കിരാന ഹില്ലില്‍ ആണവ വികിരണ ചോർച്ചയോ?  വിശദീകരണവുമായി ആണവോര്‍ജ ഏജന്‍സി

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനേപ്പറ്റി അറിഞ്ഞെന്നും എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം പാകിസ്താനില്‍ ആണവ വികിരണ ചോര്‍ച്ചയില്ലെന്ന്‌ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മാധ്യമ വിഭാഗം മാധ്യമങ്ങളോട് പ്രതികരിച്ചു.

author-image
Anitha
New Update
jeikahkfhdsah

ന്യൂഡല്‍ഹി: പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രത്തില്‍ ഇന്ത്യന്‍ മിസൈല്‍ പതിച്ചുവെന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഇന്ത്യയുടെ ആക്രമണത്തെ തുടര്‍ന്ന് പ്രദേശത്ത് ആണവ വികിരണ ചോര്‍ച്ചയുണ്ടായി എന്നുള്ളതടക്കമുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. എന്നാല്‍, പാകിസ്താനില്‍ ഒരു തരത്തിലുമുള്ള ആണവ ചോര്‍ച്ചയില്ലെന്ന്‌ വ്യക്തമാക്കിയിരിക്കുകയാണ് രാജ്യാന്തര ആണവോര്‍ജ ഏജന്‍സി.

സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നതിനേപ്പറ്റി അറിഞ്ഞെന്നും എന്നാല്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം പാകിസ്താനില്‍ ആണവ വികിരണ ചോര്‍ച്ചയില്ലെന്ന്‌ രാജ്യാന്തര ആണവോര്‍ജ ഏജന്‍സി മാധ്യമ വിഭാഗം മാധ്യമങ്ങളോട് പ്രതികരിച്ചു.

പാകിസ്താന്റെ ആണവായുധ കേന്ദ്രത്തില്‍ ആക്രമണം നടത്തിയെന്ന പ്രചരണം ഇന്ത്യന്‍ വ്യോമസേന എയര്‍ മാര്‍ഷല്‍ എ.കെ. ഭാര്‍തി നിഷേധിച്ചിരുന്നു. പാകിസ്താന്റെ ആണവായുധ സംഭരണ കേന്ദ്രമാണ് കിരാന ഹില്ലുകളെന്ന് അറിയില്ലെന്നും അവിടെ ആക്രമണം നടത്തിയിട്ടില്ലെന്നും എ.കെ. ഭാര്‍തി വാര്‍ത്താ സമ്മേളനത്തിനിടെ പറഞ്ഞിരുന്നു.

അതേസമയം, ആണവ വികിരണ ചോര്‍ച്ച കണ്ടെത്തുന്ന യു.എസിന്റെ ബീച്ച്ക്രാഫ്റ്റ് ബി-350 എന്ന ഏരിയല്‍ മെഷറിങ് സിസ്റ്റം ഘടിപ്പിച്ച വിമാനം പാക് വ്യോമ മേഖലയില്‍ എത്തിയെന്ന പ്രചാരണവുമുണ്ട്. ഇത് ശരിവെക്കുന്ന ഫ്‌ളൈറ്റ് റഡാര്‍ വിവരങ്ങളും പുറത്തുവന്നിരുന്നു. ഇതോടെ ഇവ തമ്മില്‍ ബന്ധിപ്പിച്ച് സംഭവം മറച്ചുവെയ്ക്കാനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നതെന്നാണ് പ്രചാരണം. ഈ വിമാനം തങ്ങളുടെ വ്യോമപരിധിയിൽ ഉണ്ടായിരുന്നുവെന്നതില്‍ പാകിസ്താന്‍ പ്രതികരണം നടത്തിയിട്ടുമില്ല.

എന്തിനാണ് ഈ വിമാനം അവിടെ എത്തിയത് എന്നതിനോട് യു.എസും വ്യക്തമായ മറുപടി നല്‍കാത്തതോടെ അഭ്യൂഹങ്ങള്‍ ശക്തിപ്പെട്ടു. അതേസമയം, സ്ഥിരീകരിക്കാത്ത ഒരു റിപ്പോര്‍ട്ട് പറയുന്നത് ഒരു ഈജിപ്യന്‍ വിമാനം മേഖലയില്‍ ബോറോണ്‍ അടങ്ങിയ ചില രാസവസ്തുക്കള്‍ വിതറിയിട്ടുണ്ട് എന്നാണ്. ആണവ ചോര്‍ച്ചയെ പ്രതിരോധിക്കാനാണ് ഇങ്ങനെ ചെയ്തത് എന്നാണ് വാദം. ഇക്കാര്യത്തിലും പാകിസ്താന്‍ പ്രതികരിച്ചിട്ടില്ല. കിരാന ഹില്ലില്‍ സ്‌ഫോടനം നടന്നതിന്റേതെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രങ്ങളില്‍ പലതും ആധികാരികതയില്ലാത്തവയാണ്.

nuclear attack pakisthan