/kalakaumudi/media/media_files/2025/11/26/pak-tali-2025-11-26-08-45-42.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ കിഴക്കന്‍ പ്രവിശ്യകളില്‍ പാക്കിസ്ഥാന്‍ നടത്തിയ വ്യോമാക്രമണത്തിന് തക്ക സമയത്ത് ഉചിതമായി മറുപടി നല്‍കുമെന്ന് താലിബാന്‍ ഭരണകൂടം. 'ഈ ലംഘനത്തെയും കുറ്റകൃത്യത്തെയും ഇസ്ലാമിക് എമിറേറ്റ് ശക്തമായി അപലപിക്കുന്നു. ഞങ്ങളുടെ വ്യോമാതിര്‍ത്തിയും ഭൂപ്രദേശവും ജനങ്ങളെയും സംരക്ഷിക്കേണ്ടത് നിയമാനുസൃതമായ അവകാശമാണെന്നും, തക്ക സമയത്ത് ഉചിതമായി പ്രതികരിക്കുമെന്നും ആവര്‍ത്തിക്കുന്നു' താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് സമൂഹമാധ്യമത്തില്‍ പോസ്റ്റു ചെയ്ത പ്രസ്താവനയില്‍ പറഞ്ഞു.
അഫ്ഗാനിസ്ഥാനിലെ പാക്ടിക, ഖോസ്‌ക്, കുനാര്‍ പ്രവിശ്യകളില്‍ പാകിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണങ്ങള്‍, അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണെന്നും സബീഹുള്ള കുറ്റപ്പെടുത്തി.
അഫ്ഗാനിസ്ഥാനില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പാക്കിസ്ഥാന്‍ നടത്തിയ ബോംബിങ്ങില്‍ 9 കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടെന്ന് താലിബാന്‍ വക്താവ് സ്ഥിരീകരിച്ചു. ഇത്തരം ആക്രമണങ്ങള്‍ക്ക് പാക്കിസ്ഥാന്റെ നിയന്ത്രണത്തില്‍ നില്‍ക്കാത്ത തരത്തില്‍ വളരെ മോശമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും സബീഹുള്ള മുജാഹിദ് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം പാക്കിസ്ഥാനിലെ പെഷാവറില്‍ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, തെഹ്രികെ താലിബാന്‍ പാക്കിസ്ഥാന്‍ (ടിടിപി), ഹാഫിസ് ഗുല്‍ ബഹാദൂര്‍ ഭീകരസംഘടനകളെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. പാക്കിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം ഏതാനും നാളുകളായി തകര്‍ന്ന നിലയിലാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
