ഒരുവശത്ത് ആയുധപ്പുര നിറയ്ക്കല്‍: മറുവശത്ത് വെടിനിര്‍ത്തല്‍ ചര്‍ച്ച ; ബൈഡന്റെ ഇരട്ടത്താപ്പ് പുറത്ത്

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജോ ബൈഡന്‍ പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.കഴിഞ്ഞ 15 മാസത്തോളമായി പലസ്തീനും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൈയടിച്ച് കൂടെ നിന്ന ബൈഡന് ഇപ്പോള്‍ വീണ്ടുവിചാരമുണ്ടായിരിക്കുകയാണ്.

author-image
Rajesh T L
New Update
war

അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ജോ ബൈഡന്‍ പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്.കഴിഞ്ഞ 15 മാസത്തോളമായി പലസ്തീനും സഖ്യകക്ഷികള്‍ക്കുമെതിരായ ആക്രമണത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് കൈയടിച്ച് കൂടെ നിന്ന ബൈഡന് ഇപ്പോള്‍ വീണ്ടുവിചാരമുണ്ടായിരിക്കുകയാണ്.

ഗാസ വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാക്കാന്‍ ജോ ബൈഡന്‍ ഭരണകൂടം അവസാനവട്ട മധ്യസ്ഥ ശ്രമം ശക്തമാക്കിയെന്നാണ് വാര്‍ത്തകള്‍.രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനമുണ്ടാക്കാനാണു ശ്രമമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.എന്നാല്‍ ഇതിന് പിന്നിലെ ഉദ്ദേശം വ്യക്തമല്ല.പടിയിറങ്ങും മുമ്പ് യുദ്ധപരിഹാരം ഉണ്ടാക്കി ഇതിലെനിക്ക് പങ്കില്ലെന്ന് പറഞ്ഞ് കൈ കഴുകാനാണോ ബൈഡന്റെ ശ്രമമെന്നും ചോദിക്കുന്നവരുണ്ട്.

ദോഹയില്‍ തുടരുന്ന ചര്‍ച്ചയില്‍ ഇസ്രയേല്‍ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ട്. മൊസാദ് തലവന്‍ ഡേവിഡ് ബര്‍നിയ കൂടി താമസിയാതെ ദോഹയിലെത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.20ന് അകം ബന്ദികളെ മോചിപ്പിക്കണമെന്ന അന്ത്യശാസനം ഇതിനിടെ നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും നല്‍കിയിട്ടുണ്ട്.

വെടിനിര്‍ത്തല്‍ കരാറിൽ ആദ്യഘട്ടത്തില്‍ മോചിപ്പിക്കേണ്ട 34 ബന്ദികളുടെ ഇസ്രയേല്‍ നല്‍കിയ പട്ടിക അംഗീകരിച്ചതായി ഹമാസിന്റെ വക്താവാണ് റോയിട്ടേഴ്സിനോടു പറഞ്ഞത്.വനിതാ സൈനികരും പ്രായമായവരുമാണ് ഈ പട്ടികയിലുള്ളത്.എന്നാല്‍ ഇത് സംബന്ധിച്ച് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫിസ് പ്രതികരിച്ചിട്ടില്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ബൈഡന്റ് ഇരട്ടത്താപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.ഒരു വശത്ത് വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്യുമ്പോഴും മറുവശത്ത് ഇസ്രയേലിന്റെ ആയുധപ്പുര നിറയ്ക്കുന്നതിനുള്ള തിരക്കിലാണ് ബൈഡന്‍.ഇസ്രയേലിന് 8 ബില്യണ്‍ ഡോളറിന്റെ ആയുധങ്ങള്‍ വില്‍ക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് കോണ്‍ഗ്രസിനെ അറിയിച്ചതായി യുഎസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയതോടെയാണ് ബൈഡന്റെ ഇരട്ടത്താപ്പ് പുറത്തായത്.

നിരവധി ആയുധങ്ങളാണ് അമേരിക്ക ഇസ്രയേലിന് കൈമാറുക.ആയുധങ്ങളില്‍ വായുവിലൂടെയുള്ള ഭീഷണികളെ പ്രതിരോധിക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നതിന് ഇടത്തരം റേഞ്ച് എയര്‍-ടു-എയര്‍ മിസൈലുകള്‍,ദീര്‍ഘദൂര ലക്ഷ്യത്തിനായുള്ള 155 എംഎം പ്രൊജക്‌റ്റൈല്‍ പീരങ്കി ഷെല്ലുകള്‍,ഹെല്‍ഫയര്‍ എജിഎം-114 മിസൈലുകള്‍,500 പൗണ്ട് ബോംബുകള്‍ എന്നിവയും അതില്‍ ഉള്‍പ്പെടുന്നു.

2023 ഒക്ടോബര്‍ 7ന് ഹമാസ് ആക്രമണത്തിന് പിന്നാലെ യുദ്ധം ആരംഭിച്ചതിനുശേഷം യുഎസ് ഇസ്രയേലിന് നല്‍കിയ 17.9 ബില്യണ്‍ ഡോളറിന്റെ സൈനിക സഹായത്തിന്റെ റെക്കോര്‍ഡിലേക്ക് ഈ ആയുധ പാക്കേജ് കൂട്ടിച്ചേര്‍ക്കും.ഓഗസ്റ്റില്‍,വാഷിംഗ്ടണ്‍ 20 ബില്യണ്‍ ഡോളറിന്റെ പ്രത്യേക പാക്കേജിന് അംഗീകാരം നല്‍കിയിരുന്നു,അതില്‍ ജെറ്റുകള്‍,സൈനിക വാഹനങ്ങള്‍,ബോംബുകള്‍,മിസൈലുകള്‍ എന്നിവ ഉള്‍പ്പെടുന്നു.

തെക്കന്‍ ഗാസയിലെ നഗരമായ റാഫയില്‍ ബോംബുകള്‍ ഉപയോഗിക്കുകയാണെങ്കില്‍ സാധാരണക്കാര്‍ക്ക് ജീവഹാനി സംഭവിക്കുമെന്ന ആശങ്കയെത്തുടര്‍ന്ന് മെയ് മാസത്തില്‍ ഇസ്രായേലിലേക്കുള്ള 2,000 പൗണ്ട് ബോംബുകളുടെ കയറ്റുമതി അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിയിരുന്നതാണ്.എന്‍ക്ലേവിലേക്ക് ഇസ്രയേല്‍ മാനുഷിക സഹായം വര്‍ദ്ധിപ്പിക്കണമെന്ന് ബൈഡന്‍ ഭരണകൂടം ആവശ്യപ്പെട്ടത് എന്തിന്റെ പേരിലാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

american president baiden