കിമ്മിനെ താഴെയിറക്കാന്‍ സിഐഎ വരുന്നു

അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളെ നിരന്തരം വെല്ലുവിളിക്കുന്നതില്‍ ആ രാജ്യവും അതിന്റെ ഭരണാധികാരിയായ കിം ജോങ് ഉന്നും മടി കാണിക്കാറില്ല. അതുകൊണ്ടു തന്നെ ശക്തമായ ഉപരോധമാണ് നിലവില്‍ ഉത്തര കൊറിയ നേരിടുന്നത്

author-image
Biju
New Update
kim

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും കിറുക്കനായി അറിയപ്പെടുന്ന ഭരണാധികാരിയാണ് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍. ചൈനയെപ്പോലെ തന്നെ അവിടെനിന്നും പലപ്പോഴും വാര്‍ത്തകളൊന്നും പുറത്തുവരാറില്ലെങ്കിലും ഇടയെക്കൊക്കെ പുറത്താകുന്ന വിവരങ്ങള്‍ ലോകരാഷ്ട്രങ്ങളെ അമ്പരപ്പിക്കുന്നതാണ്. 

ഡെമോക്രാറ്റിക് പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് കൊറിയ എന്നറിയപ്പെടുന്ന ഉത്തര കൊറിയ പോരാളികളില്‍ സമ്പന്നമായ ഒരു കമ്യൂണിസ്റ്റ് രാജ്യം കൂടിയാണ്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ ശക്തികളെ നിരന്തരം വെല്ലുവിളിക്കുന്നതില്‍ ആ രാജ്യവും അതിന്റെ ഭരണാധികാരിയായ കിം ജോങ് ഉന്നും മടി കാണിക്കാറില്ല. അതുകൊണ്ടു തന്നെ ശക്തമായ ഉപരോധമാണ് നിലവില്‍ ഉത്തര കൊറിയ നേരിടുന്നത്. റഷ്യയുമായും ചൈനയുമായും അടുത്ത ബന്ധം പുലര്‍ത്തുന്ന ഉത്തര കൊറിയ, മേഖലയിലെ ഏറ്റവും വലിയ സൈന്യങ്ങളിലൊന്നിനെ ഇപ്പോഴും നിലനിര്‍ത്തിവരുന്നുണ്ട്.

കടുത്ത സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടെങ്കിലും ഉത്തര കൊറിയയുടെ ആണവായുധങ്ങള്‍ക്കും ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്കുമായി ഗണ്യമായ വിഭവങ്ങളാണ് ഉത്തര കൊറിയ മാറ്റിവച്ചിരിക്കുന്നത്. ഉത്തരകൊറിയയെ ലോകത്തെ തന്നെ ഒരു പവര്‍ഫുള്‍ രാഷ്ട്രമാക്കുക എന്നതാണ് ആരാജ്യത്തിന്റെ പരമാധികാരിയായ കിം ജോങ് ഉന്നിന്റെ സ്വപ്നം. റഷ്യയുമായുള്ള പ്രതിരോധ കരാറും ഇറാനുമായുള്ള പുതിയ സൗഹൃദവുമെല്ലാം ഈ ലക്ഷ്യം മുന്‍ നിര്‍ത്തിയുള്ള ചുവടുവയ്പ്പാണ്. ലോകത്തെ ഏറ്റവും വലിയ കമ്യൂണിസ്റ്റ് രാജ്യമായ ചൈനയും ഉത്തര കൊറിയ എന്ന കമ്യൂണിസ്റ്റ് രാജ്യത്തിനായി വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്.

ചൈനയെ ആണ് പ്രധാന ശത്രുവായി അമേരിക്ക കാണുന്നതെങ്കിലും, അവര്‍ ഏറെ ഭയപ്പെടുന്ന ഭരണാധികാരി, ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നാണ്. അതിന് പ്രധാന കാരണം, അമേരിക്ക വരെ എത്താന്‍ ശേഷിയുള്ള ആണവായുധങ്ങള്‍ ഉത്തര കൊറിയയുടെ പക്കല്‍ ഉണ്ടെന്നതും, അത് എടുത്തിട്ട് ഉപയോഗിക്കാന്‍ കിം ജോങ് ഉന്‍ മടിക്കില്ല എന്നതുമാണ്. കിം എന്ത് ചെയ്യുമെന്നത് അദ്ദേഹത്തിനല്ലാതെ മറ്റാര്‍ക്കും ഊഹിക്കാന്‍ പോലും സാധിക്കുകയില്ല. പ്രത്യാഘാതങ്ങള്‍ എന്താണെന്നു പോലും പരിശോധിക്കാതെ ഏത് ലെവലില്‍ പ്രതികരിക്കാനും മടിക്കാത്ത ശൈലിയാണ് ഈ ഉത്തര കൊറിയന്‍ ഭരണാധികാരിക്കുള്ളത്.

അതുകൊണ്ടു തന്നെയാണ്, ഡോണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായ ആദ്യ കാലത്ത് അമേരിക്കയ്ക്ക് നേരെ ഉത്തര കൊറിയ ആണവ മിസൈല്‍ സജ്ജീകരിച്ച് വച്ചിരുന്നത്. ഉത്തര കൊറിയയുടെ പരമ്പരാഗത എതിരികളായ ദക്ഷിണ കൊറിയക്ക് ഒപ്പം ചേര്‍ന്ന് അമേരിക്ക നടത്തുന്ന ഇടപെടലുകളില്‍ പ്രകോപിതനായാണ് ഇത്തരമൊരു പ്രകോപനത്തിന് കിം ജോങ് ഉന്‍ തയ്യാറായിരുന്നത്.

ഇതോടെ, അപകടം തിരിച്ചറിഞ്ഞ ട്രംപിന് തന്നെ നേരിട്ട് രംഗത്തിറങ്ങി കിം ജോങ് ഉന്നുമായി ചര്‍ച്ച നടത്തേണ്ട സാഹചര്യമുണ്ടായതും, ലോകം കണ്ട വേറിട്ട കാഴ്ചയാണ്. രണ്ടാമത്തെ തവണ അധികാരത്തില്‍ വന്നപ്പോഴും, ആദ്യം ട്രംപ് പറഞ്ഞത് തന്നെ, കിം ജോങ് ഉന്‍ തന്റെ സുഹൃത്താണെന്നും, കൂടുതല്‍ അടുത്തിടപെടാന്‍ അവസരം ഉണ്ടാക്കുമെന്നുമാണ്. ഈ പ്രതികരണത്തില്‍ നിന്നു തന്നെ, അമേരിക്കയുടെയും ട്രംപിന്റെയും ഭയം വ്യക്തമാണ്.

റഷ്യയെ പോലെയോ, ചൈനയെ പോലെയോ, എന്തിനേറെ, ഇറാനെ പോലെയോ, ലോകത്തിന്റെ നിലനില്‍പ്പു നോക്കി മാത്രം തീരുമാനമെടുക്കുന്ന രാജ്യമോ , ഭരണാധികാരിയോ അല്ല കിം ജോങ് ഉന്‍ എന്നതാണ്, ഉത്തര കൊറിയയെ വേറിട്ടോരു ശത്രുവായി കാണാന്‍, അമേരിക്കയെ പ്രേരിപ്പിക്കുന്നത്.

ഇറാനിലെ ആണവ കേന്ദ്രങ്ങളില്‍, മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയ ശേഷം അമേരിക്ക നടത്തിയ ആക്രമണത്തിന് തിരിച്ചടിയായി, അതു പോലെ തന്നെ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ്, ഇറാനും അമേരിക്കന്‍ താവളങ്ങള്‍ ആക്രമിച്ചിരുന്നത്. ഈ ആക്രമണത്തിന് ഇറാന്‍ ഉപയോഗിച്ചതും വീര്യം കുറഞ്ഞ മിസൈലുകളായിരുന്നു. രണ്ട് ആക്രമണങ്ങളും മുന്‍കൂട്ടി മുന്നറിയിപ്പ് നല്‍കിയിട്ട് നടത്തിയതായതിനാല്‍, ഒരാള്‍ പോലും കൊല്ലപ്പെട്ടിരുന്നുമില്ല.

എന്നാല്‍, ഇത്തരമൊരു ജാഗ്രതയും, മുന്നറിയിപ്പും ഒന്നും കിം ജോങ് ഉന്നില്‍ നിന്നും ആരും പ്രതീക്ഷിക്കേണ്ടതില്ല. അതാകട്ടെ, ഒരു യാഥാര്‍ത്ഥ്യവുമാണ്. കിം ജോങ് ഉന്നിനെ പ്രകോപിപ്പിക്കാതിരിക്കുക എന്നത് മാത്രമാണ്, അമേരിക്കയ്ക്ക് മുന്നിലുള്ള ഏക പോംവഴി. ദക്ഷിണ കൊറിയയുമായും ജപ്പാനുമായും, ഉത്തര കൊറിയ ഏറ്റുമുട്ടേണ്ട സാഹചര്യം ഉണ്ടായാല്‍, അത് ആത്യന്തികമായി അമേരിക്ക  ഉത്തര കൊറിയ യുദ്ധമായാണ് മാറുക.

ലോകത്ത് ഏറ്റവും കൂടുതല്‍ ആണവായുധങ്ങള്‍ കൈവശമുള്ള റഷ്യയുമായി, തന്ത്രപ്രധാനമായ പ്രതിരോധ കരാറില്‍ ഉത്തരകൊറിയ ഒപ്പുവച്ചിട്ടുള്ളതിനാല്‍, ഉത്തര കൊറിയയെ സൈനികമായി സഹായിക്കാന്‍ റഷ്യയും നിലവില്‍ ബാധ്യസ്ഥരാണ്. അതായത്, ഉത്തര കൊറിയയുമായി ആര് യുദ്ധത്തിന് ഇറങ്ങിയാലും, അത് മൂന്നാം ലോക മഹായുദ്ധത്തില്‍ കലാശിക്കുമെന്നത് വ്യക്തം. 

ഈ പശ്ചാത്തലത്തില്‍ നിന്നു വേണം, ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് നടക്കുന്ന പുതിയ സംഭവവികാസങ്ങളെയും നോക്കി കാണാന്‍. ഉത്തരകൊറിയന്‍ ഭരണാധികാരിയായ കിം ജോങ് ഉന്നിനെതിരെ, ഗുരുതരമായ ആരോപണവും കേസുമാണ്, ശത്രു രാജ്യമായ ദക്ഷിണ കൊറിയയില്‍ നിന്നും ഇപ്പോള്‍ വരുന്നത്.

ഉത്തരകൊറിയന്‍ തടങ്കലില്‍ വെച്ച് ക്രൂരമായ പീഡനങ്ങള്‍ക്കും ലൈംഗികാതിക്രമങ്ങള്‍ക്കും ഇരയായി എന്ന് ആരോപിച്ച്, കിം ജോങ് ഉന്നിനെതിരെ, ദക്ഷിണ കൊറിയന്‍ കോടതിയില്‍, സിവില്‍- ക്രിമിനല്‍ നടപടി തുടങ്ങിയിരിക്കുകയാണ്. ഉത്തരകൊറിയയില്‍ നിന്ന് കൂറുമാറിയെത്തിയ ചോയ് മിന്‍-ക്യുങ് എന്ന സ്ത്രീയുടെ പരാതിയിലാണ് ഈ നടപടി.

1997ല്‍ ചൈനയിലേക്ക് പലായനം ചെയ്ത ചോയ് മിന്‍-ക്യുങിനെ, 2008-ല്‍ നിര്‍ബന്ധിതമായി ഉത്തരകൊറിയയിലേക്ക് തിരിച്ചയക്കുകയാണുണ്ടായത്. തിരിച്ചെത്തിയതിന് ശേഷം ലൈംഗിക പീഡനത്തിനും കഠിനമായ പീഡനങ്ങള്‍ക്കും ഇരയായി എന്നാണ് അവര്‍ ആരോപിക്കുന്നത്. ജൂണ്‍ 11 ന് സിയോളില്‍ ആണ് ഇതുസംബന്ധമായ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

ഉത്തരകൊറിയയില്‍ ജനിച്ച ഒരു കൂറുമാറ്റക്കാരി ഭരണകൂടത്തിനെതിരെ നിയമനടപടി സ്വീകരിക്കുന്നത്, ഇതാദ്യമാണെന്നാണ്, ചോയിയെ സഹായിക്കുന്ന ദക്ഷിണ കൊറിയന്‍ മനുഷ്യാവകാശ സംഘടന പറയുന്നത്. ദക്ഷിണ കൊറിയന്‍ കോടതികള്‍ മുന്‍പും ഉത്തരകൊറിയക്കെതിരെ സമാനമായ കേസുകളില്‍ വിധി പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും, ഉത്തര കൊറിയ ഇതെല്ലാം അവഗണിച്ചതിനാല്‍, ആ വിധികള്‍ എല്ലാം തന്നെ, കേവലം പ്രതീകാത്മകമായി മാത്രം ഒതുങ്ങിപ്പോവുകയാണുണ്ടായത്.

പുതിയ കേസില്‍, കിം ജോങ് ഉന്നിനെയും മറ്റ് ആറ് ഉത്തര കൊറിയന്‍ ഉദ്യോഗസ്ഥരെയുമാണ് പ്രതികളാക്കിയിരിക്കുന്നത്. ചോയിയുടെ കേസ് ഐക്യരാഷ്ട്രസഭയിലേക്കും അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയിലേക്കും കൊണ്ടുപോകാന്‍ പദ്ധതിയിടുന്നതായി കേസിന് പിന്തുണ നല്‍കുന്ന ഡാറ്റാബേസ് സെന്റര്‍ ഫോര്‍ നോര്‍ത്ത് കൊറിയന്‍ ഹ്യൂമന്‍ റൈറ്റ്‌സും വ്യക്തമാക്കിയിട്ടുണ്ട്.

'സ്വാതന്ത്ര്യത്തിന്റെയും മനുഷ്യന്റെ അന്തസ്സിന്റെയും പുനഃസ്ഥാപനത്തിനുള്ള ഒരു മൂലക്കല്ലായി ഈ ചെറിയ ചുവടുവയ്പ്പ് മാറണമെന്ന് താന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായാണ്, പരാതിക്കാരി പറയുന്നത്. പീഡനത്തിന് ഇരയായവളും ഉത്തരകൊറിയന്‍ ഭരണകൂടത്തെ അതിജീവിച്ചവളും എന്ന നിലയില്‍, മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക്, കിം രാജവംശത്തെ ഉത്തരവാദിയാക്കാനുള്ള ആഴമേറിയതും അടിയന്തരവുമായ ഉത്തരവാദിത്തം ഇതുവഴി താന്‍ നിര്‍വഹിക്കുന്നതായുമാണ്, അവര്‍ വാദിക്കുന്നത്.

2012-ല്‍ വീണ്ടും ഉത്തരകൊറിയയില്‍ നിന്ന് പലായനം ചെയ്ത ചോയി , തുടര്‍ന്ന് ദക്ഷിണ കൊറിയയില്‍ സ്ഥിരതാമസമാക്കുകയാണുണ്ടായത്. പഴയ ദുരിതത്തില്‍ നിന്നുള്ള മാനസികാഘാതം ഇപ്പോഴും ഉണ്ടെന്നും, മരുന്നുകളെയാണ് താന്‍ ഇപ്പോഴും ആശ്രയിക്കുന്നതെന്നുമാണ് അവര്‍ വ്യക്തമാക്കിയിരിക്കുന്നത്.

രാഷ്ട്രീയ തടവുകാരോടുള്ള ക്രൂരമായ പെരുമാറ്റം മുതല്‍, ലിംഗഭേദത്തിന്റെയും വര്‍ഗ്ഗത്തിന്റെയും അടിസ്ഥാനത്തിലുള്ള വ്യവസ്ഥാപിത വിവേചനം വരെയാണ്, ഈ സ്ത്രീയെ മുന്‍ നിര്‍ത്തി, പാശ്ചാത്യ മാധ്യമങ്ങള്‍ ഇപ്പോള്‍, ഉത്തരകൊറിയക്കും കിം ജോങ് ഉന്നിനുമെതിരെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

സിവില്‍ കേസുകള്‍ക്കൊപ്പം തന്നെ, ക്രിമിനല്‍ കുറ്റങ്ങളും ചുമത്തുന്നു എന്നതാണ് ഈ കേസിന്റെ പ്രാധാന്യമെന്നാണ്, എന്‍കെഡിബി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹന്ന സോംഗ്, ദക്ഷിണ കൊറിയയിലെ ബിബിസി ലേഖകനോട് വ്യക്തമാക്കിയിരിക്കുന്നത്. ഉത്തരകൊറിയക്കെതിരായ മുന്‍ കോടതി കേസുകള്‍ എല്ലാം''സിവില്‍ വ്യവഹാരങ്ങളില്‍ മാത്രമായി ഒതുങ്ങിയിരുന്നു ' എന്നതാണ് അവരുടെ വാദം.

ഇതിന് ചില ഉദാഹരണങ്ങളും ഹന്ന സോംഗ് ചൂണ്ടിക്കാട്ടുന്നുണ്ട്. അതില്‍ പ്രധാനം, കൊറിയന്‍ യുദ്ധസമയത്ത് ഉത്തരകൊറിയയില്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ട് ചൂഷണം ചെയ്യപ്പെട്ട മൂന്ന് ദക്ഷിണ കൊറിയന്‍ പുരുഷന്മാര്‍ക്ക്, 50 ദശലക്ഷം വോണ്‍ വീതം നല്‍കാന്‍, 2023 -ല്‍ , സിയോള്‍ കോടതി ഉത്തരകൊറിയയോട് ഉത്തരവിട്ടിരുന്നെങ്കിലും ഒന്നും സംഭവിച്ചിരുന്നില്ല.

ഇതിനു പുറമെ, 2024ലും മറ്റൊരു വിധിയും ഉത്തര കൊറിയക്ക് എതിരെ ദക്ഷിണ കൊറിയന്‍ കോടതി പുറപ്പെടുവിച്ചിട്ടുണ്ട്. 1960-കളിലും 1980-കളിലും, ''ഭൂമിയിലെ പറുദീസ'' വാഗ്ദാനം ചെയ്ത്, ജപ്പാനില്‍ നിന്നും ഉത്തരകൊറിയയിലേക്ക് കുടിയേറിയ ദക്ഷിണകൊറിയന്‍  ജാപ്പനീസ് കുടിയേറ്റക്കാരില്‍ അഞ്ചുപേര്‍ക്ക് , 100 ദശലക്ഷം വോണ്‍ വീതം നല്‍കാനുള്ള ഉത്തരവായിരുന്നു അത്.

തങ്ങളെ വഞ്ചിച്ചാണ് ഉത്തരകൊറിയയിലേക്ക് കൊണ്ടുപോയെന്നും, അവിടെ തടവിലാക്കി നിര്‍ബന്ധിതമായി ജോലി ചെയ്യിച്ചെന്നുമാണ് ഈ കുടിയേറ്റക്കാര്‍ പരാതിപ്പെട്ടിരുന്നത്. ഈ രണ്ട് കേസുകളോടും ഉത്തരകൊറിയ പ്രതികരിച്ചിരുന്നില്ല. മൈന്റ് ചെയ്തില്ല എന്നു പറയുന്നതാണ് യാഥാര്‍ത്ഥ്യം.

ഇപ്പോഴത്തെ പുതിയ കേസും ഇതുപോലെ തന്നെ ഉത്തര കൊറിയ അവഗണിക്കും എന്നാണ് കരുതുന്നതെങ്കിലും ഇതില്‍ കിം ജോങ് ഉന്നിനും ഉത്തര കൊറിയക്കും എതിരെ ക്രിമിനല്‍ സ്വഭാവമുള്ള ഗുരുതര ആരോപണങ്ങള്‍ ഉള്‍പ്പെടുകയും ലോകത്തിന് മുന്നില്‍ ഉത്തര കൊറിയയെ കൂടുതല്‍ മോശമാക്കാനുള്ള ശ്രമങ്ങളും നടന്നതിനാല്‍ കിം ജോങ് ഉന്നിന്റെ പ്രതികരണം ഏത് രൂപത്തിലായിരിക്കും എന്നത് കണ്ടറിയേണ്ട കാര്യം തന്നെയാണ്.

ഒരു സ്ത്രീയെ മുന്‍ നിര്‍ത്തി കിം ജോങ് ഉന്നിനെ താറടിച്ചു കാണിക്കാനും, ഉത്തര കൊറിയക്ക് എതിരായി കൂടുതല്‍ ഉപരോധങ്ങള്‍ക്കുള്ള നീക്കവുമാണ് പാശ്ചാത്യ ശക്തികള്‍ ലക്ഷ്യമിടുന്നതെങ്കില്‍ ആ ശ്രമം എന്തായാലും വലിയ പ്രത്യാഘാതങ്ങള്‍ക്കാണ് ഇടവരുത്തുക. നിരവധി വര്‍ഷങ്ങളായി ദക്ഷിണ കൊറിയയില്‍ താമസിക്കുന്ന ചോയ് മിന്‍ ക്യുങ് എന്ന സ്ത്രീ ഇപ്പോള്‍ ഇത്തരത്തില്‍ ഒരു പരാതിയുമായി രംഗത്ത് വന്നതിന് പിന്നില്‍ ഉത്തര കൊറിയക്ക് എതിരായ അമേരിക്കയുടെ പടയൊരുക്കത്തിന്റെ സൂചനയായും വിലയിരുത്തപ്പെടുന്നുണ്ട്.

അമേരിക്ക വരെ എത്താനുള്ള ആണവ മിസൈല്‍ ഉത്തര കൊറിയയുടെ പക്കല്‍ ഉള്ള അന്നു മുതല്‍ ആശങ്കയോടെ മാത്രം ഉത്തരകൊറിയയെ വീക്ഷിക്കുന്ന അമേരിക്ക ദക്ഷിണ കൊറിയ കേന്ദ്രീകരിച്ച് നിരവധി വര്‍ഷങ്ങളായി കമ്യൂണിസ്റ്റ് രാജ്യമായ ഉത്തരകൊറിയയില്‍ ഒരു രാഷ്ട്രീയ അട്ടിമറിക്ക് ശ്രമിക്കുന്നുണ്ട്. എന്നാല്‍, കിം തീര്‍ത്ത ഉരുക്കു കോട്ടക്കുള്ളില്‍ കയറാന്‍ അവര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. അത് അത്ര എളുപ്പത്തില്‍ നടക്കുന്ന കാര്യവുമല്ല. ഉപരോധങ്ങള്‍ മൂലം, പരാധീനതകളും കഷ്ടപ്പാടുകളും ഏറെയുണ്ടെങ്കിലും ഉത്തര കൊറിയന്‍ ജനതയുടെ സൂപ്പര്‍ ഹീറോ, ഇപ്പോഴും അവരുടെ ഭരണാധികാരി കിം ജോങ് ഉന്‍ തന്നെയാണ്. സൈന്യവും ഒറ്റക്കെട്ടായാണ് കിമ്മിന് പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നത്.

ഇത്തരത്തില്‍ കരുത്തനായ കിം ജോങ് ഉന്നിനെ വീഴ്ത്തിയാല്‍, ഉത്തര കൊറിയയെയും കൈപ്പിടിയിലാക്കാം എന്നതാണ് അമേരിക്കന്‍ ഭരണകൂടത്തിന്റെ കണക്ക് കൂട്ടല്‍. ഇതിന്റെ ഭാഗമായി സി.ഐ.എയുടെ ബുദ്ധിയില്‍ പിറന്ന പുതിയ എപ്പിസോഡായി മാത്രമേ പുതിയ സംഭവ വികാസങ്ങളെയും നോക്കി കാണാന്‍ സാധിക്കൂ. ദക്ഷിണ കൊറിയയില്‍ എത്തി 13 വര്‍ഷത്തിന് ശേഷമാണ് പരാതിക്കാരി ഇത്തരം ആരോപണം ഉന്നയിച്ച് കേസ് നല്‍കിയത് എന്നത് തന്നെ, ഗൂഢാലോചന സംശയിക്കാവുന്നതാണ്. മാത്രമല്ല, ചൈന ഉത്തര കൊറിയയിലേക്ക് തിരിച്ചയച്ച ഈ സ്ത്രീക്ക്, പിന്നെ എങ്ങനെ ദക്ഷിണ കൊറിയയിലേക്ക് രക്ഷപ്പെടാന്‍ കഴിഞ്ഞു എന്നതും, പ്രസക്തമായ ചോദ്യമാണ്.

kim jong un