/kalakaumudi/media/media_files/2025/10/10/maria-2025-10-10-14-45-17.jpg)
സ്‌റ്റോക്‌ഹോം: 2025 ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. മരിയ കൊറീന മച്ചാഡോയ്ക്ക് പുരസ്‌കാരം. വെനിസ്വേലയിലെ ജനങ്ങളുടെ ജനാധിപത്യ അവകാശങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും, സ്വേച്ഛാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കുള്ള നീതിയുക്തമായ മാറ്റത്തിനുള്ള പോരാട്ടത്തിനുമാണ് മരിയ കൊറിന മചാഡോയ്ക്ക് അംഗീകാരമെന്ന് നോര്‍വീജിയന്‍ നൊബേല്‍ കമ്മിറ്റി പ്രഖ്യാപിച്ചു.
ഏഴ് യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ടെന്നും നൊബേല്‍ സമ്മാനത്തിന് അര്‍ഹനാണെന്നുമുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അവകാശവാദങ്ങളുടെ പശ്ചാത്തലത്തിലാണ് നൊബേല്‍ കമ്മിറ്റിയുടെ സുപ്രധാന പ്രഖ്യാപനം.
സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. ഹംഗേറിയന്‍ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്ലോ ക്രാസ്നഹോര്‍കയ്ക്കാണ് പുരസ്‌കാരം. അപ്പോക്കലിപ്റ്റിക് ഭീകരതയുടെ നടുവില്‍, കലയുടെ ശക്തിയെ ഊട്ടിയുറപ്പിക്കുന്ന അദ്ദേഹത്തിന്റെ ശ്രദ്ധേയവും ദര്‍ശനാത്മകവുമായ പ്രവര്‍ത്തനത്തിനാണ് അംഗീകാരം.
രസതന്ത്ര, ഭൗതികശാസ്ത്ര, വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പ്രഖ്യാപിച്ചിരുന്നു. സുസുമു കിറ്റഗാവ, റിച്ചാര്‍ഡ് റോബ്‌സണ്‍, ഒമര്‍ എം. യാഗി എന്നിവരാണ് രസതന്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. മെറ്റല്‍-ഓര്‍ഗാനിക് ഫ്രെയിം വര്‍ക്കുകളുടെ വികസനത്തിന് തുടക്കമിട്ടതിനാണ് അംഗീകാരം.
ജോണ്‍ ക്ലാര്‍ക്ക്, മൈക്കല്‍ എച്ച് ഡെവോറെറ്റ്, ജോണ്‍ എം. മാര്‍ട്ടിനിസ് എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ ഭൗതികശാസ്ത്രത്തിനുള്ള നൊബേല്‍ ലഭിച്ചത്. വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞരായ മേരി ഇ ബ്രന്‍കോവ്, ഫ്രെഡ് റാംസ്ഡെല്‍, ജപ്പാനിലെ ഒസാക സര്‍വകലാശാലയിലെ ഷിമോണ്‍ സകാഗുച്ചി എന്നിവര്‍ക്കാണ് ലഭിച്ചത്.
സാമ്പത്തിക ശാസ്ത്ര നൊബേല്‍ ഒക്ടോബര്‍ പതിമൂന്നിന് പ്രഖ്യാപിക്കും. ആല്‍ഫ്രഡ് നോബലിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസംബര്‍ 10 ന് സ്റ്റോക്ക്‌ഹോമില്‍ നടക്കുന്ന ചടങ്ങില്‍ സ്വീഡിഷ് രാജാവ് നൊബേല്‍ ജേതാക്കള്‍ക്ക് മെഡലുകള്‍ സമ്മാനിക്കും.