സ്റ്റാർബക്‌സിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി ന്യൂയോർക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി

തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ഞാൻ സ്റ്റാർബക്സിൽനിന്ന് യാതൊന്നും വാങ്ങില്ല. എനിക്കൊപ്പം ചേരാൻ നിങ്ങളോടും അഭ്യർഥിക്കുകയാണ്.ശക്തമായൊരു സന്ദേശം നമുക്കൊരുമിച്ച് നൽകാനാവും

author-image
Devina
New Update
mamdhaniiiiii

 ന്യൂയോർക്ക്:സ്റ്റാർബക്സിനെതിരേ രാജ്യവ്യാപക ബഹിഷ്‌കരണ ആഹ്വാനവുമായി നിയുക്ത ന്യൂയോർക്ക് സിറ്റി മേയർ സൊഹ്‌റാൻ മംദാനി.

 അമേരിക്കൻ കോഫീഹൗസ് ശൃംഘലയായ സ്റ്റാർബക്സിലെ തൊഴിലാളികൾ നടത്തുന്ന സമരത്തിനാണ് മംദാനി പിന്തുണ അറിയിച്ചത്.

 രാജ്യവ്യാപക സ്റ്റാർബക്സ് ബഹിഷ്കരണത്തിന് മംദാനി ആഹ്വാനം ചെയ്തു

വേതനവർധന ഉൾപ്പെടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്റ്റാർബക്സ് തൊഴിലാളി സംഘടനയായ, സ്റ്റാർബക്സ് വർക്കേഴ്‌സ് യുണൈറ്റഡ് രാജ്യവ്യാപക സമരം പ്രഖ്യാപിച്ചത്.

ഇതിന് പിന്നാലെയാണ് പിന്തുണയുമായി മംദാനി രംഗത്തെത്തിയത്.

‘രാജ്യമെമ്പാടുമുള്ള സ്റ്റാർബക്സ് തൊഴിലാളികൾ, മികച്ച കരാറിനായി പോരാടിക്കൊണ്ട് നീതിരഹിതമായ തൊഴിൽരീതികൾക്കെതിരേ സമരം ചെയ്യുകയാണ്.

 തൊഴിലാളികൾ സമരം ചെയ്യുമ്പോൾ ഞാൻ സ്റ്റാർബക്സിൽനിന്ന് യാതൊന്നും വാങ്ങില്ല. എനിക്കൊപ്പം ചേരാൻ നിങ്ങളോടും അഭ്യർഥിക്കുകയാണ്.

 ശക്തമായൊരു സന്ദേശം നമുക്കൊരുമിച്ച് നൽകാനാവും. നോ കോൺട്രാക്ട്, നോ കോഫീ’, മംദാനി സാമൂഹികമാധ്യമമായ എക്‌സിൽ കുറിച്ചു.

 സ്റ്റാർബക്സ് വർക്കേഴ്‌സ് യുണൈറ്റഡിന്റെ കുറിപ്പ് റീട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു മംദാനിയുടെ പ്രതികരണം.

കമ്പനി വ്യാപകമായി തൊഴിൽ നിയമലംഘനങ്ങൾ നടത്തിയതായി സ്റ്റാർബക്സ് വർക്കേഴ്‌സ് യുണൈറ്റഡ് ആവർത്തിച്ച് ആരോപിച്ചിട്ടുണ്ട്.

 നാഷണൽ ലേബർ റിലേഷൻസ് ബോർഡിലെ അഡ്മിനിസ്‌ട്രേറ്റീവ് ലോ ജഡ്ജിമാർ, നാനൂറിലധികം തൊഴിൽ നിയമലംഘനങ്ങൾക്ക് സ്റ്റാർബക്സ് ഉത്തരവാദിയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും അവർ ആരോപിക്കുന്നു.

 ന്യൂയോർക്ക്, ഡാലസ്, സിയാറ്റിൽ, ഫിലാഡൽഫിയ തുടങ്ങി 25-ൽ അധികം നഗരങ്ങളിലെ സ്റ്റാർബക്സ് ജീവനക്കാർ സമരത്തിന്റെ ഭാഗമാകുന്നുണ്ടെന്നാണ് വിവരം.