കാന്തപുരവും ഹൂതികളും തമ്മില്‍?; നിമിഷപ്രിയ കേസില്‍ സംഭവിക്കുന്നത്

ഒരു മതപണ്ഠിതനെന്നതിലുപരി യെമനിലെ ഹൂതി ഭരണകൂടവും കാന്തപുരവും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കേന്ദ്രസര്‍ക്കാര്‍ പോലും ഇടപെട്ടിട്ട് പ്രയാസമായ ഒരു കാര്യം കാന്തപുരം എങ്ങനെ സാദ്ധ്യമാക്കി

author-image
Biju
New Update
l 2

ആശങ്കകള്‍ക്കൊടുവില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചത് രാജ്യത്തിനാകെ ആശ്വാസം പകരുന്ന വാര്‍ത്തയാണ്. കേരളത്തിന്റെ ആത്മീയ പുരോഹിതനായ കാന്തപുരം അബൂബക്കര്‍ മുസലിയാര്‍ നിമിഷപ്രിയയുടെ കേസില്‍ ഇടപെട്ട് അവര്‍ക്ക് മോചനം സാദ്ധ്യമാക്കുന്നുവെന്നത് രാജ്യം മുഴുവന്‍ ചര്‍ച്ചയാവുകയാണ്.

ഒരു മതപണ്ഠിതനെന്നതിലുപരി യെമനിലെ ഹൂതി ഭരണകൂടവും കാന്തപുരവും തമ്മില്‍ എന്ത് ബന്ധമെന്ന് ചോദിക്കുന്നവരും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. കേന്ദ്രസര്‍ക്കാര്‍ പോലും ഇടപെട്ടിട്ട് പ്രയാസമായ ഒരു കാര്യം കാന്തപുരം എങ്ങനെ സാദ്ധ്യമാക്കി.... എങ്ങനെയാണ് താന്തപുരത്തിന്റെ ഇടപെടല്‍ ഇങ്ങനെ പോകുന്നു ചോദ്യങ്ങള്‍.  ഒരിക്കലും ഒരു മതവിഭാഗത്തെ മാത്രം പ്രതിനിധികരിക്കുന്നതല്ല കാന്തപുരത്തിന്റെ നിലപാടുകള്‍.... അതിന് ഉത്തരം കാന്തപുരത്തിന്റെ ആത്മകഥയില്‍ തന്നെയുണ്ട്...

കാന്തപുരത്തിന്റെ ആത്മകഥയും അദ്ദേഹത്തിന്റെ ജീവിതവും പറഞ്ഞ് പോകാം...

കേരളത്തിലെ മുസ്ലിം രാഷ്ട്രീയ, സാമുദായിക ചരിത്രത്തിലേക്കു കൂടുതല്‍ വെളിച്ചം നല്‍കുന്ന അനുഭവങ്ങളും രേഖകളും വ്യക്തമാക്കുന്നുണ്ട് കാന്തപുരത്തിന്റെ ആത്മകഥ. ചേകന്നൂര്‍ മൗലവി തിരോധാനകേസും ഇ.കെ അബൂബക്കര്‍ മുസലിയാരുടെ രാഷ്ട്രീയ നിലപാടുകളും പരിണാമങ്ങളും ആത്മകഥയുടെ ഉള്ളടക്കങ്ങളാണ്. എ.പി അബൂബക്കര്‍ മുസ്ല്യാരുടെ വളര്‍ച്ചയെ നിര്‍ണയിച്ച കാന്തപുരം ഓത്തുപള്ളിക്കൂടവും എടുത്ത് പറയേണ്ടതാണ്.

കാന്തപുരത്തെ കുണ്ടത്തില്‍ എല്‍ പി സ്‌കൂളിലായിരുന്നു അദ്ദേഹത്തിന്റെ പ്രാഥമിക പഠനം. അന്നത്തെ സമ്പ്രദായം അനുസരിച്ചു ആറുവയസ്സു തികഞ്ഞാലേ സ്‌കൂളില്‍ പ്രവേശനം കിട്ടുകയുള്ളൂ. ബ്രിട്ടീഷുകാരുടെ ഭരണത്തിന്റെ അവസാന കാലമാണ്. പാരമ്പര്യമായി മുസ്ലിംകള്‍ ഖുറാനും മറ്റും പഠിച്ചുപോന്ന ഓത്തുപള്ളികളില്‍ വച്ചു തന്നെ സ്‌കൂള്‍ വിദ്യാഭ്യാസവും നേടാനുള്ള സൗകര്യം അക്കാലത്തുണ്ടായിരുന്നു. പുറമെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലെ സര്‍ക്കാര്‍ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളില്‍ മതപഠനം നടത്താനുള്ള സൗകര്യവും പുതുതായി ഏര്‍പ്പെടുത്തിയിരുന്നു. അങ്ങനെയാണ് മാപ്പിള സ്‌കൂളുകള്‍ എന്നു പേരുള്ള ഗവണ്മെന്റ് സ്‌കൂളുകള്‍ നാട്ടിന്‍പുറങ്ങളില്‍ ഉണ്ടായത്.

ഓത്തുപള്ളികളും സ്‌കൂളുകളും തമ്മിലുള്ള ഈ ബന്ധം കൊണ്ടായിരിക്കണം നമ്മുടെ നാട്ടിലെ സ്‌കൂളുകള്‍ പള്ളിക്കൂടങ്ങള്‍ എന്ന പേരില്‍ കൂടി അറിയപ്പെടുന്നത്. ബ്രിട്ടീഷുകാരുടെ താല്പര്യവും ഉത്സാഹവുമായിരുന്നു ഇത്തരം സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിനു പിന്നില്‍ പ്രവര്‍ത്തിച്ചത്. 1921-ല്‍ മലബാറില്‍ ബ്രിട്ടീഷുകാര്‍ക്കെതിരായ സമരങ്ങള്‍ക്ക് ശേഷം മുസ്ലിം കുട്ടികളെ സ്‌കൂളുകളില്‍ എത്തിക്കുന്ന കാര്യത്തില്‍ അവര്‍ വലിയ താല്പര്യമെടുക്കുകയും ഇക്കാര്യങ്ങള്‍ നോക്കി നടത്തുന്നതിനുവേണ്ടി പ്രത്യേകം ഒരു ഓഫീസറെ തന്നെ നിയമിക്കുകയും ചെയ്തു. മതവിദ്യാഭ്യാസ കാര്യത്തില്‍ പുലര്‍ത്തുന്ന കണിശതയാണ് മുസ്ലിംകള്‍ക്ക് ബ്രിട്ടീഷുകാരോടുള്ള എതിര്‍പ്പ് കൂടാന്‍ പ്രധാന കാരണം എന്ന ചിന്തയായിരുന്നു ഇതിന്റെയൊക്കെ ഹേതുവെന്നാണ് കാന്തപുരത്തിന്റെ ആത്മകഥയില്‍ പറയുന്നച്.

മലബാര്‍ കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിര്‍ദേശിച്ച കമ്മീഷന്‍ ഓത്തുപള്ളികളില്‍ ഭൗതിക വിദ്യാഭ്യാസം നിര്‍ബന്ധമാണ് എന്നൊരു ഉത്തരവുമിറക്കിയിരുന്നു. ഈ സമയത്താണ് പൂനൂരിലെയും പരിസര പ്രദേശങ്ങളിലെയും ഒട്ടുമിക്ക ഓത്തുപള്ളികളിലും സ്‌കൂള്‍ പഠനം ആരംഭിച്ചത്. ഓത്തുപള്ളിയായി തുടങ്ങി പിന്നീട് സര്‍ക്കാര്‍ സ്‌കൂള്‍ ആയി മാറിയതാണ് കുണ്ടത്തില്‍ എല്‍ പി സ്‌കൂളും. വയല്‍ക്കരയോട് ചേര്‍ന്ന് നീളത്തില്‍ ഓലമേഞ്ഞ ഒരു കെട്ടിടത്തില്‍ ആണ് സ്‌കൂള്‍. പഠന സാമഗ്രി എന്നുപറയാന്‍ ബെഞ്ചല്ലാതെ മറ്റൊന്നും അവിടെ ഉണ്ടായിരുന്നില്ല. അതുതന്നെ മണ്ണ് ഉരുട്ടിയെടുത്തുണ്ടാക്കിയ അടുക്കിന്മേല്‍ പലക ഉറപ്പിച്ചുവെച്ചുള്ളത്.

രാവിലെ ഏഴുമണിക്ക് ആരംഭിക്കുന്ന സ്‌കൂളില്‍ പത്തുമണിവരെ മതപഠനവും തുടര്‍ന്ന് സ്‌കൂള്‍പഠനവും എന്നതായിരുന്നു ഇത്തരം സ്‌കൂളുകളുടെ രീതി. എന്നാല്‍ കുണ്ടത്തില്‍ സ്‌കൂളില്‍ കൃത്യമായ സമയക്രമമൊന്നും ഉണ്ടായിരുന്നില്ല. ഉച്ചവരെയോ ചിലപ്പോള്‍ മുഴുവന്‍ സമയവും തന്നെയോ മതപഠനം നടന്ന ദിവസങ്ങളും ഉണ്ടായിരുന്നു. സ്‌കൂളിലെ അധ്യാപകരുടെ ഓരോ ദിവസത്തെയും വരവും പോക്കും അനുസരിച്ചായിരുന്നു കാര്യങ്ങള്‍. എന്നാല്‍ മതപഠനത്തിന്റെ കാര്യം അങ്ങിനെ ആയിരുന്നില്ല. ഉസ്താദ് പുത്തൂരിലെ അപ്പന്‍തൊടിക അബ്ദുള്ള മുസലിയാര്‍ മുഴുവന്‍ സമയവും അവിടെ തന്നെ ഉണ്ടാകും.

1924-ല്‍ അപ്പന്‍തൊടിക ഉസ്താദ് തന്നെയാണ് ആ ഓത്തുപള്ളി തുടങ്ങിയത് എന്നാണ് ചരിത്രം. ഇന്നു കാണുന്നതുപോലെ മഹല്ലുകളുടെ പൊതു ഉടമസ്ഥതയില്‍ ആയിരുന്നില്ല ഓത്തുപള്ളികള്‍. മൊല്ലാക്കമാര്‍ എന്നറിയപ്പെടുന്ന അധ്യാപകരാണ് ഓത്തുപള്ളികളുടെ നടത്തിപ്പുകാര്‍. മിക്കപ്പോഴും അവരുടെ തന്നെ ഉടമസ്ഥതയിലുള്ള സ്ഥലത്തൊരുക്കിയ താത്കാലിക സൗകര്യങ്ങള്‍ ഉപയോഗിച്ചാണ് പഠനം നടക്കുക. ചിലയിടങ്ങളില്‍ വലിയ കുടുംബങ്ങളുടെ മുന്‍കൈയില്‍ ഓത്തുപള്ളികള്‍ സ്ഥാപിച്ച് മൊല്ലാക്കമാരെ കൊണ്ടുവന്നു പഠിപ്പിക്കും. ഇത്തരം ഓത്തുപള്ളികള്‍ സര്‍ക്കാര്‍ ഏറ്റെടുത്താണ് ഗവണ്മെന്റ് മാപ്പിള സ്‌കൂളുകള്‍ ഉണ്ടായത്.

മെച്ചപ്പെട്ട നടത്തിപ്പുകാര്‍ ഉള്ളയിടങ്ങളില്‍ ഓത്തുപള്ളികള്‍ എയ്ഡഡ് സ്‌കൂളുകളായി തുടര്‍ന്നു. ഓത്തുപള്ളികളുടെ നടത്തിപ്പുകാരോ അധ്യാപകരോ ആയി വേറെയും ആളുകള്‍ പൂനൂര്‍ ഭാഗങ്ങളില്‍ ഉണ്ടായിരുന്നു. കാന്തപുരത്തെ തന്നെ ചോയിമഠം എല്‍ പി സ്‌കൂള്‍ അപ്പാടംകണ്ടി അബൂബക്കര്‍ ഹാജി സ്ഥാപിച്ചതാണ്. ദീര്‍ഘകാലം ഞങ്ങളുടെ മഹല്ലിന്റെ സെക്രട്ടറിയും അവേലത്ത് തങ്ങളുടെ ഉറ്റ കൂട്ടുകാരനും ആയിരുന്നു അദ്ദേഹം. തേക്കിന്‍തോട്ടത്തെ സ്‌കൂള്‍ സ്ഥാപിച്ചത് മറ്റൊരു പണ്ഡിതനായ മടവൂര്‍ സ്വദേശിയായ കുറുത്തോട്ടില്‍ അബൂബക്കര്‍ മുസ്ലിയാര്‍ ആണ്.

മൊല്ലാക്കമാര്‍ എന്നാണ് ഓത്തുപള്ളികളിലെ അധ്യാപകര്‍ അറിയപ്പെട്ടത്. കൂടുതല്‍ പഠിക്കുകയും വലിയ കിതാബുകള്‍ ഓതിക്കൊടുക്കുകയും ചെയ്യുന്നവര്‍ മുസ്ലിയാക്കന്മാരും. മുസ്ലിയാക്കന്മാരുടെ താഴെ നിലയിലുള്ളവര്‍ എന്ന അര്‍ഥത്തിലാവണം ഓത്തുപള്ളിയിലെ ഉസ്താദുമാരെ മുസ്ലിയാക്കന്മാര്‍ എന്ന പദത്തിന്റെ ലോപിച്ച രൂപമായ മൊല്ല എന്ന പദം കൊണ്ടു അഭിസംബോധന ചെയ്യുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ മൊല്ലയ്ക്ക് പണ്ഡിതന്‍ എന്നാണര്‍ത്ഥം. ഓരോ മൊല്ലാക്കയുടെയും അടുത്ത് സൗകര്യങ്ങളും കഴിവും അനുസരിച്ചു കൂടിയോ കുറഞ്ഞോ എണ്ണം കുട്ടികളുണ്ടാകും.

കാന്തപുരത്തിന്റെ ഉമ്മ കുഞ്ഞീമ്മയുടെ ഉപ്പ കുട്ടിമൂസ ഒരു ഓത്തുപള്ളിനടത്തിയിരുന്നു. ഖുറാന്‍ പാരായണത്തില്‍ വലിയ വൈദഗ്ദ്യം ഉള്ളവരായിരുന്നു ആ കുടുംബം. പാരമ്പര്യമായിത്തന്നെ ഖുറാന്‍ പണ്ഡിതരും അധ്യാപകരും ആയിരുന്നു അവരില്‍ അധികം പേരും. ഓത്തുപള്ളികളുമായി നേരത്തെ തന്നെ നിലനിന്നിരുന്ന ആ പരിചയം കൊണ്ടായിരിക്കാം പഠനവുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം തുടക്കം മുതലേ കാന്തപുരത്തെ വാര്‍ത്തെടുത്തത് ഉമ്മയാണ്.

കൂടുതല്‍ കുട്ടികള്‍ ഉള്ള ഓത്തുപള്ളികള്‍ക്ക് ആണ് അക്കാലത്ത് സ്‌കൂള്‍ തുടങ്ങാനുള്ള അനുമതി ലഭിച്ചത്. നൂറ്റിയന്‍പതിലധികം കുട്ടികള്‍ കുണ്ടത്തിലെ ഓത്തുപള്ളിയില്‍ ഉണ്ടായിരുന്നു. അവര്‍ക്കെല്ലാം കൂടി ഒരധ്യാപകനും. അപ്പന്‍തൊടിക ഉസ്താദിന്റെ പേരിലാണ് ഓത്തുപള്ളി അറിയപ്പെടുന്നത് തന്നെ. കൂടുതല്‍ കുട്ടികള്‍ എത്തുകയും ഒറ്റയ്ക്ക് പഠിപ്പിക്കല്‍ ബുദ്ധിമുട്ടാവുകയും ചെയ്തതോടെ കൊടിയത്തൂരില്‍ നിന്നും ഒരു അബൂബക്കര്‍ മുസലിയാരെ കൂടി അപ്പന്‍തൊടിക ഉസ്താദ് തന്നെ ഏര്‍പ്പാടാക്കി.

ഓത്തുപള്ളിയുടെ നടത്തിപ്പും മൊല്ലാക്കയുടെ ഭക്ഷണവും ശമ്പളവും ഉള്‍പ്പടെയുള്ള ചെലവുകളും എല്ലാം മൊല്ലാക്ക തന്നെ സ്വയം കണ്ടെത്തേണ്ട സ്ഥിതിയായിരുന്നു. നാട്ടുകാരുടെ പിന്തുണ ഇക്കാര്യത്തില്‍ നല്ലതുപോലെ ലഭിച്ചു. അബൂബക്കര്‍ ഉസ്താദ് വന്ന ദിവസം മാസത്തില്‍ ഓരോ ദിവസം ഓരോ വീട്ടില്‍ നിന്നായി ഭക്ഷണം ഏര്‍പ്പാടാക്കണമെന്നു അപ്പന്‍തൊടിക ഉസ്താദ് നിര്‍ദേശിച്ചു. അങ്ങിനെയെങ്കില്‍ ഒരു ദിവസം കാന്തപുരത്തിന്റെ വീട്ടിലാക്കാമെന്നും പറഞ്ഞു.

ആലോചിച്ചിട്ടൊന്നുമല്ല, ഒരാഗ്രഹംകൊണ്ടു പറഞ്ഞുപോയതാണെന്നാണ് കാന്തപുരം ആത്മകഥയില്‍ പറയുന്നത്. വീട്ടിലെത്തി ഉമ്മയോട് കാര്യങ്ങള്‍ പറഞ്ഞു. അതു താങ്ങാന്‍ കഴിയുന്ന സാഹചര്യമല്ല വീട്ടിലുള്ളത്. 'അതിനെന്താ, നല്ലതല്ലേ' എന്ന ഭാവത്തില്‍ ഉമ്മ സന്തോഷപൂര്‍വം അതേറ്റു. ഉസ്താദിന് ഭക്ഷണം കൊടുക്കേണ്ട ദിവസം ആയാല്‍ ഉമ്മാക്ക് വെപ്രാളമാണ്. അതിനുള്ള വിഭവങ്ങള്‍ ഒരുക്കൂട്ടാനുള്ള ഓട്ടം. മാസത്തില്‍ ഒരിക്കലാണ് ഭക്ഷണം കൊടുക്കേണ്ടതെങ്കിലും സൂക്ഷിച്ചുവെക്കാന്‍ പറ്റിയ എന്തെങ്കിലും നല്ലൊരു വിഭവം നേരത്തെ കിട്ടിയാല്‍ ഉമ്മ അതു ഉസ്താദിനുവേണ്ടി കരുതിവയ്ക്കും. ഇറച്ചിയും മീനുമൊന്നും അന്നു കഴിച്ചിട്ടില്ല. കുട്ടികളായ ഞങ്ങള്‍ക്കും ഉസ്താദിന്റെ ഭക്ഷണ ദിവസം സന്തോഷം പെരുക്കും. ചെറുപ്പത്തില്‍ ഏറ്റവും രുചിയുള്ള ചോറും കറിയും തിന്നാന്‍ കിട്ടുന്ന ദിവസമാണത്. കറുമൂസ, മുരിങ്ങയില, പച്ചമാങ്ങ, ചേമ്പ് എന്നിങ്ങനെ കറിയും ഉപ്പേരിയുമായി ആ ദിവസം ഒന്നിലധികം വിഭവങ്ങള്‍ ഉണ്ടാകുമെന്നും കാന്തപുരം ഓര്‍ക്കുന്നുണ്ട്.

ഖുറാന്‍ പഠനത്തില്‍ പ്രത്യേക പ്രാവീണ്യം നേടിയ ഖാരിഅ ആയിരുന്നു അബ്ദുല്ല മുസ്ലിയാര്‍. അതുകൊണ്ടു തന്നെ ഖുറാന്‍ പഠനത്തിനായിരുന്നു ഞങ്ങളുടെ ഓത്തുപള്ളിയില്‍ മുന്‍ഗണന. ഏറെ സമയവും ഖുറാന്‍ പാരായണ പരിശീലനത്തിനും തജ്വീദ് പഠനത്തിനും വേണ്ടിയായിരുന്നു നീക്കി വച്ചിരുന്നത്. സ്‌കൂളിനു അവധിയുള്ള ഞായറാഴ്ച ദിവസങ്ങളില്‍ ആണ് മറ്റു വിഷയങ്ങള്‍ പഠിപ്പിക്കുക. അന്നു നാലുമണിവരെ ക്ലാസുണ്ടാകും. അക്ഷരങ്ങളാണ് ആദ്യം പഠിപ്പിക്കുക.

അതിനും പ്രത്യേക രീതികളുണ്ട്. ഒരക്ഷരം എങ്ങിനെയാണ് എന്നതിന്റെ രൂപം പദ്യത്തിലോ ഗദ്യത്തിലോ ആയി ആദ്യം ചൊല്ലി പഠിക്കും. അതും പ്രത്യേക താളത്തിലും ഈണത്തിലും. അതു മനഃപാഠമാക്കിയ ശേഷമാണ് അക്ഷരങ്ങള്‍ എഴുതി തുടങ്ങുക. എഴുതുന്നതിനു മുന്‍പേ ഓരോ അക്ഷരവും ഒരു ചിത്രമായി മനസ്സില്‍ ഉറച്ചിട്ടുണ്ടാകും. ഈ അക്ഷര പഠനം പൂര്‍ത്തിയാക്കാന്‍ തന്നെ ദിവസങ്ങള്‍ എടുക്കും. ക്ളാസില്‍ ചിലര്‍ക്കൊക്കെ സ്‌ളേറ്റ് ഉണ്ടായിരുന്നെങ്കിലും ഭൂരിഭാഗം പേരും മണ്ണ് പലകയില്‍ തേച്ച് ഉണക്കിയെടുത്ത് അതിന്മേലാണ് എഴുതുക. ഓരോ പലകയിലും മുളയുടെ ചെത്തിയുണ്ടാക്കിയ കമ്പു കൊണ്ട് ഉസ്താദ് ആദ്യം എഴുതും.

പേരുസൂചിപ്പിക്കുന്നത് പോലെ ഓത്തുപള്ളിയില്‍ ഓത്തിനായിരുന്നു പ്രാധാന്യം. ഖുറാന്‍ മാത്രമല്ല എന്തും ആദ്യം ഓതിപ്പഠിക്കുക എന്നതായിരുന്നു ശൈലി. ഓതി മനഃപാഠമാക്കിയ ശേഷമാണ് വിശദാശാംശങ്ങളും വിശദീകരണങ്ങളും പഠിക്കുക. 'വായിച്ചൂട്ടി' ഓത്ത് എന്നായിരുന്നു ഈ പഠന രീതിയുടെ പേര് തന്നെ. വായിച്ചു കൂട്ടി ഓതല്‍ എന്ന് അര്‍ഥം.

'അലിഫിന് അ, അയിന് ഉ, വാനീട്ട്, ദാലിന് ദു - അഊദു ബാക്ക് ബി, ലാമിന് ശദ്ദും നീട്ടും വന്നു, ഹാക്കു ഹി, അഊദു ബില്ലാഹി' എന്നിങ്ങനെയാണ് വായിച്ചൂട്ടി ഓത്തിന്റെ ശൈലി. ചൊല്ലിപ്പഠിക്കുന്ന ഈ രീതി മുസ്ലിം വിദ്യാഭ്യാസ സമ്പ്രദായത്തിലെ ഒരു സവിശേഷതയാണ്. കേട്ടു പഠിക്കുന്നത് പോലെ ഒരു കാര്യം പഠിച്ചോ എന്നു ഉസ്താദ് പരിശോധിക്കുന്നതും ചൊല്ലിപ്പിച്ചാണ്. പാഠഭാഗം ഓരോകുട്ടിയും മുഴുവനായും ഓതികേള്‍പ്പിക്കണം. മനഃപാഠത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഈ പഠന രീതി പഴയകാല മതപഠന സംവിധാനങ്ങള്‍ നിലനില്‍ക്കുന്ന മുസ്ലിം സമൂഹങ്ങളില്‍ ഇപ്പോഴും കാണാം. മനഃപാഠത്തിലൂടെ മനനം ചെയ്യുന്ന അറിവുമായി ഒരാത്മബന്ധം ഉണ്ടാക്കിയെടുക്കയാണ് മുസ്ലിംകള്‍ ചെയ്യുന്നത്. ആ ബന്ധം കേവലം ബുദ്ധിപരമായ ഒരേര്‍പ്പാടല്ല. വൈകാരികം കൂടിയാണ്. ഓത്തുപള്ളിയിലെ ഭാഷ അതീവ ഹൃദ്യമാണ്. ഓരോ ഫത്ഹ്, കെസ്റ് എന്നീ ഹര്‍ക്കത്തുകള്‍ക്കു പകരം വെട്ടറാപ്പ്, വളഞ്ഞറാപ്പ്, നീട്ടെറാപ്പ് എന്നൊക്കെയായിരുന്നു ഉപയോഗിച്ചിരുന്നത്.

മുസ്ലിയാക്കന്മാരിലധികവും മലയാളം അറിയാത്തവരായിരുന്നു. അതുകൊണ്ടുതന്നെ സവിശേഷമായ ഭാഷാപ്രയോഗങ്ങള്‍ ഓത്തുപള്ളികളിലും ദര്‍സുകളിലും പ്രചാരത്തിലുണ്ടായിരുന്നു. ഞെട്ടുറുമ, ഞെട്ടാന്തരം , നുറുമ്പിര്യായിരം, ഇങ്കിരയപ്പാട്, വളുതം, എടം തട്ടിക്കല്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്.

ഉസ്താദിന്റെ ഖുറാന്‍ പാരായണം അതീവ ഹൃദ്യവുമായിരുന്നു. വയല്‍ക്കരയോട് ചേര്‍ന്നുള്ള ഓത്തുപള്ളിയില്‍ നിന്നും അതിരാവിലെയുള്ള ഉസ്താദിന്റെ ഖുര്‍ആന്‍ പാരായണം വയലിന്റെ ഇങ്ങേതലക്കല്‍ വരെ കേള്‍ക്കാം. ഒരു ആയത്ത് പഠിപ്പിക്കാന്‍ ചിലപ്പോള്‍ ഒന്നോ രണ്ടോ ക്ളാസുകള്‍ മുഴുവനും എടുത്തെന്നു വരും. അവസാനത്തെ കുട്ടിയും പഠിച്ചു എന്നു ബോധ്യപ്പെട്ടാലേ ഉസ്താദ് അടുത്ത പാഠഭാഗത്തേക്കു നീങ്ങൂ. എന്റെയൊരു സഹപാഠി അബൂബക്കര്‍ ഉണ്ടായിരുന്നു. പുതുതായി ഇസ്ലാം സ്വീകരിച്ച കുടുംബമായിരുന്നു അവന്റേത്.

അറബി പഠിക്കാന്‍ അവന് തുടക്കത്തില്‍ ചില പ്രയാസങ്ങള്‍ ഉണ്ടായി. പ്രത്യേകിച്ചും മലയാളത്തില്‍ ഇല്ലാത്ത അറബി അക്ഷരങ്ങളുടെ ഉച്ചാരണം പഠിക്കാന്‍. അബൂബക്കറിന്റെ പഠനത്തിനു കൂടുതല്‍ സമയമെടുക്കുന്നത് ഞങ്ങളുടെയും പഠനത്തെ സഹായിച്ചു എന്നുപറയാം. അവനോടൊപ്പം ആവര്‍ത്തിച്ചു പറഞ്ഞു അക്ഷരങ്ങളുടെ ഉച്ചാരണം നല്ലതുപോലെ ശരിയാക്കാനുള്ള അവസരം കിട്ടി. അല്‍ഹാക്കു മൂത്തകാസൂര്‍ എന്ന വാക്ക് പഠിപ്പിക്കുമ്പോള്‍ അല്‍ ഹാ, അല്‍ഹാ അല്‍ഹാ എന്ന് അവനുവേണ്ടി പത്തിരുപത് തവണ ഉസ്താദ് ആവര്‍ത്തിക്കും. തൊണ്ടയുടെ പ്രത്യേക ഭാഗത്തുനിന്ന് മൊഴിഞ്ഞാലേ അറബിയിലെ ഹാ യുടെ ഉച്ചാരണം ശരിയാവുകയുള്ളൂ. കുട്ടികള്‍ ആ പൂര്‍ണ്ണത കൈവരിക്കണമെന്നുള്ള ആഗ്രഹം കൊണ്ടാണ് ഉസ്താദ് ഇങ്ങനെ ചെയ്യുന്നത്. ഇങ്ങനെ ഓരോ അക്ഷരങ്ങള്‍ക്കു വേണ്ടിയും ക്ളാസ്സിലെ ഓരോ കുട്ടിക്കു വേണ്ടിയും ഉസ്താദ് കഠിനാദ്ധ്വാനം ചെയ്യും.

ഉസ്താദിന്റെ തല വയല്‍വരമ്പില്‍ കണ്ടാല്‍ തന്നെ കുട്ടികള്‍ ക്ലാസ്സില്‍ പോയിരിക്കും. പിന്നെ സൂചി വീണാല്‍ കേള്‍ക്കുന്ന നിശബ്ദതയാണ്. മറ്റു അധ്യാപകരെ അപേക്ഷിച്ചു കുട്ടികളെ തല്ലുന്ന കാര്യത്തില്‍ അങ്ങേയറ്റത്തെ പിശുക്കനായിരുന്നു ഉസ്താദ്. ചെറിയൊരു വടി കൈയില്‍ ഉണ്ടാവുമെങ്കിലും അതിന്റെ ആവശ്യം ഉണ്ടാവാറില്ല. ഗൗരവമുള്ള ഒരൊറ്റ നോട്ടത്തിലൂടെ തന്നെ അദ്ദേഹം കുട്ടികളുടെ തെറ്റുകള്‍ തിരുത്തിക്കും. രണ്ടു കയ്യും കൂട്ടിപ്പിടിച്ചു ക്ലാസ്സിനു പുറത്തേക്കു പിടിച്ചുകൊണ്ടുപോകലാണ് ഉസ്താദിന്റെ വലിയ ശിക്ഷ.

കവുങ്ങിന്‍ പാളകൊണ്ടു ഉസ്താദ് ഉണ്ടാക്കുന്ന മനോഹരമായ വിശറി സ്‌കൂള്‍ പഠനകാലത്തെ ഞങ്ങളുടെ പ്രധാന കൗതുകവസ്തുവായിരുന്നു. വീണുകിടക്കുന്ന കവുങ്ങിന്‍ പാളകള്‍ ശേഖരിച്ചു അതില്‍ കല്ലുകള്‍ കയറ്റിവച്ച് ആദ്യം നിവര്‍ത്തിയെടുക്കും. ശേഷം വിശറിയുടെ ആകൃതിയില്‍ മനോഹരമായി അരിക്കൊപ്പിച്ച് മുറിച്ചെടുക്കും. ഇതിനായി ഒരു പ്രത്യേക കത്തി തന്നെ എപ്പോഴും അരയില്‍ കരുതിയിട്ടുണ്ടാകും. ദിവസങ്ങളോളം വെയിലത്തിട്ടു ഉണക്കിയെടുക്കുന്ന ഈ പാളയില്‍ പ്രത്യേക രീതിയില്‍ മെടഞ്ഞെടുത്ത പിടിയോടുകൂടിയാണ് വിശറി നിര്‍മിക്കുക. ഉരുട്ടിയെടുത്ത പിടിയാണ് വിശറിയുടെ മാറ്റ് കൂട്ടുന്നത്.

വീശുന്നവര്‍ക്ക് കനം തോന്നാതിരിക്കാനും കൂടുതല്‍ കാറ്റു കിട്ടാനും വേണ്ടി വിശറിയുടെ ഉള്‍ഭാഗത്ത് ചെറിയ സുഷിരങ്ങള്‍ കൂടി ഇടുന്നതോടെ ഉസ്താദിന്റെ വേനല്‍ക്കാല സ്പെഷ്യല്‍ വിശറി റെഡി. ഏകാഗ്രതയോടെ കുനിഞ്ഞിരുന്നു വിശറിയുണ്ടാക്കുന്ന ഉസ്താദിന് ചുറ്റും ഞങ്ങള്‍ വട്ടം കൂടി നില്‍ക്കും. ദിവസങ്ങളെടുത്താണ് ഓരോ വിശറിയും ഉണ്ടാക്കുക. ഇത് ചിലപ്പോള്‍ കുട്ടികള്‍ക്ക് സമ്മാനമായും മറ്റുചിലപ്പോള്‍ വീട്ടുകാര്‍ക്ക് ഹദിയയായും കിട്ടും. ചപ്പുചവറുകള്‍ കോരിയെടുക്കാനും കുട്ടികള്‍ കളിക്കാനുള്ള വണ്ടിയായും മാത്രം ഉപയോഗിച്ചിരുന്ന പാള ഉസ്താദിന്റെ കരവിരുതില്‍ വീടുകളിലെ ഒരലങ്കാര വസ്തുവായി മാറി.

കാലങ്ങളോളം കാന്തപുരത്തെയും പരിസരത്തെയും വീടുകളിലെ ഫാന്‍ ഈ വിശറി ആയിരുന്നു. ഓതാന്‍ കൂട്ടുമ്പോള്‍ നല്‍കുന്ന ഹദിയ, വ്യാഴാഴ്ച കാശ്, ഖുറാന്‍ പഠനം ഓരോ ജൂസ്ഉം പൂര്‍ത്തിയാകുമ്പോള്‍ നല്‍കുന്ന ജുസ്ഇന്റെ വെള്ളി, പെരുന്നാള്‍- കല്യാണം തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ നല്‍കുന്ന ഹദിയ, കൊയ്ത്തുകാലത്ത് കൃഷിയുള്ളവര്‍ നെല്ലില്‍ നിന്നും നല്‍കുന്ന വിഹിതം എന്നിവയിലൂടെയാണ് ഓത്തുപള്ളിയുടെ ചെലവുകള്‍ നിര്‍വഹിച്ചുപോന്നത്. ഇതൊന്നും നിര്‍ബന്ധമോ പിരിച്ചെടുക്കാന്‍ ആളുകളെ ഏര്‍പ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഉള്ളവര്‍ ഉള്ളതുപോലെ കൊടുക്കും. ഓത്തുപള്ളിക്കുള്ള വിഹിതം കൊടുക്കുന്നതില്‍ ആരും വീഴ്ച കാണിക്കാറുണ്ടായിരുന്നില്ല. ഉസ്താദിനോടുള്ള അദബിന്റെ ഭാഗമായാണ് ഇതിനെ കുട്ടികളും രക്ഷിതാക്കളും കണ്ടിരുന്നത്.

ഒരുമണി മുതല്‍ രണ്ടു മണിവരെയാണ് ഉച്ചഭക്ഷണത്തിനുള്ള സമയം. ഭൂരിഭാഗം വീടുകളിലും ഉച്ചഭക്ഷണം പതിവില്ലാത്ത കാലമാണ്. അതുകൊണ്ട് സ്‌കൂളിലും പേരിന് ഇടവേള ഉണ്ടാവും എന്നല്ലാതെ കുട്ടികളാരും വീട്ടില്‍ പോകുന്ന പതിവില്ല. ചുറ്റുവട്ടത്തിരുന്നു വിവിധ കളികളില്‍ ഏര്‍പ്പെടും. പന്തുകളിയാണ് അക്കാലത്തെ ആണുങ്ങളുടെ പ്രധാന കളികളിലൊന്ന്.  സ്വതവേ കളിയില്‍ താല്പര്യമില്ലാത്ത അബുബക്കര്‍ കാഴ്ചക്കാരനായി നോക്കി നില്‍ക്കും.

കൂട്ടുകാരുടെ നിര്‍ബന്ധത്തില്‍ ചില സമയങ്ങളില്‍ പന്തുതട്ടാനിറങ്ങും. മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സ്‌കൂളില്‍ പാല്‍ വിതരണം ആരംഭിച്ചത്. ചാക്കുകളില്‍ എത്തിക്കുന്ന പാല്‍പ്പൊടി ചൂടുവെള്ളത്തില്‍ കലക്കി നല്‍കലാണ് പതിവ്. ഇത് കുടിക്കാനുള്ള പാത്രം വീട്ടില്‍ നിന്ന് കൊണ്ടുപോകും. അതിരാവിലെ ഒരു ഗ്ലാസ് കട്ടന്‍ ചായയോ കപ്പക്കിഴങ് പുഴുങ്ങിയതോ മാത്രം കഴിച്ചു സ്‌കൂളിലേക്ക് പോകുന്നവര്‍ക്ക് ആ പാല്‍പ്പൊടി വലിയ ഒരാശ്വാസമാണ്. പഞ്ചസാരയുടെ മധുരം ആദ്യമായി മതിവരുവോളം അറിഞ്ഞതും സ്‌കൂളിലെ ഈ പാല്‍ വെള്ളത്തില്‍ നിന്നാണെന്നുള്ളതും കാന്തപുരം ഓര്‍ക്കുന്നുണ്ട്. അങ്ങനെ നിരവധി അനുഭവങ്ങളാണ് കാന്തപുരത്തിന്റെ ജീവിതത്തിലൂടെ കടന്നുപോകുന്നത്.

ആ ജീവിതാനുഭവം തന്നെയാണ് നിമിഷപ്രിയയുടെ ജീവനായി ഇടപെടാന്‍ കാന്തപുരത്തെ പ്രേരിപ്പിച്ചതും.... ഇസ്രയേലിലേക്ക് നിരന്തരം റോക്കറ്റ് പായിക്കുന്ന ഹൂതികളെ മാത്രമാണ് പുറം ലോകത്തിന് അറിവുള്ളു അല്ലെങ്കില്‍ അങ്ങനെ പ്രചരിപ്പിക്കാറുള്ളു.. അവിടെയാണ് കാന്തപുരത്തിന്റെ ഇടപെടല്‍ ഉണ്ടായിരിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ചര്‍ച്ചകളുടെ ഭാഗമായി ഇറാന്‍ പ്രസിഡന്റ് പോലും ഇടപെട്ടിട്ടും യെമനിലെ ഹൂതി ഭരണകൂടം വഴങ്ങാന്‍ തയാറായിരുന്നില്ല.

കാരണം,  ഇസ്ലാമിക നിയമം കര്‍ശനമായി നടപ്പിലാക്കിയ ഹൂതി ഭരണത്തിന്റെ നിയന്ത്രണത്തിലുള്ള യെമന്റെ ഒരു ഭാഗത്താണ് നിമിഷപ്രിയ ഉള്‍പ്പെട്ട കേസിന്റെ വിചാരണ നടന്നത്. വളരെ വിചിത്രമാണ് അവിടുത്തെ വധശിക്ഷാ രീതികള്‍... ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവയ്ക്കല്‍, കല്ലെറിയല്‍, തലവെട്ടല്‍ എന്നിവ ഉള്‍പ്പെടെയുള്ള നിരവധി വധശിക്ഷാ രീതികളാണ് യെമനില്‍ നിലനില്‍ക്കുന്നത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളില്‍ അടുത്തിടെ ഫയറിംഗ് സ്‌ക്വാഡ് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുന്നതാണ് സാധാരണയായി പിന്തുടര്‍ന്ന് വരുന്നത്. ഇന്ത്യയില്‍ തൂക്കിക്കൊല്ലലാണ് സാധാരണ രീതി. യെമനില്‍ വധശിക്ഷകള്‍ മതപരമായ നടപടിക്രമങ്ങള്‍ പാലിക്കുന്നവയാണ്. കുറ്റവാളിയെ വധശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് കണ്ണുകെട്ടാറുണ്ട്. ഇതിന് മുമ്പായി അവര്‍ക്ക് പ്രാര്‍ത്ഥിക്കാനും മതഗ്രന്ഥങ്ങള്‍ വായിക്കാനും അനുമതിയുണ്ട്.

സാധാരണയുള്ള ഫയറിംഗ് സ്‌ക്വാഡ് വധശിക്ഷയില്‍ മരണം ഉറപ്പാക്കാന്‍ പ്രതിയുടെ നെഞ്ചിലോ പുറകിലോ ഹൃദയത്തിനടുത്തായോ ഒന്നിലധികം തവണ വെടിവയ്ക്കുകയാണ് ചെയ്യുക. യെമനിലെ നിയമപ്രകാരം ഇത് അനുവദനീയമാണെങ്കിലും വധശിക്ഷ നടപ്പാക്കുന്നതില്‍ സുതാര്യതയും ന്യായമായ നടപടിക്രമങ്ങളും പാലിക്കാത്തതിനാല്‍ മനുഷ്യാവകാശ സംഘടനകള്‍ ഇതിനെ അപലപിച്ചിട്ടുണ്ട്. ഹൂതികളുടെ നേതൃത്വത്തിലുള്ള കോടതികള്‍ക്ക് കീഴില്‍ ന്യായമായ നടപടിക്രമങ്ങള്‍ പലപ്പോഴും പാലിക്കപ്പെടാറില്ല. ന്യായമായ വിചാരണ നടത്തുന്നതിനും നിയമപരമായ പ്രതിനിധികളുടെ സഹായം തേടുന്നത് സംബന്ധിച്ചും അന്താരാഷ്ട്ര നിരീക്ഷണ സംഘങ്ങള്‍ പലപ്പോഴും ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. വിദേശപൗരന്മാരുടെ കാര്യം വരുമ്പോള്‍ മിക്കപ്പോഴും അവര്‍ക്ക് ആവശ്യമായ നിയമസഹായമൊന്നും ലഭിക്കാറില്ല.

യെമനില്‍ വധശിക്ഷകള്‍ നല്‍കുന്നത് വര്‍ധിച്ചുവരികയാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു, പ്രത്യേകിച്ച് ഹൂതി സൈന്യത്തിന് സ്വാധീനമുള്ള വടക്കന്‍ പ്രദേശങ്ങളില്‍. 2014ല്‍ സന പിടിച്ചെടുത്തതിന് ശേഷം ഹൂതികള്‍ അക്രമ കുറ്റകൃത്യങ്ങള്‍ക്ക് മാത്രമല്ല, ധാര്‍മികവും രാഷ്ട്രീയപരവുമായ കുറ്റകൃത്യങ്ങള്‍ക്കും വധശിക്ഷ നല്‍കുന്നുണ്ട്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ നീതിന്യായ വ്യവസ്ഥ പലപ്പോഴും അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെടുന്നുണ്ടെന്നും തെറ്റായ അന്വേഷണവും പ്രതിരോധിക്കാനുള്ള അവസരങ്ങള്‍ കുറയുന്നത് മൂലവുമാണ് പലപ്പോഴും വധശിക്ഷകള്‍ വിധിക്കുന്നതെന്നും വിമര്‍ശകര്‍ പറയുന്നുണ്ട്.

കൊലപാതകം, ബലാത്സംഗം, ഭീകരവാദം, ചാരവൃത്തി, വിശ്വാസം ഉപേക്ഷിക്കല്‍, വ്യഭിചാരം എന്നിവ ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് യെമനില്‍ വധശിക്ഷ നല്‍കുന്നത് നിയമപരമാണ്. മുമ്പ് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് പോലും വധശിക്ഷ നല്‍കിയിട്ടുണ്ട്. ഇതിനെ യുഎന്നും മറ്റ് മനുഷ്യാവകാശ സംഘടനകളും വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.

യെമന്‍ നിയമപ്രകാരം വധശിക്ഷ ഇളവ് ചെയ്യാനും മാപ്പ് നല്‍കാനുമുള്ള അധികാരം പ്രസിഡന്റിനാണ്. എന്നാല്‍ യെമനിലെ ഭരണം പല ഘടകങ്ങളായി വിഘടിച്ചു കിടക്കുകയാണ്. അതുകൊണ്ടാണ് നടപടിക്രമങ്ങള്‍ സങ്കീര്‍ണമാക്കുന്നത്. തെക്കന്‍ യെമന്‍ ആസ്ഥാനമായുള്ള സര്‍ക്കാരിനാണ് അന്താരാഷ്ട്ര അംഗീകാരമെങ്കിലും നിമിഷപ്രിയയെ വിചാരണ ചെയ്ത് ശിക്ഷിച്ച പ്രദേശം ഉള്‍പ്പെടെ രാജ്യത്തിന്റെ വലിയൊരു ഭാഗത്ത് ഹൂതി ഭരണകൂടമാണ് യഥാര്‍ത്ഥ അധികാരം പ്രയോഗിക്കുന്നത്.

ഇന്ത്യയ്ക്ക് നയതന്ത്രപരമായി ഇടപെടല്‍ നടത്താന്‍ തീര്‍ത്തും വിരളമായ സാധ്യത മാത്രമുള്ളിടത്താണ് സ്വകാര്യ ഇടപെടലുകള്‍ നിര്‍ണായകമായത്.  ഇന്ത്യയെ സംബന്ധിച്ചിടത്തോളം നയതന്ത്രമായി ഇടപെടാന്‍ പരിമിതികളുള്ള പ്രദേശമായ സനയിലാണ് നിമിഷപ്രിയ അറസ്റ്റിലായതെന്നതാണ് പ്രധാന കാരണം. ഈ പ്രദേശമാട്ടെ ഹൂതികളുടെ നിയന്ത്രണത്തിലുമാണ്. അതുകൊണ്ട് തന്നെ കേന്ദ്രസര്‍ക്കാരിന് വിഷയത്തില്‍ ഇടപെടുന്നതില്‍ പരിധിയുണ്ടെന്ന് കഴിഞ്ഞ ദിവസം അറ്റോണി ജനറല്‍ ആര്‍. വെങ്കടരമണിയും കോടതിയെ അറിയിച്ചിരുന്നു.

യെമനിലെ സങ്കീര്‍ണ സാഹചര്യം തന്നെയാണ് ഇതിന് കാരണം. യെമനില്‍ കാര്യമായൊന്നും ഇന്ത്യയ്ക്ക് ചെയ്യാനാകില്ല. ഇവിടെ ഭരിക്കുന്ന ഹൂതികളെ നയതന്ത്രപരമായി അംഗീകരിച്ചിട്ടില്ല. യെമനില്‍ ഇന്ത്യക്ക് എംബസി ഇല്ലെന്നതും ഈ സങ്കീര്‍ണതയേറ്റി. ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനയ്ക്ക് പകരം,ലോക രാജ്യങ്ങള്‍ അംഗീകരിച്ച ഏഡനില്‍ വച്ചാണ് നിമിഷപ്രിയ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നതെങ്കില്‍ സ്ഥിതി വ്യത്യസ്തമാകുമായിരുന്നു എന്നും കോടതിയില്‍ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

അനൗദ്യോഗികമായ മാര്‍ഗങ്ങളിലൂടെയാണ് സര്‍ക്കാര്‍ ഇടപെടലെന്നാണ് അറ്റോണി ജനറല്‍ കോടതിയെ അറിയിച്ചത്. യെമനില്‍ എന്താണ് നടക്കുന്നതെന്ന് ഞങ്ങള്‍ക്ക് അറിയില്ല എന്നായിരുന്നു അറ്റോണി ജനറലിന്റെ വിശദീകരണം. യെമന്റെ തലസ്ഥാനമടക്കമുള്ള മേഖല ഭരിക്കുന്ന ഹൂതികളുമായി ഇന്ത്യയ്ക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. തലസ്ഥാനമായ സനയിലാണ് നിമിഷ പ്രിയ ജയിലില്‍ കഴിയുന്നത്. ലോകത്തെ മറ്റിടം പോലെയല്ല യെമന്‍. പൊതുവായി പോയി സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാക്കാതെ സ്വകാര്യ ഇടപെടല്‍ ശ്രമിക്കുകയാണെന്നും ചില ഷെയ്ഖമാരെയും അവിടെ സ്വാധീനമുള്ള ആളുകളെയും ഇടപെടിക്കുന്നുണ്ടെന്നുമാണ് കേന്ദ്രം അറിയിച്ചത്.

ഇതാണ് കേസില്‍ കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഇടപെടാനുമുണ്ടായ കാരണം.  കാന്തപുരത്തിന്റെ നിര്‍ദ്ദേശപ്രകാരം യെമനിലെ സൂഫി പണ്ഡിതന്‍ ഷെയ്ക്ക് ഹബീബ് ഉമര്‍ ബിന്‍ ഹാഫിസ് നടത്തുന്ന ചര്‍ച്ചകളാണ് നിമിഷപ്രിയയുടെ കേസില്‍ നിര്‍ണായകമായത്.

കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായി അടക്കം ഉമര്‍ ബിന്‍ ഹാഫിസിന്റെ പ്രതിനിധികള്‍ കൂടിക്കാഴ്ച നടത്തുന്നുണ്ട്. ഇതുവരെ അടുക്കാതിരുന്ന കൊല്ലപ്പെട്ട തലാല്‍ അബ്ദുമഹ്ദിയുടെ കുടുംബം ഉമര്‍ ബിന്‍ ഹാഫിസിന്റെ പ്രതിനിധികളുമായി ചര്‍ച്ച നടത്താന്‍ സമ്മതിച്ചത് കേസില്‍ അനുകൂലമായാണ് കാണുന്നത്. തലാലിന്റെ കൊലപാതകം, വീട്ടുകാര്‍ക്കപ്പുറം ധമാര്‍ മേഖലയിലടക്കം വൈകാരികമായ വിഷയമാണ്. ഇക്കാരണത്താലാണ് കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി ഇതിനുമുമ്പ് ബന്ധം സ്ഥാപിക്കാനാകാന്‍ സാധിക്കാത്തതിരുന്നത്.

 

nimishapriya case Kanthapuram AP Aboobacker Musliyar