/kalakaumudi/media/media_files/2025/07/05/ttgsd-2025-07-05-13-40-23.jpg)
ഗാസ: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് ഏതാണ്ടൊന്ന് ശമനമാകുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. യുഎസ് മുന്നോട്ടുവച്ച ഗാസ വെടിനിര്‍ത്തല്‍ കരാറിനോട് അനുകൂല സമീപനവുമായി ഹമാസ് എത്തിയതോടെ പ്രതീക്ഷ വര്‍ദ്ധിച്ചിരിക്കുകയാണ്. 60 ദിവസത്തെ വെടിനിര്‍ത്തലിനായി ഉടനടി ചര്‍ച്ചകള്‍ക്കു തയാറാണെന്നാണ് ഹമാസ് പറഞ്ഞിരിക്കുന്നത്. വെടിനിര്‍ത്തല്‍ നിലവില്‍ വരുന്നതോടുകൂടി ഗാസയില്‍ അടിയന്തരമായി സഹായമെത്തിക്കാന്‍ കഴിയും. സ്ഥിരമായ വെടിനിര്‍ത്തലിലേക്കു നയിക്കുന്നതാവണം ഈ ചര്‍ച്ചകളെന്ന ഉറപ്പു വേണമെന്നും ഹമാസുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ടുള്ള വാര്‍ത്തകള്‍ പുറത്തുവന്നു.
പലസ്തീനിലെ മറ്റു വിഭാഗങ്ങളുമായി ചര്‍ച്ച നടത്തിയതിനുശേഷമാണ് ഹമാസിന്റെ പ്രഖ്യാപനം ഉണ്ടായത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു തിങ്കളാഴ്ച യുഎസിലെത്തി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച നടത്താനിരിക്കുന്നതിനു മുന്‍പേതന്നെ ചര്‍ച്ചയ്ക്ക് തയാറാണെന്നാണ് ഹമാസ് അറിയിച്ചിരിക്കുന്നത്. വിഷയത്തില്‍ ഇസ്രയേലും യുഎസും ഇതുവരെ പ്രതികരിച്ചിട്ടില്ല. വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഹമാസിന്റെ നിരായുധീകരണം നടപ്പാകണമെന്ന നിലപാടാണ് ഇസ്രയേലിന്റേത്. എന്നാല്‍ ഹമാസ് ഇത് അംഗീകരിക്കുന്നില്ല.
ഒരു പോസിറ്റീവ് മറുപടി ഉണ്ടാകുമെന്ന് ഹമാസ് അറിയിച്ചുവെന്ന് വെള്ളിയാഴ്ച പ്രസിഡന്റിന്റെ ഔദ്യോഗിക വിമാനമായ എയര്‍ഫോഴ്‌സ് വണ്ണിലെ മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞിരുന്നു. അടുത്തയാഴ്ചയോടെ ഗാസ ഡീല്‍ ഉണ്ടായേക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വെടിനിര്‍ത്തലിനായി ഈജിപ്ത്, ഖത്തര്‍ രാജ്യങ്ങളും ശ്രമം നടത്തുന്നുണ്ട്. വെടിനിര്‍ത്തലിന് അരികിലാണെന്നും ഹമാസിന്റെ ചില ആവശ്യങ്ങളില്‍ ഇനിയും ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും ഇരുരാജ്യങ്ങളും അറിയിച്ചു.
അതേസമയം, ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇതുവരെ 57,268 പേര്‍ കൊല്ലപ്പെടുകയും 1,35,625 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തുവെന്നാണ് ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചത്. 2023 ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തില്‍ 1,139 പേരാണ് കൊല്ലപ്പെട്ടത്. 251 പേരെ ഹമാസ് ബന്ദികളാക്കുകയും ചെയ്തിരുന്നു. ഇനി 20ല്‍ പരം ബന്ദികള്‍ മാത്രമേ ജീവിച്ചിരിക്കുന്നുള്ളൂവെന്നാണ് പുറത്തുവരുന്ന വിവരം.