/kalakaumudi/media/media_files/2025/08/20/ntanyahu-2025-08-20-17-07-10.jpg)
ടെല്‍ അവീവ്: ഹമാസ് കടുത്ത സമ്മര്‍ദ്ദത്തിലാണെന്ന പ്രതികരണവുമായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഗാസയിലെ വെടിനിര്‍ത്തല്‍ ലക്ഷ്യമിട്ട് ഈജിപ്തും ഖത്തറും മുന്നോട്ടുവെക്കുന്ന കരാര്‍ ഹമാസ് അംഗീകരിക്കുന്നുണ്ടെങ്കിലും അവര്‍ കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം. മാധ്യമങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ കാണുന്നുണ്ട് അവയില്‍ നിന്ന് ഒരുകാര്യം വ്യക്തമാണ് ഹമാസ് കടുത്ത സമ്മര്‍ദ്ദത്തിലാണ് എന്നാണ് നെതന്യാഹുവിന്റെ ഓഫീസ് പങ്കുവെച്ച കുറിപ്പില്‍ പറയുന്നത്.
അതേസമയം ഗാസ സിറ്റിയില്‍ ലക്ഷ്യം പൂര്‍ത്തിയാക്കാനുള്ള നീക്കത്തിലാണ് ഇസ്രായേല്‍ സര്‍ക്കാരും സൈന്യവുമെന്ന് പറഞ്ഞ നെതന്യാഹു, സൈന്യത്തെ അഭിനന്ദിക്കുകയും ചെയ്തു. ഗാസയില്‍ 60 ദിവസം വെടി നിര്‍ത്താനുള്ള നിര്‍ദേശത്തോടുള്ള ഹമാസിന്റെ പ്രതികരണം ഇസ്രയേല്‍ പഠിച്ചുകൊണ്ടിരിക്കയാണെന്നും നെതന്യാഹു വ്യക്തമാക്കി.
ഖത്തറും ഈജിപ്തും മധ്യസ്ഥരായി 60 ദിവസത്തെ താല്‍ക്കാലിക വെടിനിര്‍ത്തല്‍ നിര്‍ദേശമാണ് ഹമാസിനുമുന്നില്‍ വെച്ചത്. ഗാസയില്‍ ഹമാസിന്റെ പക്കലുള്ള ബന്ദികളുടെ പകുതി പേരെ വിട്ടയക്കുന്നതിനും ചില പലസ്തീന്‍ തടവുകാരെ ഇസ്രയേല്‍ മോചിപ്പിക്കുന്നതും ഉള്‍പ്പെടുന്നതാണ് കരാര്‍. രണ്ടുഘട്ടമായി തടവുകാരുടെ മോചനം, മനുഷ്യാവകാശ സഹായം വര്‍ധിപ്പിക്കുക, ഇസ്രയേല്‍ 200 ഓളം പലസ്തീന്‍ തടവുകാരെ വിട്ടുകൊടുക്കല്‍ എന്നിവയും കരാറില്‍ ഉള്‍പ്പെടും.
മധ്യസ്ഥര്‍ അവതരിപ്പിച്ച പുതിയ നിര്‍ദേശങ്ങള്‍ അംഗീകരിച്ചതായി ഹമാസിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ബാസെം നയിം വ്യക്തമാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. താല്‍ക്കാലിക വെടിനിര്‍ത്തല്‍ തീരുന്ന മുറയ്ക്ക് ശാശ്വത യുദ്ധവിരാമ ചര്‍ച്ചകള്‍ നടക്കുമെന്നും നിലവില്‍ മുന്നോട്ട് വെച്ച കരാര്‍ നേരത്തെ യുഎസ് പ്രതിനിധി വിറ്റ്കോഫ് അവതരിപ്പിച്ചതിന് സമാനമായ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണെന്നാണ് വിവരം.എന്നാല്‍ ഗാസയിലെ വെടിനിര്‍ത്തലുമായി ബന്ധപ്പെട്ട ഇസ്രയേലിന്റെ മറുപടിക്കായി കാത്തുനില്‍ക്കുകയാണ് മധ്യസ്ഥ രാജ്യങ്ങള്‍. കരാറിനായി ഇസ്രയേലില്‍ പ്രക്ഷോഭം തുടരുകയാണ്.