/kalakaumudi/media/media_files/2025/07/23/ozy-2025-07-23-12-36-02.jpg)
ലണ്ടന്‍: ഇംഗ്ലീഷ് റോക്ക് ബാന്‍ഡ് 'ബ്ലാക്ക് സാബത്തി'ന്റെ ഗായകന്‍ ഓസി ഒസ്‌ബോണ്‍ അന്തരിച്ചു. 76ാം വയസ്സിലാണ് അന്ത്യം. പാര്‍കിന്‍സണ്‍ രോഗമടക്കം നിരവധി അസുഖങ്ങളുടെ പിടിയിലായിരുന്നു ഓസി ഓസ്‌ബോണ്‍. മൂന്നാഴ്ച മുമ്പാണ് ജന്മനാടായ ബര്‍മിംഗ്ഹാമില്‍ ബ്ലാക്ക് സാബത്തിനൊപ്പം ഓസ്‌ബോണ്‍ വിരമിക്കല്‍ പരിപാടി നടത്തിയത്. റോക്ക് മ്യൂസിക്കിലെ ഹെവി മെറ്റല്‍ എന്ന ശാഖയുടെ പിതാവ് എന്നും ഓസി അറിയപ്പെടുന്നു. പ്രിന്‍സ് ഓഫ് ഡാര്‍ക്‌നെസ്സ് എന്നാണ് ഓസി സ്വയം വിശേഷിപ്പിച്ചിരുന്നത്.
'നമ്മുടെ പ്രിയപ്പെട്ട ഓസി ഓസ്‌ബോണ്‍ അന്തരിച്ചുവെന്ന വാര്‍ത്ത അറിയിക്കേണ്ടി വരുന്നത് വാക്കുകള്‍ക്കതീതമായ വലിയ ദുഃഖമാണ്. അദ്ദേഹം കുടുംബത്തോടൊപ്പമുണ്ടായിരുന്നു. അവസാനം വരെ സ്‌നേഹത്താല്‍ വലയം ചെയ്യപ്പെട്ടിരുന്നു. ഈ സമയത്ത് ഞങ്ങളുടെ കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കാന്‍ ഞങ്ങള്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു.' ഓസി ഓസ്‌ബോണിന്റെ കുടുംബം അറിയിച്ചു.
വിടവാങ്ങല്‍ പരിപാടിയില്‍ ബ്ലാക്ക് സാബത്തിന്റെ സ്ഥാപകരായ ബാസിസ്റ്റ് ഗീസര്‍ ബട്ട്ലര്‍, ഡ്രമ്മര്‍ ബില്‍ വാര്‍ഡ്, ഗിറ്റാറിസ്റ്റ് ടോണി ഇയോമി എന്നിവരുള്‍പ്പെടെയുണ്ടായിരുന്നു. 'ബാക്ക് ടു ദ് ബിഗിനിങ്' എന്ന പേരിലായിരുന്നു പരിപാടി. രണ്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷമുള്ള ബ്ലാക്ക് സാബത്തിന്റെ ആദ്യ പ്രകടനമായിരുന്നു ഇത്.
വേദിയിലെ അതിരുകടന്ന പ്രവര്‍ത്തികള്‍ക്ക് വിമര്‍ശനം നേരിട്ട കലാകാരനാണ് ഓസി. വേദിയില്‍വച്ച് വവ്വാലിന്റെ തല കടിക്കുക, കാണികള്‍ക്ക് നേരെ പച്ചമാംസം വലിച്ചെറിയുക തുടങ്ങിയ പ്രവര്‍ത്തികളുടെ പേരില്‍ അദ്ദേഹം ഏറെ വിമര്‍ശനം നേരിട്ടിരുന്നു. ഓസി ഓസ്‌ബോണ്‍ പിശാചിനെ ആരാധിക്കുന്ന വ്യക്തിയാണെന്ന ആരോപണങ്ങളുമുണ്ടായിരുന്നു.
1948 ഡിസംബര്‍ 3 ന് ബര്‍മിംഗ്ഹാമിലാണ് ജോണ്‍ ഓസി ഓസ്‌ബോണ്‍ ജനിച്ചത്. 15ാം വയസ്സില്‍ സ്‌കൂള്‍ പഠനമുപേക്ഷിച്ച ഓസി, നിര്‍മാണ തൊഴിലാളിയായും കശാപ്പുശാലയിലും ജോലി ചെയ്തു. നിരവധി ജോലികള്‍ ചെയ്ത ശേഷം ഒടുവില്‍ മോഷണത്തിനും ശ്രമിച്ചു. പിതാവ് പിഴ അടയ്ക്കാന്‍ വിസമ്മതിച്ചതോടെ ആറ് ആഴ്ച ജയില്‍ വാസം അനുഭവിച്ചു.
ഫാബ് ഫോര്‍സിന്റെ 1963 ലെ സ്മാഷ് 'ഷീ ലവ്‌സ് യു' എന്ന ഗാനത്തിലൂടെയാണ് ഓസി സംഗീതജ്ഞനാകുന്നത്. ഇംഗ്ലീഷ് റോക്ക് ബാന്‍ഡായ 'ദ് ബീറ്റില്‍സില്‍' നിന്നാണ് ഓസിക്ക് സംഗീതത്തോട് താത്പര്യമുണ്ടാകുന്നത്. 1967 ല്‍, ബ്ലാക്ക് സബത്തിന്റെ പ്രധാന ഗാനരചയിതാവും ബാസിസ്റ്റുമായ ബട്ട്‌ലര്‍, 'റെയര്‍ ബ്രീഡ്' എന്ന പേരില്‍ ഒരു ഗ്രൂപ്പ് രൂപീകരിച്ചു.
ഗിറ്റാറിസ്റ്റ് ഇയോമി, ഡ്രമ്മര്‍ വാര്‍ഡ് എന്നിവരോടൊപ്പം ഓസിയേയും അദ്ദേഹം ഗ്രൂപ്പിലേക്ക് ചേര്‍ക്കുകയായിരുന്നു. രണ്ട് തവണ പേര് മാറ്റിയ ശേഷം ബാന്‍ഡ് ഒടുവില്‍ 'ബ്ലാക്ക് സാബത്ത്' എന്ന പേര് സ്വീകരിച്ചു. ബാന്‍ഡിന്റെ ആദ്യ ആല്‍ബം 1969 ല്‍, വെറും രണ്ട് ദിവസത്തിനുള്ളില്‍ റെക്കോര്‍ഡ് ചെയ്ത് പുറത്തിറക്കി. 1970 ല്‍ പുറത്തിറങ്ങിയ ബാന്‍ഡിന്റെ രണ്ടാമത്തെ ആല്‍ബം 'പാരനോയിഡ്', യുകെ ആല്‍ബം ചാര്‍ട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 2013 ല്‍ പുറത്തിറങ്ങിയ '13' എന്ന ആല്‍ബമാണ് പിന്നീട് ഈ ചരിത്രം ആവര്‍ത്തിച്ചത്.
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും അമിത ഉപയോഗത്തിന്റെ പേരില്‍ 1979 ല്‍ ഓസിയെ ബാന്‍ഡില്‍ നിന്ന് പുറത്താക്കിയിരുന്നു. തുടര്‍ന്ന് ഓസി 11 ആല്‍ബങ്ങള്‍ സ്വന്തമായും പുറത്തിറക്കി. 1997 ല്‍ വീണ്ടും ബാന്‍ഡില്‍ തിരിച്ചെത്തി.