വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് ഉത്തരകൊറിയ

ചൈനയില്‍ നിന്നുള്ള പണം ആയിരുന്നു വിനോദസഞ്ചാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ഉത്തരകൊറിയയിലേക്ക് എത്തിയത്. കൊറോണയ്ക്ക് മുന്‍പ് ഇവിടേയ്ക്ക് പ്രതിവര്‍ഷം 3 ലക്ഷം പേര്‍ എത്താറുണ്ടെന്നാണ് കണക്കുകള്‍

author-image
Biju
New Update
gd

പ്യോംഗ്യാഗ്: അവസാനം ആ പിടിവാശി കിം ജോംഗ് ഉന്‍ അവസാനിപ്പിച്ചു. ഇതോടെ ഉത്തരകൊറിയയുടെ വാതിലുകള്‍ ലോകത്തിനായി മലര്‍ക്കെ തുറന്നു. വര്‍ഷങ്ങളായി വിനോദസഞ്ചാരത്തിന് ഉത്തരകൊറിയയില്‍ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചിരിക്കുകയാണ് കിം ഭരണകൂടം. നീണ്ട അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്നുള്ളവര്‍ക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഉത്തരകൊറിയയുടെ അതിര്‍ത്തികള്‍ പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തുകൊണ്ടുള്ള കിമ്മിന്റെ ഉത്തരവ്. ഇതിന് പിന്നാലെ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഇരച്ചെത്തി. പാട്ടുപാടിയും നൃത്തംചവിട്ടിയും സ്‌കൂള്‍ കുട്ടികളാണ് ഇവരെ രാജ്യത്തേയ്ക്ക് സ്വാഗതം ചെയ്തത്.

കൊറോണ വ്യാപനത്തിന് പിന്നാലെയാണ് മറ്റ് രാജ്യങ്ങള്‍ക്ക് സമാനമായ രീതിയില്‍ ഉത്തരകൊറിയയും രാജ്യാതിര്‍ത്തി അടച്ചത്. ഭീതി ഒഴിഞ്ഞതോടെ മറ്റ് രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്നെങ്കിലും ഉത്തര കൊറിയ മാത്രം തീരുമാനത്തില്‍ മാറ്റം വരുത്താന്‍ തയ്യാറായില്ല. ഇതോടെ രാജ്യത്തേയ്ക്കുള്ള വിനോദസഞ്ചാരം നിലച്ചു. എന്തായിരുന്നു ഈ തീരുമാനത്തിന് പിന്നിലെ കാരണം എന്നത് അവ്യക്തം. എന്നാല്‍ അതിര്‍ത്തി തുറന്ന് കൊടുക്കാനുള്ള തീരുമാനത്തിന് കാരണം ഉണ്ട്.

വിവിധ ഉപരോധങ്ങള്‍ നേരിടുന്ന ഉത്തര കൊറിയ പ്രതീക്ഷ അര്‍പ്പിക്കുന്നത് വിദേശനാണ്യത്തിലാണ്. കഴിഞ്ഞ വര്‍ഷം തന്നെ സാമ്പത്തിക സ്ഥിതി അപകടാവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ കിം ഭരണകൂടം നിലപാട് അല്‍പ്പം മയപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് റഷ്യയില്‍ നിന്നുള്ള 100 ഓളം പേര്‍ അടങ്ങുന്ന സഞ്ചാരികളുടെ സംഘം ഇവിടെയെത്തുകയും ദിവസങ്ങളോളം തങ്ങുകയും ചെയ്തു. എന്നാല്‍ ഇത് ആദ്യമായാണ് നിയന്ത്രണം പൂര്‍ണമായി മാറ്റുന്നത്.

ടൂറിസ്റ്റ് സ്‌പോട്ടുകള്‍ കൊണ്ട് നിറഞ്ഞ സ്ഥലമാണ് ഉത്തര കൊറിയ. തത്വചിന്തകനായ ജൂച്ചെയെ ആദരിച്ചുകൊണ്ട് നിര്‍മ്മിച്ച ജൂച്ചെ ടവര്‍, സൈനിക പരേഡ് നടക്കുന്ന കിം സെക്കന്റ് സംഗ് സ്‌ക്വയര്‍, ഫിലിം സ്റ്റുഡിയോസ് എന്നിവ രാജ്യതലസ്ഥാനമായ പ്യാംഗ്ഗോംഗിലെ മുഖ്യ ആകര്‍ഷണങ്ങളാണ്. കുടുംബമായും കൂട്ടുകാരുമൊത്തും വരുന്നവര്‍ക്ക് മോറാന്‍ ഹില്ലില്‍ എത്തി സമയം ചിലവഴിക്കാം. പെയ്കൂഡ്സന്‍ താഴ് വരയുടെ പ്രകൃതി ഭംഗി ആസ്വദിക്കാം. കിമ്മിന്റെ മുന്‍ഗാമികളുടെ ജനനവും മരണവും വ്യക്തമാക്കുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്. നിരവധി മ്യൂസിയങ്ങളും ഉത്തരകൊറിയയില്‍ ഉണ്ട്. അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളും രാജ്യത്ത് തലയുയര്‍ത്തി നില്‍ക്കുന്നുണ്ട്.

ലക്ഷക്കണക്കിന് പേരാണ് ഉത്തരകൊറിയയുടെ പ്രകൃതി ഭംഗി ആസ്വദിക്കാനായി ഇവിടെയെത്താറുള്ളത്. അതുകൊണ്ട് തന്നെ ടൂറിസത്തിന്റെ വഴിയില്‍ രാജ്യത്തിന്റെ ഖജനാവിലേക്ക് നല്ലൊരു സംഖ്യ എത്തിയിരുന്നു. രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയുടെ കരുത്ത് തന്നെ ടൂറിസം ആണ്. അതുകൊണ്ട് തന്നെ ടൂറിസ്റ്റുകളുടെ വരവ് നിലച്ചത് രാജ്യത്തിന്റെ സാമ്പത്തിക പിന്നോട്ട് വലിച്ചിരുന്നു.

ചൈനയില്‍ നിന്നുള്ള പണം ആയിരുന്നു വിനോദസഞ്ചാരത്തിന്റെ മാര്‍ഗ്ഗത്തില്‍ ഉത്തരകൊറിയയിലേക്ക് എത്തിയത്. കൊറോണയ്ക്ക് മുന്‍പ് ഇവിടേയ്ക്ക് പ്രതിവര്‍ഷം 3 ലക്ഷം പേര്‍ എത്താറുണ്ടെന്നാണ് കണക്കുകള്‍.

എന്നാല്‍ ഈ പതിവ് തെറ്റി. റഷ്യയില്‍ നിന്നുള്ളവരാണ് ഇക്കുറി രാജ്യത്ത് ആദ്യമായി എത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. യുക്രെയിനുമായുള്ള യുദ്ധത്തില്‍ വലിയ സഹായം ആണ് കിം നല്‍കിയത്. റഷ്യയ്ക്ക് അദ്ദേഹം പട്ടാളക്കാരെയും ആയുധങ്ങളും നല്‍കി. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നിന്നുള്ള 800 ഓളം പേര്‍ ഉത്തരകൊറിയ സന്ദര്‍ശിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. റഷ്യയും ഉത്തര കൊറിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനകൂടിയാണ് ഇത്.

ലോകത്ത് ഒറ്റപ്പെട്ടു കിടക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഉത്തര കൊറിയ. പതിവിന് വിപരീതമായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ഉത്തര കൊറിയയ രഹസ്യ സ്വഭാവമുള്ള രാജ്യമായി മാറ്റിയിട്ടുണ്ട്. രാജ്യത്തേയ്ക്ക് എത്തുന്ന വിനോദസഞ്ചാരികള്‍ക്ക് കര്‍ശന നിര്‍ദ്ദേശങ്ങളാണ് ഇവിടെ ഉള്ളത്. ഈ വിലക്കുകളില്‍ ഇപ്പോഴും മാറ്റം വരുത്താന്‍ കിം തയ്യാറായിട്ടില്ല. കിമ്മിന്റെ അപ്പനപ്പൂപ്പന്മാരെ അപമാനിക്കരുത്, രാജ്യത്തിന്റെ മൂല്യങ്ങളെ കളിയാക്കരുത് എന്നിങ്ങനെ പോകുന്നു എത്തുന്നവര്‍ക്കുള്ള നിയന്ത്രണങ്ങള്‍. ഇത് ലംഘിക്കുന്നുണ്ടോയെന്ന് ഉത്തരകൊറിയ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

kim jong un kim ki nam kimjongun