/kalakaumudi/media/media_files/2026/02/13/kim4-2026-02-13-08-43-58.jpg)
സോള്‍: ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ മകള്‍ കിം ജൂ ഏയെ ഔദ്യോഗിക പിന്‍ഗാമിയായി തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ട്. ദക്ഷിണ കൊറിയന്‍ ചാരസംഘടനയായ നാഷണല്‍ ഇന്റലിജന്‍സ് സര്‍വീസ് ആണ് ഇക്കാര്യം പുറത്തുവിട്ടത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഔദ്യോഗിക പരിപാടികളില്‍ പിതാവിനൊപ്പം സജീവ സാന്നിധ്യമാണ് കിം ജൂ ഏ. മകള്‍ അടുത്ത പിന്‍ഗാമിയാകുമെന്ന് അപ്പോള്‍തന്നെ അഭ്യൂഹങ്ങള്‍ പരന്നിരുന്നു. പിന്‍ഗാമിയാകുന്നതിന് മുന്നോടിയായുള്ള പരിശീലനഘട്ടത്തിലായിരുന്നു കിം ജൂ ഏ.
കൊറിയന്‍ പീപ്പിള്‍സ് ആര്‍മിയുടെ വാര്‍ഷികാഘോഷം, കുംസുസാന്‍ പാലസ് സന്ദര്‍ശനം തുടങ്ങിയ പ്രധാന വേദികകളില്‍ കിം ജോങ് ഉന്നിനൊപ്പം മകള്‍ കിം ജൂ ഏയും പങ്കെടുത്തിരുന്നു. മാത്രമല്ല, നയപരമായ കാര്യങ്ങളില്‍ ജൂ ഏ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നതായും സൂചനകളുണ്ട്. കിം ജൂ ഏയുടെ യഥാര്‍ഥ പ്രായം വ്യക്തമല്ല. ഏകദേശം 13 വയസെങ്കിലും ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. 2022-ല്‍ ഒരു മിസൈല്‍ പരീക്ഷണ സന്ദര്‍ഭത്തിലാണ് കിം ജോങ് ഉന്നിന്റെ കൈപിടിച്ച് നടന്നുവരുന്ന കിം ജൂ ഏയെ ലോകം ആദ്യമായി കാണുന്നത്. ഇതിന് ശേഷം ഉത്തര കൊറിയന്‍ മാധ്യമങ്ങള്‍ പുറത്തുവിടുന്ന ചിത്രങ്ങളില്‍ അവര്‍ക്ക് വലിയ പ്രതീകാത്മക പ്രാധാന്യം നല്‍കുന്നുണ്ട്. പലപ്പോഴും പിതാവിനെ പിന്തുടരുന്നതിന് പകരം അദ്ദേഹത്തിന് ഒപ്പമോ അതിലുയരത്തിലോ നില്‍ക്കുന്ന രീതിയിലാണ് ജൂ ഏ പ്രത്യക്ഷപ്പെട്ടിരുന്നത്.
ഉത്തര കൊറിയയുടെ അടുത്ത ഭരണാധികാരി ആരാകുമെന്നതിന്റെ സൂചനയായി ഇതു വ്യാഖ്യാനിക്കപ്പെട്ടിരുന്നു. സാധാരണ കുട്ടികള്‍ക്ക് അനുവദനീയമല്ലാത്ത നീളമുള്ള മുടിയും വിലകൂടിയ ഡിസൈനര്‍ വസ്ത്രങ്ങളും ധരിച്ചാണ് കിം ജൂ ഏ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. ഭരണകൂടത്തിലെ രണ്ടാമത്തെ ഉയര്‍ന്ന നേതാവിനെപ്പോലെയാണ് അവര്‍ക്ക് ഔദ്യോഗിക പരിപാടികളില്‍ പരിഗണന ലഭിക്കുന്നത്.
കടുത്ത പുരുഷാധിപത്യം നിലനില്‍ക്കുന്ന ഉത്തര കൊറിയന്‍ സമൂഹത്തില്‍ ഒരു പെണ്‍കുട്ടി പിന്‍ഗാമിയാകുന്നത് നിരീക്ഷകര്‍ അത്ഭുതത്തോടെയാണ് കാണുന്നത്. കിം ജോങ് ഉന്നിന് ഒരു മകന്‍ ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും, ജൂ ഏയെ മാത്രമാണ് അദ്ദേഹം ഔദ്യോഗികമായി ലോകത്തിന് മുന്നില്‍ അവതരിപ്പിച്ചിട്ടുള്ളത്. കിമ്മിന്റെ സഹോദരിയായ കിം യോ ജോങ്ങിന്റെ ഭരണപരമായ സ്വാധീനം ഒരു പെണ്‍കുട്ടിക്ക് അധികാരം ലഭിക്കുന്നതിനുള്ള മുന്‍ഗണനയായി കാണാമെന്ന് ചില വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കിം ജോങ് ഉന്‍ ഇപ്പോഴും ആരോഗ്യവാനായി തുടരുമ്പോള്‍ തന്നെ ഇത്ര നേരത്തെ പിന്‍ഗാമിയെ നിശ്ചയിക്കുന്നത് എന്തിനാണെന്നത് നിഗൂഢമായി തുടരുന്നു. വരാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇതുസംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
