/kalakaumudi/media/media_files/2025/06/26/7gbn99ynfj-2025-06-26-14-45-11.jpg)
ബീജിങ് : ഷാങ്ഹായ് സഹകരണ സംഘടന (എസ്സിഒ) യോഗത്തിലെ സംയുക്ത പ്രസ്താവനയില്‍ ഒപ്പിടാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. ഏപ്രില്‍ 22-ന് ഇന്ത്യയില്‍ 26 പേരുടെ മരണത്തിനിടയാക്കിയ പഹല്‍ഗാം ഭീകരാക്രമണത്തെക്കുറിച്ച് പരാമര്‍ശിക്കാത്തതിനാല്‍ ആണ് സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കാന്‍ രാജ്‌നാഥ് സിംഗ് വിസമ്മതിച്ചത്. ഇന്ത്യന്‍ പ്രതിരോധ മന്ത്രി എതിര്‍പ്പ് അറിയിച്ചതോടെ സംയുക്ത പ്രസ്താവന പൂര്‍ണമായും ഉപേക്ഷിക്കുന്നതായി എസ്സിഒ യോഗം വ്യക്തമാക്കി.
അതിര്‍ത്തി കടന്നുള്ള ഭീകരതയെ പ്രതിരോധിക്കാന്‍ ഇന്ത്യയ്ക്ക് പൂര്‍ണമായ അവകാശമുണ്ടെന്ന് നേരത്തെ രാജ്‌നാഥ് സിംഗ് യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. അതേസമയം ബലൂചിസ്താനിലെ ആക്രമണങ്ങള്‍ക്ക് കാരണം ഇന്ത്യയാണെന്ന് പാകിസ്താന്‍ യോഗത്തില്‍ ആരോപിച്ചു. യോഗത്തിനുശേഷം പുറത്തിറക്കുന്ന സംയുക്ത പ്രസ്താവനയില്‍ പഹല്‍ഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള പരാമര്‍ശം ഒഴിവാക്കുകയും ബലൂചിസ്ഥാന്‍ പ്രസ്താവന ഉള്‍പ്പെടുത്തുകയും ചെയ്തതാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രിയെ ചൊടിപ്പിച്ചത്. ഇതോടെ സംയുക്ത പ്രസ്താവനയില്‍ താന്‍ ഒപ്പിടില്ലെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു. ഒടുവില്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രിക്ക് വഴങ്ങിയ എസ്സിഒ യോഗം സംയുക്ത പ്രസ്താവന പൂര്‍ണമായും ഉപേക്ഷിച്ചു.
ചില രാജ്യങ്ങള്‍ അതിര്‍ത്തി കടന്നുള്ള ഭീകരതയെ നയതന്ത്ര ഉപകരണമായി ഉപയോഗിക്കുകയും തീവ്രവാദികള്‍ക്ക് അഭയം നല്‍കുകയും ചെയ്യുന്നു. അത്തരം ഇരട്ടത്താപ്പുകള്‍ക്ക് ഇവിടെ സ്ഥാനമില്ല. അത്തരം രാജ്യങ്ങളെ വിമര്‍ശിക്കാന്‍ എസ്സിഒ മടിക്കരുത് എന്ന് രാജ്‌നാഥ് സിംഗ് യോഗത്തില്‍ സൂചിപ്പിച്ചു.