/kalakaumudi/media/media_files/2025/07/27/iran-2025-07-27-13-52-21.jpg)
ടെഹ്‌റാന്‍ : തെക്കുകിഴക്കന്‍ ഇറാനിലെ സഹെദാനില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു. സഹെദാനിലെ ഒരു ജുഡീഷ്യറി കെട്ടിടത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. ജെയ്ഷ് അല്‍-അദ്ല്‍ ഭീകരര്‍ ആണ് ആക്രമണം നടത്തിയത്.
ആക്രമണത്തിന്റെ ഉത്തരവാദിത്തം ജെയ്ഷ് അല്‍-അദ്ല്‍ എന്ന സുന്നി തീവ്രവാദ സംഘടന ഏറ്റെടുത്തതായി ഇറാന്റെ അര്‍ദ്ധ-ഔദ്യോഗിക ഫാര്‍സ് ന്യൂസ് ഏജന്‍സി സ്ഥിരീകരിച്ചു. കോടതിമുറിക്ക് ചുറ്റും വെടിയൊച്ചകളും സ്‌ഫോടനങ്ങളും കേട്ടതായി ദൃക്സാക്ഷികള്‍ വിവരിച്ചു. ജഡ്ജിമാരുടെ ചേംബറില്‍ തോക്കുധാരികള്‍ അതിക്രമിച്ചു കയറിയാണ് ആക്രമണം നടത്തിയത് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ഭീകരാക്രമണത്തില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും കുറഞ്ഞത് 13 പേര്‍ക്ക് പരിക്കേറ്റതായും അവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇറാന്‍ സൈന്യം സ്ഥിരീകരിച്ചു. ജുഡീഷ്യറി ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ആണ് ഭീകരാക്രമണത്തിന് ഇരകളായത്. പാകിസ്താനുമായും അഫ്ഗാനിസ്ഥാനുമായും ഉള്ള ഇറാന്റെ അതിര്‍ത്തി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ് അല്‍-അദല്‍ നേരത്തെയും ഇറാനില്‍ നിരവധി ഭീകരാക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്.