/kalakaumudi/media/media_files/2025/10/19/rally-2025-10-19-09-53-24.jpg)
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങള്‍ക്കെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തമാകുന്നു. ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ ജനാധിപത്യവിരുദ്ധമെന്ന മുദ്രാവാക്യമുയര്‍ത്തി വാഷിംഗ്ടണിലും മറ്റ് പ്രമുഖ നഗരങ്ങളിലും പ്രതിഷേധങ്ങള്‍ അരങ്ങേറി. ട്രംപ് രാജവല്ല, പ്രസിഡന്റ് മാത്രമാണ് എന്ന് മുദ്രവാക്യം ഉയര്‍ത്തിയാണ് പ്രതിഷേധം.
ജൂണിലാണ് ആദ്യത്തെ നോ കിംഗ്‌സ് പ്രതിഷേധം നടന്നത്. ട്രംപ് ഭരണകൂടത്തിന്റെ ചില വിവാദ നീക്കങ്ങള്‍ക്ക് പിന്നാലെയായിരുന്നു ഇത്. രാഷ്ട്രീയ എതിരാളികളെ ക്രിമിനല്‍ പീഡനത്തിന് ഇരയാക്കല്‍, ഒന്നിലധികം യുഎസ് നഗരങ്ങളില്‍ ഫെഡറല്‍ സൈനികരെ വിന്യസിക്കല്‍ എന്നി നടപടികള്‍ക്കെതിരെയാണ് പ്രതിഷേധം.
പ്രതിപക്ഷമായ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയുടെ നേതാക്കളും പ്രതിഷേധത്തിന്റെ ഭാഗമായി. ചിക്കാഗോ, ബോസ്റ്റണ്‍, അറ്റ്‌ലാന്റ, ടെക്സാസ് തുടങ്ങി നഗരങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുത്തെന്ന് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
വരും ദിവസങ്ങളില്‍ അമേരിക്കയില്‍ ഉടനീളം 2,600 ലധികം സ്ഥലങ്ങളില്‍ പ്രതിഷേധം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് സംഘാടകര്‍ പറഞ്ഞു. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിനും പൗരസ്വാതന്ത്ര്യത്തിനും വേണ്ടിയുള്ള പ്രതിഷേധമാണിതെന്നും സംഘാടകര്‍ പറയുന്നു. സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമര്‍, സ്വതന്ത്ര സെനറ്റര്‍ ബെര്‍ണി സാന്‍ഡേഴ്‌സ് എന്നിവരുള്‍പ്പെടെ നിരവധി ഡെമോക്രാറ്റിക് നേതാക്കളുടെ പിന്തുണയോടെയാണ് പ്രതിഷേധങ്ങള്‍ നടക്കുന്നത്.
എന്നാല്‍ താന്‍ രാജാവല്ല എന്ന പ്രതികരണവുമായി ട്രംപ് രംഗത്തെത്തി. പ്രതിഷേധക്കാര്‍ തന്നെ രാജാവ് എന്നാണ് വിളിക്കുന്നത്, എന്നാല്‍ താന്‍ രാജാവല്ല എന്നാണ് ട്രംപ് പ്രതികരിച്ചത്. ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ട്രംപിന്റ പ്രതികരണം.