കമലയില്ല,അമേരിക്കന്‍ തലപ്പത്ത് മറ്റൊരു വനിത

ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി ചരിത്രം കുറിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.എന്നാല്‍ കമലയുടെ പരാജയത്തോടെ ആ പ്രതീക്ഷ ഇല്ലാതായെങ്കിലും അമേരിക്കയുടെ തലപ്പത്ത് മറ്റൊരു ശക്തയായ വനിത കൂടി എത്തിയിരിക്കുന്നു.

author-image
Rajesh T L
New Update
wiles

Jabin Botsford / The Washington Post via Getty Images file


ഇന്ത്യന്‍ വംശജയായ കമലാ ഹാരിസ് അമേരിക്കന്‍ പ്രസിഡന്റായി ചരിത്രം കുറിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.എന്നാല്‍ കമലയുടെ പരാജയത്തോടെ ആ പ്രതീക്ഷ ഇല്ലാതായെങ്കിലും അമേരിക്കയുടെ തലപ്പത്ത് മറ്റൊരു ശക്തയായ വനിത കൂടി എത്തിയിരിക്കുന്നു.

വൈറ്റ് ഹൗസ് ചീഫ് ഓഫ് സ്റ്റാഫായി തന്റെ ക്യാമ്പയിന്‍ മാനേജറായിരുന്ന സൂസി വൈല്‍സിനെ ഡൊണാള്‍ഡ് ട്രംപ് നിയമിച്ചിരക്കുകയാണ്. തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ട്രംപ് നടത്തിയ നിര്‍ണായക പ്രഖ്യാപനമാണിത്. അമേരിക്കയുടെ ചരിത്രത്തില്‍ തന്ന ഈ പദവിയിലെത്തുന്ന ആദ്യ വനിത കൂടിയാണ് വൈല്‍സ്.

'എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് സൂസിയുടേത്.അമേരിക്കയുടെ ഉന്നമനത്തിനായി വിശ്രമമില്ലാതെ കഠിനാധ്വാനം ചെയ്യുന്നത് സൂസി ഇനിയും തുടരും.ഇത് സൂസിക്ക് അര്‍ഹമായ ബഹുമതിയാണ്,' ഇതായിരുന്നു നിയമനം സംബന്ധിച്ചുള്ള പ്രസ്താവനയില്‍ ട്രംപ് പറഞ്ഞത്.

തന്റെ ഭരണകൂടത്തില്‍ ആര്‍ക്കൊക്കെയാണ് സ്ഥാനമെന്നകാര്യത്തില്‍ ട്രംപ് വരും ദിവസങ്ങളില്‍ തന്നെ വ്യക്തത വരുത്തുമെന്ന സൂചനകൂടിയാണ് ഈ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്.

ഫ്‌ളോറിഡ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന വ്യക്തിയാണ് സൂസി വൈല്‍സ്.1970കളില്‍ ന്യുയോര്‍ക്കിന്റെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായിരുന്ന ജാക്ക് കെമ്പിന്റെ വാഷിങ്ടണ്‍ ഓഫിസില്‍ പ്രവര്‍ത്തിച്ചാണ് കരിയറിന്റെ തുടക്കം.പിന്നീട് അമേരിക്കയുടെ 40-ാം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡ് റീഗന്റെ പ്രചാരണത്തിലും അവർ  ഭാഗമായി. വൈറ്റ് ഹൗസില്‍ റീഗന്റെ ഷെഡ്യൂളറായും വൈല്‍സ് പ്രവര്‍ത്തിച്ചിരുന്നു.

പിന്നീട് ഫ്‌ളോറിഡ രാഷ്ട്രീയത്തിലായിരുന്നു വൈല്‍സിന്റെ സാന്നിധ്യം മുന്നിട്ടു  നിന്നത്.നിരവധി തിരഞ്ഞെടുപ്പുകളില്‍ വിവിധ സ്ഥാനാര്‍ഥികള്‍ക്കായി പ്രചാരണത്തിന് നേതൃത്വം നൽകുകയും ചെയ്തു.2011ല്‍ റിക് സ്‌കോട്ട് ഫ്‌ലോറിഡയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടതില്‍ വൈല്‍സ് നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്.

2012ല്‍ യുറ്റാ ഗവര്‍ണര്‍ ജോന്‍ ഹണ്ട്സ്മാന്റെ പ്രസിഡന്റ് പ്രചാരണത്തിലും വൈല്‍സ് ഭാഗമായി.എന്നാല്‍, ഹണ്ട്സ്മാന്റെ പ്രചാരണത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം വൈല്‍സിന്റെ കൈകളിലായിരുന്നില്ല.ഇതിനു 
 പിന്നാലെയാണ് വൈല്‍സ് ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിക്കുന്നത് . 2016ല്‍ ട്രംപിനായി ഫ്‌ളോറിഡയില്‍ പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകിയത് വൈല്‍സായിരുന്നു. ഫ്‌ളോറിഡയിലെ വിജയം ട്രംപിന്റെ വൈറ്റ് ഹൗസിലേക്കുള്ള യാത്ര എളുപ്പമാക്കി.

രണ്ട് വര്‍ഷത്തിന് ശേഷം റോന്‍ ഡി സാന്റിസ് ഫ്‌ളോറിഡയുടെ ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈല്‍സിന്റെ രാഷ്ട്രീയ തന്ത്രങ്ങളായിരുന്നു അതിനു പിന്നിലുണ്ടായിരുന്നത്.എന്നാല്‍, ഇരുവരും തമ്മില്‍ അഭിപ്രായ ഭിന്നതകളും രൂപപ്പെട്ടു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ 2020ലെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി സാന്റിസും ട്രംപും നേര്‍ക്കുനേര്‍ വന്നു. അന്ന് ട്രംപിനൊപ്പം  നിന്ന്  പ്രവര്‍ത്തിച്ച് സാന്റിസിന്റെ സാധ്യതകളെ  ഇല്ലാതാക്കിയത് വൈല്‍സായിരുന്നു.

മൂന്നാം തവണയും ട്രംപ് പ്രസിഡന്റ് കുപ്പായം ലക്ഷ്യമിട്ടപ്പോഴും പ്രചാരണത്തിന്റെ ഉത്തരവാദിത്വം വൈല്‍സിന് തന്നെ ലഭിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി ട്രംപുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ് വൈല്‍സ്. ട്രംപിന്റെ വിവിധ ക്രിമിനല്‍,സിവില്‍ കേസുകളില്‍ അഭിഭാഷകരുമായി നിര്‍ണായക തീരുമാനങ്ങള്‍ സ്വീകരിച്ചതും വൈല്‍സായിരുന്നു.അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ വിജയം നേടാന്‍ തന്നെ സഹായിച്ചത് വൈല്‍സാണെന്നായിരുന്നു ട്രംപ് പറയുന്നതും.

രാഷ്ട്രീയ സമീപനങ്ങളില്‍ കൂടുതല്‍ അച്ചടക്കത്തോടെ ട്രംപ് ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അതിന് പിന്നില്‍ വൈല്‍സിന്റെ ഇടപെടലാണെന്ന് പരക്കെ വിലയിരുത്തലുണ്ട്.ട്രംപിന്റെ കൂട്ടാളികള്‍ക്കിടയില്‍ മാത്രമല്ല എതിരാളികളും ഇതേ കാര്യം തന്നെയാണ് അഭിപ്രായപ്പെടുന്നത്.

ചീഫ് ഓഫ് സ്റ്റാഫ് എന്നത് പ്രസിഡന്റിന്റെ ഏറ്റവും വിശ്വസ്തനായി നിലനില്‍ക്കുന്ന വ്യക്തിയാണ്.പ്രസിഡന്റിന്റെ അജണ്ടകള്‍ നടപ്പിലാക്കാന്‍ സഹായിക്കുക,രാഷ്ട്രീയവും നയപരവുമായുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുക എന്നിവയാണ് പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങള്‍.പ്രസിഡന്റ് ആരോടൊക്കെ സംസാരിണം, കൂടിക്കാഴ്ച നടത്തണമെന്നൊക്കെ നിയന്ത്രിക്കുന്നതും ചീഫ് ഓഫ് സ്റ്റാഫായിരിക്കും.

presidential election us presidential election 2024 us presidential elelction donald trump Kamala Harris