/kalakaumudi/media/media_files/2025/07/24/nimisha-2025-07-24-18-58-20.jpg)
സന: യെമനിലെ ജയിലില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ ശ്രമങ്ങള്‍ തുടരുമ്പോള്‍, അവകാശവാദങ്ങളും വിവാദങ്ങളും നിറയുകയാണ്. താന്‍ യെമനില്‍ ആരുടെയും തടവിലല്ലെന്ന് നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കുന്നു. മകളെ യെമനില്‍ വിട്ടിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല. ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും, അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും ഫേസ്ബുക്ക് വീഡിയോയിലൂടെ അമ്മ പ്രേമകുമാരി ആവശ്യപ്പെട്ടു. നിമിഷ പ്രിയയുടെ ശിക്ഷാ ഇളവ് തേടിയുള്ള ശ്രമങ്ങള്‍ക്കായി ഒരു വര്‍ഷത്തോളമായി പ്രേമകുമാരി യെമനിലാണ്.
ആരുടെയും തടവിലല്ല യെമനില്‍ കഴിയുന്നതെന്ന് നിമിഷ പ്രിയയുടെ അമ്മ വീഡിയോയില്‍ പറയുന്നു. മകളെ യെമനില്‍ വിട്ട് നാട്ടിലേക്ക് വരാന്‍ കഴിയില്ല. ആരും നിര്‍ബന്ധിച്ച് യെമനില്‍ പിടിച്ച് വെച്ചിട്ടില്ലെന്നും നിമിഷ പ്രിയയുടെ അമ്മ വ്യക്തമാക്കി. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും അനാവശ്യ പ്രചാരണങ്ങള്‍ നടത്തരുതെന്നും പ്രേമകുമാരി പറയുന്നു. നിമിഷ പ്രിയയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും അറിയിക്കുന്നുണ്ട്. നിമിഷയെ കാണാനും കഴിയുന്നുണ്ടെന്ന് പ്രേമകുമാരി വീഡിയോയില്‍ പറഞ്ഞു. മകളുമായി തിരികെ നാട്ടിലെത്തണമെന്നാണ് ആഗ്രഹമെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. 2024 ഏപ്രില്‍ 20 മുതല്‍ യെമനില്‍ കഴിയുകയാണ് നിമിഷ പ്രിയയുടെ അമ്മ.
അതേസമയം, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനില്‍ കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ മെഹദി അബ്ദുല്‍ ഫത്താഹ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിന്റെ അനുവാദമില്ലാതെയാണ് ചര്‍ച്ചകള്‍ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാര്‍ത്തകള്‍ പൂര്‍ണമായും തെറ്റാണെന്നും ഫത്താഹ് പറഞ്ഞു. തുടക്കം മുതലേ സമവായ ചര്‍ച്ചകള്‍ക്കെതിരെ നിലകൊള്ളുന്ന ആളാണ് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്മാരില്‍ ഒരാളായ അബ്ദുല്‍ ഫത്തഹ്. നേരത്തെ മധ്യസ്ഥതയ്ക് മുന്‍കൈയെടുക്കുന്ന സാമുവല്‍ ജെറോം വലിയ തുക കൈപ്പറ്റിയതായി ഫത്തേഹ് ആരോപിച്ചിരുന്നു.