വാഷിങ്ടണ്‍: അമേരിക്കയുടെ ദേശീയ പക്ഷിയായി വെള്ളത്തലയന്‍ കടല്‍പ്പരുന്തിനെ പ്രഖ്യാപിച്ചു. യുഎസ് കോണ്‍ഗ്രസ് പാസ്സാക്കിയ നിയമത്തില്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഒപ്പുവെച്ചതോടെയാണ് രാജ്യം കാത്തിരുന്ന പ്രഖ്യാപനം ഉണ്ടായത്. 'രാജ്യത്ത് നിലനില്‍ക്കുന്ന ഈ ചിഹ്നം ഇപ്പോള്‍ നമ്മുടെ ചരിത്രത്തിലും നമ്മുടെ ഹൃദയങ്ങളിലും അതിന്റെ ശരിയായ സ്ഥാനം വഹിക്കുന്നു'. എന്നാണ് പ്രഖ്യാപനത്തെ പിന്തുണച്ച് ബൈഡന്‍ അഭിപ്രായപ്പെട്ടത്.
വെള്ളത്തലയന്‍ കടല്‍പ്പരുന്ത് 240 വര്‍ഷത്തിലേറെയായി അമേരിക്കയുടെ പ്രതീകമാണ്. എന്നാല്‍ ഇപ്പോഴാണ് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുന്നത്.
വടക്കേ അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം കടല്‍പ്പരുന്താണ് വെള്ളത്തലയന്‍ കടല്‍പ്പരുന്ത്.വെളുത്ത തല, മഞ്ഞ കൊക്ക്, തവിട്ട് ശരീരം എന്നിവയാല്‍ ശ്രദ്ധേയമായ ഈ കടല്‍പ്പരുന്ത്. ഔദ്യോഗിക പ്രഖ്യാപനം ഇപ്പോഴാണ് ഉണ്ടായതെങ്കിലും അമേരിക്കന്‍ പ്രസിഡന്റിന്റെ പതാക, സൈനിക ചിഹ്നം, യുഎസ് കറന്‍സി, സര്‍ക്കാര്‍ രേഖകള്‍ എന്നിവയുള്‍പ്പെടെ വിവിധ ഔദ്യോഗിക രേഖകളിലും ചിഹ്നങ്ങളിലും വെള്ളത്തലയന്‍ കടല്‍പ്പരുന്തിന്റെ ചിത്രമാണ് ആലേഖനം ചെയ്തിട്ടുള്ളത്. ദേശീയ മൃഗം (അമേരിക്കന്‍ കാട്ടുപോത്ത് ), ദേശീയ പുഷ്പം (റോസ്), ദേശീയ വൃക്ഷം (ഓക്ക്) എന്നിവയുടെ കൂട്ടത്തിൽ ദേശീയ പക്ഷിയായി വെള്ളത്തലയന്‍ കടല്‍പ്പരുന്തും ഇനി അറിയപ്പെടും.