/kalakaumudi/media/media_files/2025/11/24/nig-2025-11-24-10-37-05.jpg)
അബുജ: നൈജീരിയയില്‍ സായുധസംഘം തട്ടിക്കൊണ്ടുപോയ 314 വിദ്യാര്‍ഥികളില്‍ അന്‍പതോളംപേര്‍ രക്ഷപെട്ടതായി റിപ്പോര്‍ട്ട്. സായുധസംഘത്തിന്റെ കണ്ണുവെട്ടിച്ചാണ് ഇവര്‍ രക്ഷപെട്ട് വീടുകളില്‍ തിരിച്ചെത്തിയെന്ന് കതോലിക് ചര്‍ച്ച് ആന്‍ഡ് ക്രിസ്ത്യന്‍ അസോസിയേഷന്‍ ഓഫ് നൈജീരിയ (സിഎഎന്‍) അറിയിച്ചു. എന്നാല്‍ ഇവര്‍ക്കൊപ്പം തട്ടിക്കൊണ്ടുപോകപ്പെട്ട ബാക്കി 253 പേരെക്കുറിച്ച് ഇപ്പോഴും വിവരമില്ല.
നൈജര്‍ സംസ്ഥാനത്തെ പാപ്പിരിയിലെ സെന്റ് മേരീസ് സ്‌കൂളിലെ വിദ്യാര്‍ഥികളെയാണ് തട്ടിക്കൊണ്ടുപോയത്. വെള്ളിയാഴ്ചയാണ് സംഭവം. സ്‌കൂളില്‍ അതിക്രമിച്ച് കയറിയ സായുധ സംഘം 12 അധ്യാപകരെയും 303 വിദ്യാര്‍ഥികളെയുമടക്കം 315 പേരെയാണ് തട്ടിക്കൊണ്ടുപോയത്. സംഭവത്തിന് നാല് ദിവസം മുന്‍പ് അയല്‍ സംസ്ഥാനമായ കെബ്ബിയിലെ മാഗ ടൗണിലെ 25 സ്‌കൂള്‍ കുട്ടികളെ തട്ടിക്കൊണ്ടുപോയിരുന്നു.
സിഎഎന്‍ നൈജര്‍ ചാപ്റ്റര്‍ ചെയര്‍മാന്‍ ഫാ. ബുലുസ് ദൗവ യോഹന്ന സ്‌കൂള്‍ സന്ദര്‍ശിച്ച് തട്ടിക്കൊണ്ടുപോയ കുട്ടികളുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തി. കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരുമായും സുരക്ഷാ ഏജന്‍സികളുമായും അസോസിയേഷന്‍ പ്രവര്‍ത്തിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു. നൈജീരിയയില്‍ ക്രൈസ്തവര്‍ക്കുനേരെയുള്ള ആക്രമണങ്ങള്‍ കൂടിവരികയാണെന്നും വേണ്ടി വന്നാല്‍ സൈനിക ഇടപെടല്‍ നടത്തുമെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അടുത്തിടെ പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെയും സുരക്ഷാ ഏജന്‍സികളുടെയും ശ്രദ്ധയില്‍വരാത്ത വിദൂര ഗ്രാമങ്ങളില്‍ സായുധസംഘങ്ങള്‍ നടത്തുന്ന ആക്രമണങ്ങള്‍ കൂടിയിട്ടുണ്ട്. അടുത്തിടെ വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയ കെബ്ബിയിലെ മാഗ മുസ്ലിം ഭൂരിപക്ഷപ്രദേശമാണ്. സംഘര്‍ഷബാധിതമായ 10 സംസ്ഥാനങ്ങളിലെ 37 ശതമാനം സ്‌കൂളുകളില്‍ മാത്രമേ കൃത്യമായി സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കാന്‍ സംവിധാനമുള്ളൂവെന്ന് യുനിസെഫ് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. ബൊക്കൊഹറാം തീവ്രവാദികള്‍ നേരത്തെ വിവിധ സ്‌കൂളുകളില്‍നിന്ന് വിദ്യാര്‍ഥികളെ തട്ടിക്കൊണ്ടുപോയിരുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
