ദോഹ : അതിര്‍ത്തി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തില്‍ പാകിസ്ഥാനും താലിബാനും തമ്മിലുള്ള നിര്‍ണായകമായ ചര്‍ച്ചകള്‍ വെള്ളിയാഴ്ച ദോഹയില്‍ ആരംഭിക്കും.
പാകിസ്ഥാന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവും ഡിജി ഐഎസ്ഐ ലഫ്റ്റനന്റ് ജനറല്‍ അസിം മാലിക്കും അഫ്ഗാന്‍ താലിബാന്‍ പ്രതിരോധ മന്ത്രി മുല്ല യാക്കൂബും ദോഹയില്‍ കൂടിക്കാഴ്ച നടത്തുമെന്ന് ഉന്നത നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കൂടാതെ ഇരുവശത്തുനിന്നുമുള്ള പ്രധാന മന്ത്രിമാരും സുരക്ഷാ ഉദ്യോഗസ്ഥരും പ്രതിനിധി സംഘത്തോടൊപ്പം ചേരുമെന്ന് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. അതിര്‍ത്തി കടന്നുള്ള സംഘര്‍ഷങ്ങള്‍ പരിഹരിക്കാനുള്ള ഒരു വേദിയായിട്ടാണ് ഈ കൂടിക്കാഴ്ചയെ ഇരു രാജ്യങ്ങളും നോക്കിക്കാണുന്നത്. പ്രധാനമായും തെഹ്രീക്-ഇ-താലിബാന്‍ പാകിസ്ഥാന്‍ (ടിടിപി) യുടെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നായിരിക്കും പാകിസ്ഥാന്റെ പ്രധാന ആവശ്യം.
അതേ സമയം നയതന്ത്ര നിയമസാധുത ഉറപ്പിക്കാനും താലിബാന്റെ പരമാധികാരം ഔപചാരികമായി അംഗീകരിക്കുന്നതിന് പാകിസ്ഥാനെ സമ്മര്‍ദ്ദത്തിലാക്കാനുമായിരിക്കും അഫ്ഗാന്‍ ഭാഗത്തുനിന്നുള്ള പ്രതിനിധി സംഘത്തിന്റെ പ്രധാന ലക്ഷ്യമെന്നാണ് അന്താരാഷ്ട്ര മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
കൂടാതെ അഫ്ഗാനിസ്ഥാന്റെ ആഭ്യന്തര കാര്യങ്ങളില്‍ പാകിസ്ഥാന്റെ ഏതെങ്കിലും തരത്തിലുള്ള ഇടപെടലുകളോ ആജ്ഞാപനങ്ങളോ നിരസിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അഫ്ഗാന്‍ പക്ഷം ഈ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെടുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.