അൽ ജസീറയുടെ ജെറുസലേമിലുള്ള ഓഫീസ്, ബെഞ്ചമിൻ നെതനാഹ്യു
ജെറുസലേം: ഇസ്രയേലിൽ സംപ്രേക്ഷണം ചെയ്യുന്ന അൽ- ജസീറ വാർത്താ ചാനൽ അടച്ചുപൂട്ടാൻ ഉത്തരവിട്ട് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഖത്തർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വാർത്താ ചാനലായ അൽ-ജസീറയും ഇസ്രയേൽ സർക്കാരും തമ്മിലുള്ള പ്രശ്നങ്ങൾ തുടരുന്നതിനിടെയാണ് ഇസ്രയേലിന്റെ നടപടി.
അൽ-ജസീറ അടച്ചുപൂട്ടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എക്സിലൂടെയായിരുന്നു അറിയിച്ചത്. 'ഇസ്രയേലിൽ അൽ ജസീറയുടെ പ്രവർത്തനം നിർത്തുന്നു, ഇത് സർക്കാരിൻറെ ഏകകണ്ഠമായ തീരുമാനമാണ്', എന്ന് നെതന്യാഹു എക്സിൽ കുറിച്ചു.
ഹമാസിന്റെ ദൂതർക്ക് ഇസ്രയേലിൽ അഭിപ്രായസ്വാതന്ത്ര്യം ഉണ്ടാകില്ലെന്ന് ഇസ്രയേൽ മന്ത്രി സ്ലോമോ കാർഹി നെതന്യാഹുവുമായിചേർന്നുള്ള സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. അൽ ജസീറ ഉടൻതന്നെ പൂട്ടി ഉപകരണങ്ങൾ കണ്ടുകെട്ടുമെന്നും മന്ത്രി അറിയിച്ചു.
ഇസ്രയേലിൻറെ നടപടിയെ അൽ-ജസീറ അപലപിച്ചു. ലോകം മാധ്യമ സ്വാതന്ത്ര്യ ദിനം ആചരിച്ചതിന് തൊട്ടുപിന്നാലെ അഭിപ്രായ സ്വാതന്ത്ര്യം എന്ന അടിസ്ഥാനതത്വത്തെ ഹനിച്ചുകൊണ്ട് അൽ ജസീറയുടെ ഓഫീസിന് ഇസ്രയേൽ പൂട്ടിട്ടിരിക്കുകയാണ്. ഇസ്രയേൽ സർക്കാരിന്റെ ഈ കുറ്റകരമായ നീക്കത്തെ അപലപിക്കുന്നുവെന്നും അൽ ജസീറ എക്‌സിൽ കുറിച്ചു. 140-ലധികം പലസ്തീൻ മാധ്യപ്രവർത്തകർക്ക് ഗാസയിലെ യുദ്ധത്തിൽ ജീവൻ നഷ്ടമായെന്നും മാധ്യമപ്രവർത്തകരെ ലക്ഷ്യംവെക്കുന്നത് കുറ്റകരമാണെന്നും അൽ ജസീറ ചൂണ്ടിക്കാട്ടുന്നു.
അൽ- ജസീറയുടെ വെബ്സൈറ്റും ഇനി ഇസ്രയേലിൽ പ്രവർത്തിക്കില്ല. എന്നാൽ, ഇസ്രയേൽ അധീന വെസ്റ്റ് ബാങ്കിൽ പ്രവർത്തിക്കാൻ ചാനലിന് നിയമപരമായി നിയന്ത്രണങ്ങളില്ല. യുദ്ധം നടക്കുന്ന ഗാസ മുനമ്പിലും നിയന്ത്രണങ്ങൾ ബാധകമല്ല. യുദ്ധ ഭൂമിയിൽനിന്ന് ഇപ്പോഴും അൽ-ജസീറ തൽസമയ സംരക്ഷണം നടത്തുന്നുണ്ട്. വിദേശ ചാനലുകളെ നിരോധിക്കാൻ അധികാരം നൽകുന്ന ദേശീയ സുരക്ഷാ നിയമം ഇസ്രയേൽ പാസാക്കിയത് കഴിഞ്ഞ മാസമായിരുന്നു.
ഒക്ടോബർ ഏഴ് മുതലുള്ള ഔദ്യോഗിക കണക്കുകൾപ്രകാരം ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽ ഇതുവരെ സ്ത്രീകളും കുട്ടികളുമുൾപ്പടെ 34,683 പേർ മരണപ്പെട്ടു. 97 മാധ്യമ പ്രവർത്തകർ കൊല്ലപ്പെട്ടതായി 'കമ്മിറ്റി ടു പ്രൊട്ടക്റ്റ് ജേർണലിസ്റ്റ്' പുറത്തുവിട്ട കണക്കുകളിൽ പറയുന്നു.