നിമിഷപ്രിയയുടെ വധശിക്ഷ ജൂലൈ 16 ന്; ഒഴിവാക്കാന്‍ തീവ്രശ്രമം

2017 ജൂലൈ 25 നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്

author-image
Biju
New Update
minisha

ന്യൂഡല്‍ഹി: യെമന്‍ പൗരന്‍ തലാല്‍ അബു മഹ്ദി കൊല്ലപ്പെട്ട കേസില്‍ യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയുടെ വധശിക്ഷ ഈ വരുന്ന ജൂലൈ 16 ന് നടപ്പാക്കും. ഇതു സംബന്ധിച്ച ഉത്തരവില്‍ യെമനിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഒപ്പുവച്ചു.

വധശിക്ഷ ഒഴിവാക്കാനുള്ള നിയമപരമായ വഴികളെല്ലാം അടഞ്ഞതായും സനായിലുള്ള തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സാമുവല്‍ ജെറോം പറഞ്ഞു. ഇതിനായി തലാലിന്റെ കുടുംബത്തെ കാണാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. വധശിക്ഷ ഒഴിവാക്കാനുള്ള തീവ്രശ്രമം നടക്കുന്നതായും സാഹചര്യം നിരിക്ഷിക്കുന്നുണ്ടെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. 

വധശിക്ഷയ്ക്കുള്ള ഉത്തരവ് ജയിലില്‍ എത്തിയിട്ടുണ്ട്. ഇക്കാര്യം നിമിഷ പ്രിയയെയും യെമനിലെ ഇന്ത്യന്‍ എംബസിയെയും അറിയിച്ചിട്ടുണ്ട്. തലാലിന്റെ കുടുംബത്തിന് 10 കോടി ഡോളര്‍ (ഏകദേശം 8.57 കോടി രൂപ) ദയാധനമായി നല്‍കാമെന്ന് അറിയിച്ചിരുന്നു. 

കുടുംബവുമായി നടക്കുന്ന ചര്‍ച്ചയില്‍ നിമിഷ പ്രിയയ്ക്ക് മാപ്പു നല്‍കാന്‍ തലാലിന്റെ കുടുംബം തയ്യാറായാല്‍ മാത്രമേ മോചനത്തിനു വഴിയൊരുങ്ങൂ. യെമനില്‍ ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനായിലാണ് നിമിഷ പ്രിയ കഴിയുന്നത്. ഹൂതികളുമായി ബന്ധമുള്ള ഇറാന്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തി നിമിഷപ്രിയയുടെ മോചനം സാധ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചെങ്കിലും ഇക്കാര്യത്തിലും തുടര്‍നീക്കങ്ങളുണ്ടായില്ല. യെമനുമായി ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി സെയ്ദ് അബ്ബാസ് ഇന്ത്യയെ അറിയിച്ചിരുന്നു.

എന്നാല്‍ ഈ ചര്‍ച്ചയ്ക്ക് എന്തു സംഭവിച്ചുവെന്നതു സംബന്ധിച്ചും ഇതുവരെ വ്യക്തത വന്നിട്ടില്ല. നിമിഷ പ്രിയയുടെ അമ്മ പ്രേമ കുമാരി ഇപ്പോഴും യെമനിലുണ്ട്. 2024 ഏപ്രിലിലാണ് പ്രേമ കുമാരി സനായിലെത്തിയത്. ഇവര്‍ ജയിലിലെത്തി 11 വര്‍ഷത്തിനുശേഷം മകളെ കണ്ടിരുന്നു. സ്വാധീനമുള്ള വ്യക്തികളെ ഉപയോഗിച്ച് ഗോത്രത്തലവന്‍മാരുമായി ചര്‍ച്ച നടത്താനാണ് സാമുവല്‍ ജെറോമിനൊപ്പം പ്രേമകുമാരി സനായില്‍ എത്തിയതെങ്കിലും ഈ ചര്‍ച്ചയും കാര്യമായി മുന്നോട്ടു പോയിരുന്നില്ല.

2017  ജൂലൈ 25  നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയ യെമന്‍കാരനായ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തി വീട്ടിലെ വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് കേസ്. തലാലിനൊപ്പം ക്ലിനിക് നടത്തുകയായിരുന്നു നിമിഷപ്രിയ. 

സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാല്‍ അബ്ദുമഹദി പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. പാസ്പോര്‍ട്ട് പിടിച്ചുവെച്ച് നാട്ടില്‍ വിടാതെ പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി ഇവര്‍ ആരോപിച്ചിരുന്നു. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

നിമിഷ പ്രിയ തലാലിന്റെ ഭാര്യയാണെന്നതിന് യെമനില്‍ രേഖകളുണ്ട്. എന്നാല്‍ ക്ലിനിക്കിനുള്ള ലൈസന്‍സ് എടുക്കുന്നതിനുണ്ടാക്കിയ താല്‍ക്കാലിക രേഖ മാത്രമാണിതെന്നാണ് നിമിഷയുടെ വാദം. തലാല്‍ തന്നെ വഞ്ചിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നും നിമിഷ ആരോപിച്ചിരുന്നു. 
നിമിഷപ്രിയയും യമന്‍ സ്വദേശിയായ സഹപ്രവര്‍ത്തക ഹനാനുമാണ് കേസില്‍ അറസ്റ്റിലായത്. കീഴ്ക്കോടതിയാണ് നിമിഷയെ വധശിക്ഷക്ക് വിധിച്ചത്.

 

nimishapriya case