/kalakaumudi/media/media_files/2025/10/10/nb-2025-10-10-19-22-28.jpg)
വാഷിങ്ടണ്‍: സമാധാനത്തിനുള്ള ഈ വര്‍ഷത്തെ നോബല്‍ സമ്മാനം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നല്‍കാത്തതില്‍ നോബല്‍ കമ്മിറ്റിയെ വിമര്‍ശിച്ച് വൈറ്റ് ഹൗസ്. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്ന് നോബല്‍ കമ്മിറ്റി തെളിയിച്ചുവെന്ന് വൈറ്റ് ഹൗസ് വക്താവ് സ്റ്റീവന്‍ ച്യൂങ് എക്സില്‍ കുറിച്ചു.
'സമാധാന കരാറുകളുമായി പ്രസിഡന്റ് ട്രംപ് ഇനിയും മുന്നോട്ടു പോകും. യുദ്ധങ്ങള്‍ അവസാനിപ്പിക്കും. ജീവന്‍ രക്ഷിക്കുന്നത് തുടരും. അദ്ദേഹത്തിന് മനുഷ്യസ്നേഹിയുടെ ഹൃദയമാണ്. ഇച്ഛാശക്തിയാല്‍ പര്‍വതങ്ങളെ പോലും ചലിപ്പിക്കാന്‍ കഴിയുന്ന അദ്ദേഹത്തെപ്പോലെ മറ്റാരും ഉണ്ടാകില്ല. സമാധാനത്തിനു മുകളില്‍ രാഷ്ട്രീയം സ്ഥാപിക്കുന്നുവെന്നാണ് നോബല്‍ കമ്മിറ്റി തെളിയിച്ചത്,' വൈറ്റ് ഹൗസ് വക്താവ് കുറിച്ചു.
വെനസ്വേല പ്രതിപക്ഷ നേതാവ് മരിയ കൊറീന മചാഡോയ്ക്ക് ആണ് ഇത്തവണത്തെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനായ പോരാടിയതിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരമെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പ്രഖ്യാപിച്ചിരുന്നു.
ഒന്‍പത് മാസത്തിനുള്ളില്‍ എട്ടു യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും നൊബേല്‍ സമ്മാനത്തിന് താന്‍ അര്‍ഹനാണെന്നും ഡൊണാള്‍ഡ് ട്രംപ് പലതവണ അവകാശപ്പെട്ടിട്ടുണ്ട്. ഇന്ത്യ - പാക്കിസ്ഥാന്‍ യുദ്ധം പോലും താന്‍ അവസാനിപ്പിച്ചിട്ടുണ്ടെന്ന് പല തവണ ട്രംപ് അവകാശപ്പെട്ടിട്ടുണ്ട്. അതേസമയം, വെടിനിര്‍ത്തലില്‍ അമേരിക്കയ്ക്ക് യാതൊരു പങ്കുമില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.