ലയനത്തിലൂടെ ലോകത്തിലെ മൂന്നാമത്തെ വലിയ വാഹനകമ്പനി ആകാൻ ഒരുങ്ങി ഹോണ്ടയും നിസാനും

ഹോണ്ടയും നിസാനും സംയുക്ത ഹോള്‍ഡിങ് കമ്പനിയുടെ കീഴില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്ന് ഹോണ്ടയുടെ പ്രസിഡന്റ് തോഷിഹിരോ മിബെ പറഞ്ഞു.

author-image
Subi
New Update
honda

ടോക്കിയോ: ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ടയും നിസാനും പരസ്പരം ലയിക്കാൻ ഒരുങ്ങുന്നു. ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഇരു കമ്പനികളും ഒപ്പുവെച്ചു കഴിഞ്ഞു . ഇത് യാഥാര്‍ഥ്യമാകുന്നതോടെ വില്‍പ്പനയില്‍ ലോകത്തെ മൂന്നാമത്തെ വാഹന നിര്‍മ്മാണ കമ്പനിയായി ഇത് മാറും. നിസാന്‍ സഖ്യത്തിലെ ചെറിയ അംഗമായ മിറ്റ്‌സുബിഷി മോട്ടോഴ്സും അവരുടെ ബിസിനസുകള്‍ ഇതില്‍ സംയോജിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ പങ്കുചേരാന്‍ സമ്മതിച്ചു.

 

ഹോണ്ടയും നിസാനും സംയുക്ത ഹോള്‍ഡിങ് കമ്പനിയുടെ കീഴില്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ശ്രമിക്കുമെന്ന് ഹോണ്ടയുടെ പ്രസിഡന്റ് തോഷിഹിരോ മിബെ പറഞ്ഞു. ഓരോ കമ്പനിയുടെയും തത്വങ്ങളും ബ്രാന്‍ഡുകളും നിലനിര്‍ത്തിക്കൊണ്ട് ഹോണ്ട തുടക്കത്തില്‍ പുതിയ മാനേജ്മെന്റിനെ നയിക്കും. ജൂണില്‍ ഒരു ഔപചാരിക ലയന കരാര്‍ ഉണ്ടാക്കുകയും 2026 ഓഗസ്റ്റില്‍ കരാര്‍ പൂര്‍ത്തിയാക്കുകയും ചെയ്യുക എന്നതാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഔപചാരിക ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുള്ളൂ വെന്നും ലയനത്തിന് വിലയിട്ടിട്ടില്ലെന്നും തോഷിഹിരോ മിബെ പറഞ്ഞു.

 

എന്നാൽ ഇലക്ട്രിക് വാഹന രംഗത്ത് ജപ്പാനിലെ വാഹന നിര്‍മ്മാതാക്കള്‍ തങ്ങളുടെ വലിയ എതിരാളികളേക്കാള്‍ പിന്നിലാണ്. ചെലവ് ചുരുക്കാനും നഷ്ടപ്പെട്ട സമയം നികത്താനുമാണ് ജാപ്പനീസ് കമ്പനികളുടെ ആദ്യത്തെ ശ്രമം. ലയന സാധ്യതയെക്കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നത് ഈ മാസം ആദ്യമാണ്. ലയനത്തോടെ മൂന്ന് വാഹന നിര്‍മ്മാതാക്കളുടെയും കൂടി വിപണി മൂല്യം 5000 കോടി ഡോളറിലധികമായി ഉയരുമെന്നാണ് റിപ്പോർട്ടുക. ഹോണ്ടയും നിസാനും ഫ്രാന്‍സിലെ റെനോ എസ്എയുമായും ചെറുകിട വാഹന നിര്‍മ്മാതാക്കളായ മിറ്റ്‌സുബിഷി മോട്ടോഴ്സ് കോര്‍പ്പറേഷനുമായും സഖ്യത്തിലേര്‍പ്പെട്ടാല്‍, ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷനുമായും ജര്‍മ്മനിയുടെ ഫോക്സ്വാഗണ്‍ എജിയുമായും മത്സരിക്കാനുള്ള കരുത്ത് നേടും.

 

ലയനത്തിനുശേഷവും ടൊയോട്ട മുന്‍നിര ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായി തുടരും. 2023 ല്‍ മാത്രം 11.5 ദശലക്ഷം വാഹനങ്ങളാണ് ടൊയോട്ട പുറത്തിറക്കിയത്. നിസാനും ഹോണ്ടയും മിസ്തുബിഷിയും ചേര്‍ന്നാലും വര്‍ഷം ഏകദേശം 8 ദശലക്ഷം വാഹനങ്ങളാണ് നിര്‍മ്മിക്കാന്‍ സാധിക്കുക. 2018 അവസാനത്തോടെ പ്രതിസന്ധിയിലായ നിസാനെ രക്ഷിക്കാന്‍ കഴിയുന്ന ഒരേയൊരു ജാപ്പനീസ് പങ്കാളിയായാണ് ഹോണ്ടയെ വിലയിരുത്തുന്നത്. നിസാന്‍ കമ്പനിയുടെ മുന്‍ ചെയര്‍മാന്‍ കാര്‍ലോസ് ഘോസിനെ വഞ്ചന, കമ്പനി സ്വത്തുക്കള്‍ ദുരുപയോഗം ചെയ്യല്‍ എന്നി കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തതോടെയാണ് പ്രതിസന്ധി ആരംഭിച്ചത്. എന്നാല്‍ അദ്ദേഹം ഈ ആരോപണങ്ങള്‍ എല്ലാം നിഷേധിക്കുകയായിരുന്നു. ജാമ്യത്തില്‍ പുറത്തിറങ്ങി അദ്ദേഹം പിന്നീട് ലെബനനിലേക്ക് പലായനം ചെയ്തു.

toyota japanese nissan