുത്തു പ്രവര്‍ത്തിക്കുന്നുണ്ട്. വ്യാജവാര്‍ത്തകളും വിദ്വേഷപ്രചാരണങ്ങളും തടയാനുള്ള നടപടികളുടെ ഭാഗമായി സമൂഹമാധ്യമങ്ങളെ ചട്ടവിധേയമാക്കാനാണു റജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. 

എന്നാല്‍, ഇത് അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കാനും സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്താനുമുള്ള നീക്കമാണെന്നു വിമര്‍ശിച്ചാണു യുവജനങ്ങള്‍ രംഗത്തിറങ്ങിയത്. നിരോധനം പിന്‍വലിക്കാനാവശ്യപ്പെട്ട് 'ജെന്‍ സി' (ജനറേഷന്‍ സെഡ്) ബാനറുമായി പാര്‍ലമെന്റ് മന്ദിരത്തിനു മുന്നില്‍ പ്രതിഷേധിച്ച ചെറുപ്പക്കാര്‍, സര്‍ക്കാര്‍വിരുദ്ധ മുദ്രാവാക്യമുയര്‍ത്തിയിരുന്നു. പ്രക്ഷോഭത്തിനിടെ യുവാക്കള്‍ കൊല്ലപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ആഭ്യന്തര മന്ത്രി  രമേഷ് ലേഖകിന് രാജിവയ്‌ക്കേണ്ടിവന്നു.

nepal