/kalakaumudi/media/media_files/2025/09/14/osacr-2025-09-14-15-46-15.jpg)
ജെറുസലേം: ഇസ്രയേല്‍ സൈനികരില്‍ നിന്നുണ്ടായ ദുരനുഭവം പറഞ്ഞ് ഒസ്‌കര്‍ ജേതാവായ പലസ്തീന്‍ സംവിധായകന്‍ ബാസല്‍ അദ്ര. ഇസ്രയേല്‍ കുടിയേറ്റക്കാര്‍ തങ്ങളുടെ ഗ്രാമത്തില്‍ നടത്തിയ അതിക്രമങ്ങളെ കുറിച്ചും അദ്ര പറയുന്നുണ്ട്.
വെസ്റ്റ്ബാങ്കിലെ മസാഫര്‍ യാട്ടയിലുള്ള അദ്രയുടെ വീട്ടില്‍ ശനിയാഴ്ച്ചയാണ് ഇസ്രയേല്‍ സൈനികര്‍ റെയ്ഡ് നടത്തിയത്. അദ്രയെ തിരക്കിയാണ് അവരെത്തിയത്. ഈ സമയം സംവിധായകന്റെ ഭാര്യ സുഹയും അവരുടെ ഒമ്പത് മാസം പ്രായമുള്ള മകളും വീട്ടില്‍ ഉണ്ടായിരുന്നു. അദ്ര എവിടെയുണ്ടെന്ന് സുഹയോട് തിരക്കിയ പട്ടാളക്കാര്‍ അവരുടെ ഫോണ്‍ പരിശോധിക്കുകയും ചെയ്തു എന്നാണ് പിന്നീട് അദ്ര അസോഷ്യേറ്റ് പ്രസിനോട് നടത്തിയ പ്രതികരണത്തില്‍ പറയുന്നത്.
ശനിയാഴ്ച്ചയാണ് ഇസ്രയേല്‍ കുടിയേറ്റക്കാര്‍ ഗ്രാമത്തില്‍ അക്രമണം നടത്തിയത്. തന്റെ രണ്ട് സഹോദരന്മാര്‍ക്കും ഒരു ബന്ധുവിനും പരിക്കേറ്റു. താനും അവരോടൊപ്പം ആശുപത്രിയില്‍ ആയിരുന്ന സമയത്താണ് ഒമ്പത് ഇസ്രയേല്‍ സൈനികര്‍ തന്റെ വീട്ടിലേക്ക് ഇരച്ചു കയറിയത്, ഇക്കാര്യം ഗ്രാമത്തില്‍ ഉള്ളവരില്‍ നിന്നാണ് അറിഞ്ഞത്; അദ്ര പറയുന്നു. ഭാര്യയെ ചോദ്യം ചെയ്തതു കൂടാതെ തന്റെ അമ്മാവാനെ ഏറെ നേരം തടവില്‍ വച്ചുവെന്നു അദ്ര പറയുന്നു.
ശനിയാഴ്ച രാത്രി മുതല്‍ വീട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ് താനെന്നും അദ്ര നിരാശപ്പെടുന്നു. വീട്ടിലെ അവസ്ഥ എന്താണെന്ന് അറിയാന്‍ അങ്ങോട്ട് പോകാന്‍ ഒരു മാര്‍ഗവുമില്ലാത്ത അവസ്ഥയാണ്. കാരണം സൈനികര്‍ ഗ്രാമത്തിലേക്കുള്ള പ്രവേശനം തടഞ്ഞിരിക്കുകയാണ്. ഗ്രാമത്തിലേക്ക് ചെന്നാല്‍ ഇസ്രയേല്‍ സൈന്യം തന്നെ കസ്റ്റഡിയിലെടുക്കപ്പെടുമെന്ന ഭയമുണ്ടെന്നും ബാസല്‍ അദ്ര പറയുന്നു.
എന്നാല്‍ ഇസ്രയേല്‍ സൈന്യം പലസ്തീനികളെയാണ് പ്രതികളാക്കുന്നത്. ഗ്രാമത്തിലുള്ളവര്‍ സൈനികരെ കല്ലുകളെറിഞ്ഞു ആക്രമിക്കുകയാണുണ്ടായതെന്നാണ് അവര്‍ ആരോപിക്കുന്നത്. സൈനികര്‍ ഇപ്പോഴും ഗ്രാമത്തില്‍ ഉണ്ടെന്നും പ്രദേശത്ത് തിരച്ചില്‍ നടത്തുകയും ചോദ്യം ചെയ്യലുകള്‍ തുടരുകയും ചെയ്യുന്നുണ്ടെന്നുമാണ് അവര്‍ വിശദീകരിക്കുന്നത്.
വെസ്റ്റ് ബാങ്കിന്റെ തെക്കന്‍ പ്രദേശങ്ങളായ മസാഫര്‍ യാട്ടയിലെ കുടിയേറ്റക്കാരുടെ അക്രമങ്ങള്‍ രേഖപ്പെടുത്തിക്കൊണ്ട്, ആ ഗ്രാമത്തില്‍ ജനിച്ചു ജീവിക്കുന്ന ബാസല്‍ ആദ്ര ഒരു പത്രപ്രവര്‍ത്തകനായാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീടദ്ദേഹം ചലച്ചിത്ര സംവിധായകനായി. ഇസ്രയേല്‍ ആക്രമണത്തില്‍ തകര്‍ന്ന വെസ്റ്റ് ബാങ്കിന്റെ നാശം അടയാളപ്പെടുത്തുന്ന ഡോക്യുമെന്ററിയാണ് നോ അദര്‍ ലാന്‍ഡ്. ഇതിന്റെ നാല് സംവിധായകരില്‍ ഒരാളാണ് ബാസല്‍ അദ്ര.
ഈ മാര്‍ച്ചില്‍ നോ അദര്‍ ലാന്‍ഡിന്റെ സംവിധായകരില്‍ ഒരാളും അദ്രയുടെ സുഹൃത്തുമായ ഹംദാന്‍ ബല്ലാലിനെതിരേ ഇസ്രയേല്‍ കുടിയേറ്റക്കാരുടെ ക്രൂരമായ ആക്രമണം ഉണ്ടായിരുന്നു. ബല്ലാലിനെ ഇസ്രയേല്‍ സൈന്യം അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.