ഗാസ,ലെബനന്‍,സിറിയ എന്നിവിടങ്ങളില്‍ ആക്രമണം അഴിച്ചുവിട്ടത് പോലെ യെമനിലും സൈനിക ഓപ്പറേഷന്‍ നടത്താന്‍ ഇസ്രയേലിന്റെ നീക്കം.ഇതിനായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു യുഎന്നില്‍ വാദം ഉന്നയിച്ചിരിക്കുകയാണ്.ഇറാന്റെ പിന്തുണയുള്ള ഹൂതികളെ തുടച്ചു നീക്കാനെന്ന പേരിലാണ് നെതന്യാഹുവിന്റെ പുതിയ സൈനിക നീക്കം.ഹൂതികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന ആവശ്യവും ഇസ്രയേല്‍ ഇപ്പോള്‍ ഉന്നയിച്ചിട്ടുണ്ട്.
ട്രംപ് അധികാരമേല്‍ക്കുന്ന സാഹചര്യത്തില്‍ മേഖലയിലെ സങ്കീര്‍ണമായ സൈനിക നീക്കങ്ങള്‍ക്ക് അമേരിക്കയുടെ പിന്തുണയും സഹായവും ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഇസ്രായേല്‍ യെമനില്‍ സൈനിക നടപടിക്ക് സജ്ജമാകുന്നത്.ഹമാസ്,ഹിസ്ബുള്ള എന്നിവരുടെ അവസ്ഥ തന്നെയായിരിക്കും ഹൂതികള്‍ക്കും നേരിടേണ്ടി വരികയെന്നാണ് ഇസ്രയേലിന്റെ ഭീഷണി.
പവര്‍ പ്ലാന്റുകള്‍,സനാ വിമാനത്താവളത്തിലെ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ ടവര്‍,തുറമുഖങ്ങള്‍ എന്നിവ ഇസ്രായേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തിരുന്നു.അതിനിടെ,ഇസ്രയേലിലെ ബെന്‍ ഗുറിയോണ്‍ എയര്‍പോര്‍ട്ടിനും കിഴക്കന്‍ ജറുസലേമിലെ പവര്‍ പ്ലാന്റിനും നേരെ കഴിഞ്ഞ ദിവസം ഹൂതികള്‍ ആക്രമണം നടത്തിയിരുന്നു.ഇസ്രയേലിനെതിരായ ഹൂതികളുടെ ആക്രമണം ഇറാന്റെ ഒരു മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായിരുന്നുവെന്നും 1.2 ബില്യണ്‍ ഡോളര്‍ വാര്‍ഷിക ബജറ്റുള്ള സംഘടന സൂയസ് കനാല്‍ തടയുകയാണെന്നും യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഡാനി ഡാനോന്‍ വ്യക്തമാക്കി.എങ്കിലും ഹൂതികളുടെ ആക്രമണത്തെ അപലപിച്ച സുരക്ഷാ കൗണ്‍സില്‍ അംഗങ്ങള്‍ യെമനിലെ സിവിലിയന്‍മാര്‍ക്കെതിരായ ഇസ്രായേലിന്റെ ക്രൂരമായ അതിക്രമങ്ങളെക്കുറിച്ചും പറഞ്ഞു.
യമന്‍ തലസ്ഥാനമായ സനയിലെ സൗകര്യങ്ങള്‍ ലക്ഷ്യമിട്ട് നിരവധി യുഎസ് ആക്രമണങ്ങള്‍ക്ക് പിന്നാലെ രാജ്യം സ്വയം പ്രതിരോധം തുടരുമെന്നും യെമനിലെ ഹൂതി വിമതരുടെ വക്താവ് മുഹമ്മദ് അബ്ദുസ്സലാം, അറിയിച്ചിരുന്നു.യെമനിലെ യുഎസ് ആക്രമണം ഒരു സ്വതന്ത്ര രാജ്യത്തിന്റെ പരമാധികാരത്തിന്റെ ലംഘനമാണെന്നും അത് ഗാസയിലെ ജനങ്ങള്‍ക്കെതിരായ വംശഹത്യ കുറ്റകൃത്യങ്ങള്‍ തുടരാന്‍ ഇസ്രായേലിനെ പ്രോത്സാഹിപ്പിക്കുന്നതിന് പിന്തുണ നല്‍കുന്നുവെന്നും അബ്ദുള്‍സലാം ചൊവ്വാഴ്ച പറഞ്ഞു.ഗാസയില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള തലസ്ഥാനമായ സനയിലും യെമനിലെ തീരപ്രദേശങ്ങളിലും തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ആക്രമണം നടത്തിയതായി യുഎസ് സൈന്യം അറിയിച്ചു.അമേരിക്ക, യമനില്‍ ഒന്നിലധികം തവണ വ്യോമാക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.യെമനില്‍ ഉന്നം വച്ചത് ഹൂതികളെയായിരുന്നുവെന്നാണ് പെന്റഗണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഡിസംബറിന്റെ തുടക്കത്തിലാണ് ഇസ്രായേലിനു നേരെ ഹൂതികള്‍ ബലിസ്റ്റിക്ക് മിസൈല്‍ ആക്രമണം നടത്തിയത്. അമേരിക്കയും ബ്രിട്ടനും യമനില്‍ യുദ്ധം ശക്തമാക്കിയതുകൊണ്ടാണ് ഹൂതികള്‍ ഇസ്രയേലിനു നേരെ ആക്രമണം നടത്തിയത്.മിഡില്‍ ഈസ്റ്റിലെ പെന്റഗണിന്റെ സൈനിക പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്ന യുഎസ് സെന്‍ട്രല്‍ കമാന്‍ഡറായ സെന്റ്‌കോമിന്റെ പ്രസ്താവനയില്‍ പറയുന്നതു പ്രകാരം യെമനില്‍ ആക്രമണം നടത്തുന്നതിനായി യുഎസും ബ്രിട്ടനും യുദ്ധക്കപ്പലുകളും വിമാനങ്ങളും ഉപയോഗിക്കുന്നുണ്ട്.അതിനിടെ,ഗാസയില്‍ ഇസ്രായേല്‍ ക്രൂരത തുടര്‍ന്നുകൊണ്ടേയായിരിക്കുകയാണ്.അതിശൈത്യം രൂക്ഷമായ ഗാസയില്‍ ആവശ്യമായ സംരക്ഷണങ്ങളൊന്നുമില്ലാതെ ആറ് കുട്ടികള്‍ ഉള്‍പ്പടെ ഏഴ് പേര്‍ ആണ് മരിച്ചത്. ഇവരില്‍ 20 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞുമുല്‍പ്പെട്ടതാണ് ഏറെ വേദനാജനകം.ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഇല്ലാതെ താത്കാലിക ക്യാമ്പുകളില്‍ കഴിയുന്ന മനുഷ്യരെ മരണത്തിന്റെ വക്കില്‍ എത്തിക്കുകയാണ് കൊടും തണുപ്പുള്ള കാലാവസ്ഥ. മാത്രമല്ല, അതിശക്തമായ മഴ ഗാസയിലേ ജന ജീവിതം കൂടുതല്‍ താറുമാറാക്കിയിരിക്കുയാണ്.