/kalakaumudi/media/media_files/2025/09/06/kim-2025-09-06-23-51-03.jpg)
വാഷിങ്ടന്‍: 2019ല്‍ യുഎസ് നാവികസേനാംഗങ്ങള്‍ അതീവരഹസ്യ ഓപ്പറേഷനിലൂടെ ഉത്തരകൊറിയയില്‍ പ്രവേശിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് നാവികസേന യൂണിറ്റായ സീല്‍ ടീം 6ന്റെ റെഡ് സ്‌ക്വാഡ്രണ്‍ സംഘം ഉത്തരകൊറിയയില്‍ എത്തിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ഭീകരന്‍ ഒസാമ ബിന്‍ ലാദനെ വധിച്ച അതേ സംഘമാണ് ഉത്തരകൊറിയയില്‍ എത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആദ്യ ഭരണക്കാലത്ത് ട്രംപും കിമ്മും തമ്മിലുള്ള ആണവ ചര്‍ച്ചകള്‍ക്കിടയിലാണ് നിര്‍ണായകമായ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ നാവികസേനയുടെ രഹസ്യ ഓപ്പറേഷന്‍ നടന്നത്.
കിം ജോങ് ഉന്നിന്റെ ആശയവിനിമയങ്ങള്‍ ചോര്‍ത്തിയെടുക്കുന്നതിനായി ഒരു ചാര ഉപകരണം സ്ഥാപിക്കുക എന്നതായിരുന്നു ദൗത്യത്തിന്റെ ലക്ഷ്യം. എന്നാല്‍ കരയിലേക്കു പ്രവേശിക്കുന്നതിന് തൊട്ടുമുന്‍പായി യുഎസ് നാവികസേനാംഗങ്ങള്‍ അപ്രതീക്ഷിതമായി ഒരു ബോട്ട് കണ്ടെന്നും ഇതോടെ ദൗത്യം പൂര്‍ത്തിയാക്കാതെ മടങ്ങിയെന്നുമാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
യുഎസ് പ്രസിഡന്റിന്റെ നേരിട്ടുള്ള അനുമതി ആവശ്യമുള്ള ദൗത്യമായിരുന്നു അന്ന് നടത്തിയതെന്നും ദൗത്യം പരാജയപ്പെട്ടാല്‍ ആണവചര്‍ച്ചകള്‍ നിര്‍ത്തലാക്കപ്പെടാവുന്ന സാഹചര്യം സംഭവിക്കുമായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
