മറ്റൊരു ഭൂമിയോ? ജീവന്റെ സാധ്യത ഉള്ളിലൊളിപ്പിച്ച് കെ2-18ബി ഗ്രഹം

നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയിലൂടെ ഭൂമിക്ക് പുറത്തുള്ള കെ2-18 ബി എന്ന ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ശക്തമായ സൂചനകള്‍ കാണാനാവുന്നുണ്ടെന്ന് ഗവേഷകര്‍.

author-image
Akshaya N K
New Update
pp

ലണ്ടന്‍: നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയിലൂടെ ഞെട്ടിക്കുന്ന വിവരവുമായി ഗവേഷകര്‍. ഭൂമിക്ക് പുറത്തുള്ള കെ2-18 ബി എന്ന ഗ്രഹത്തെ കുറിച്ചാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്.ഇതില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ശക്തമായ സൂചനകള്‍ കാണാനാവുന്നുണ്ടെന്നാണ് കേംബ്രിഡ്ജ് ഗവേഷകര്‍ പറയുന്നത്. ഇതേ കുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടന്നു വരുന്നു.

എഴുനൂറ് ട്രില്യണ്‍ മൈല്‍ അകലെ സ്ഥിതി ചെയ്യുന്ന കെ2-18 ബി ഗ്രഹത്തിന് ഭൂമിയുടെ രണ്ടര ഇരട്ടി വലിപ്പമുള്ളതായി പറയുന്നു. ഗ്രഹത്തിന്റെ അന്തരീക്ഷത്തില്‍ ഉള്ള രാസവസ്തുക്കള്‍ക്ക് ജീവന്‍ നിലനിര്‍ത്താന്‍ സാധിക്കുമെന്നതാണ്‌ വാദം. ഡൈമെഥൈല്‍ സള്‍ഫൈഡ്, ഡൈമെഥൈല്‍ ഡൈസള്‍ഫൈഡ് തുടങ്ങിയവയുടെ സാന്നിധ്യം ഭൂമിയുടെ അന്തരീക്ഷത്തില്‍ ഉള്ളതിനേക്കാള്‍ ആയിരക്കണക്കിന് മടങ്ങ് അധികമാണെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

'ഇവിടെ ജീവന്‍ ഉണ്ടെന്ന് ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും ശക്തമായ തെളിവാണിത്. ഒന്ന് മുതല്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ സിഗ്‌നല്‍ സ്ഥിരീകരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയുണ്ട്.' കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോണമി മുഖ്യ ഗവേഷകനായ പ്രൊഫസര്‍ നിക്കു മധുസൂദന്‍ ബിബിസിയോട് പ്രതികരിച്ചു.

Earth nasa new planet space