കലാപം; നേപ്പാള്‍ പ്രധാനമന്ത്രി രാജിവച്ചു

ഒലി അധികാരം ഉപേക്ഷിച്ചാല്‍ മാത്രമേ സൈന്യത്തിന് രാജ്യത്തെ സ്ഥിരപ്പെടുത്താന്‍ കഴിയൂ എന്ന് ജനറല്‍ സിഗ്ഡല്‍ പ്രതികരിച്ചു. ഒലി സ്ഥാനമൊഴിഞ്ഞാല്‍ സൈന്യം ഇടപെടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങളും പറഞ്ഞു

author-image
Biju
New Update
nepal

കാഠ്മണ്ഡു: നേപ്പാളില്‍ ആളിക്കത്തിയ ജെന്‍ സി പ്രക്ഷോഭത്തിന് പിന്നാേെല പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലി രാജിവച്ചു. കരസേനാ മേധാവി ജനറല്‍ അശോക് രാജ് സിഗ്ഡല്‍ പ്രധാനമന്ത്രി കെ പി ശര്‍മ്മ ഒലിയോട് രാജിവയ്ക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെയായിരുന്നു രാജി. ഇതോടെ നേപ്പാളിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതല്‍ രൂക്ഷമായി. ഒലി സൈനിക മേധാവിയുമായി സംസാരിച്ചു, വഷളാകുന്ന സ്ഥിതിഗതികള്‍ കൈകാര്യം ചെയ്യാന്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. ഒലി അധികാരം ഉപേക്ഷിച്ചാല്‍ മാത്രമേ സൈന്യത്തിന് രാജ്യത്തെ സ്ഥിരപ്പെടുത്താന്‍ കഴിയൂ എന്ന് ജനറല്‍ സിഗ്ഡല്‍ പ്രതികരിച്ചു. ഒലി സ്ഥാനമൊഴിഞ്ഞാല്‍ സൈന്യം ഇടപെടാന്‍ തയ്യാറാണെന്ന് സൈനിക വൃത്തങ്ങളും പറഞ്ഞു.

സര്‍വ്വകക്ഷി യോഗം

സര്‍വ്വകക്ഷി യോഗം വിളിച്ച് പ്രധാനമന്ത്രി ശര്‍മ്മ ഒലി. ഭക്തപൂരിലെ ബാല്‍ക്കോട്ടിലുള്ള ശര്‍മ്മ ഒലിയുടെ വസതിക്ക് സമീപം വെടിവെപ്പില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. നേപ്പാളിലുടനീളം പ്രതിഷേധം വര്‍ദ്ധിച്ചുവരുന്നതിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. ഇതിനിടെ പ്രസിഡന്റിന്റെ വീട്ടിലേക്ക് പ്രതിഷേധക്കാര്‍ ഇരച്ചുകയറി. 

അനുബന്ധ വാര്‍ത്തകള്‍

ശര്‍മ്മ ഒലി രാജ്യംവിടാന്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു.  വൈദ്യചികിത്സയ്ക്കായി ദുബായിലേക്ക് പോകാന്‍ ഒരുങ്ങുകയാണെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. യാത്രയ്ക്കായി സ്വകാര്യ വിമാനക്കമ്പനിയായ ഹിമാലയ എയര്‍ലൈന്‍സിനെ സജ്ജരാക്കിയിട്ടുണ്ട്. വര്‍ദ്ധിച്ചുവരുന്ന രാഷ്ട്രീയ പ്രക്ഷുബ്ധതകള്‍ക്കും നിരവധി മന്ത്രിമാരുടെ രാജികള്‍ക്കും ഇടയിലാണ് അദ്ദേഹം ദുബായിലേക്ക് പോകാനൊരുങ്ങുന്നത്.

രാജിവച്ച ആഭ്യന്തരമന്ത്രിയുടെ വസതിക്ക് തീയിട്ടു

നായ്ക്കപ്പിലെ രമേശ് ലേഖക്കിന്റെ വസതി പ്രതിഷേധക്കാര്‍ നശിപ്പിക്കുകയും തീയിടുകയും ചെയ്തു. തിങ്കളാഴ്ചയാണ് ആഭ്യന്തര മന്ത്രി സ്ഥാനം രാജിവച്ച ലേഖക് ഒഴിഞ്ഞത്.  കര്‍ഫ്യൂവും സുരക്ഷാ വിന്യാസങ്ങളും ഉണ്ടായിരുന്നിട്ടും രാജ്യവ്യാപകമായി പ്രതിഷേധം രൂക്ഷമാകുമ്പോള്‍, പ്രകടനക്കാര്‍ മറ്റ് ഉന്നത നേതാക്കളുടെ വീടുകള്‍ നശിപ്പിക്കുകയും കത്തിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടുണ്ട്.

ദേശീയ സുരക്ഷയുടെ പേരില്‍ 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കാണ് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് രാജ്യത്ത് പ്രക്ഷോഭം ഉടലെടുത്തത്. രാജ്യത്തുടനീളം പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുള്ള അക്രമാസക്തമായ ഏറ്റുമുട്ടലില്‍ കുറഞ്ഞത് 20 പേര്‍ കൊല്ലപ്പെടുകയും 300 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

21 എംപി കൂട്ടത്തോടെ രാജിവച്ചു

അസ്വസ്ഥതകള്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, രാഷ്ട്രീയ സ്വതന്ത്ര പാര്‍ട്ടിയില്‍ നിന്നുള്ള 21 പാര്‍ലമെന്റ് അംഗങ്ങള്‍ കൂട്ടത്തോടെ രാജിവയ്ക്കാന്‍ തീരുമാനിച്ചു. രവി ലാമിച്ചനെയുടെ നേതൃത്വത്തില്‍ പാര്‍ലമെന്റില്‍ ഈ എംപിമാരുടെ ആദ്യ വിജയമായിരുന്നു ഇത്. തുടക്കം മുതല്‍ തന്നെ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പ്രസ്ഥാനത്തെ പാര്‍ട്ടി പിന്തുണച്ചിരുന്നു, ഇപ്പോള്‍ പാര്‍ലമെന്റ് പിരിച്ചുവിട്ട് പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുന്നു.

നിരോധനം പിന്‍വലിച്ചിരുന്നു

ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും അടക്കം 26 സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളാണ് സര്‍ക്കാര്‍ നിരോധിച്ചിരുന്നത്. ഓണ്‍ലൈനില്‍ ആരംഭിച്ച പ്രതിഷേധങ്ങള്‍, മധ്യ കാഠ്മണ്ഡുവിലും മറ്റ് നഗരങ്ങളിലും പാര്‍ലമെന്റിന് പുറത്ത് ബഹുജന പ്രകടനങ്ങളായി വളരുകയും അത് പ്രക്ഷോഭത്തിലേക്ക് വഴിവെയ്ക്കുകയുമായിരുന്നു. പിന്നാലെ ഈ നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. 

അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പിന്‍വലിക്കല്‍ തീരുമാനിച്ചതെന്ന് കമ്മ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രി പൃഥ്വി സുബ്ബ ഗുരുങ് പറഞ്ഞു. ബ്ലോക്ക് ചെയ്ത 26 സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള ആക്സസ് പുനഃസ്ഥാപിക്കാന്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ഏജന്‍സികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

നേപ്പാള്‍ കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴില്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെ തുടര്‍ന്നായിരുന്നു സോഷ്യല്‍ മീഡിയ സൈറ്റുകള്‍ക്ക് രാജ്യത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. രജിസ്റ്റര്‍ ചെയ്യാന്‍ സോഷ്യല്‍ മീഡിയ കമ്പനികള്‍ക്ക് ഓഗസ്റ്റ് 28 മുതല്‍ ഒരാഴ്ച സമയം നല്‍കിയിരുന്നു. ഇക്കാര്യം വ്യക്തമാക്കി നോട്ടീസും നല്‍കി. എന്നാല്‍ മെറ്റ (ഫേസ്ബുക്ക്, ഇന്‍സ്റ്റ്, വാട്ട്‌സ്ആപ്പ്), ആല്‍ഫബെറ്റ് (യൂട്യൂബ്), എക്‌സ്, റെഡ്ഡിറ്റ്, ലിങ്ക്ഡ് ഇന്‍ എന്നിവയൊന്നും രജിസ്റ്റര്‍ ചെയ്തില്ല. ഇതോടെയാണ് ഇവയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

nepal