/kalakaumudi/media/media_files/2025/09/15/salman-agha-2025-09-15-10-22-43.jpg)
ദുബായ്: ഏഷ്യാ കപ്പിലെ അഭിമാനപ്പോരാട്ടത്തിൽ ഇന്ത്യയോട് തോറ്റശേഷം സമ്മാനദാനച്ചടങ്ങും മത്സരശേഷമുള്ള വാർത്താസമ്മേളനവും ബഹിഷ്കരിച്ച് പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ ആഘ. മത്സരത്തിലെ ടോസിനുശേഷവും മത്സരം പൂർത്തിയായശേഷവും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവോ ഇന്ത്യൻ താരങ്ങളോ പാകിസ്ഥാൻ താരങ്ങൾക്ക് പതിവ് ഹസ്തദാനം നൽകാൻ തയാറായിരന്നില്ല. മത്സരം പൂർത്തിയായശേഷം സൂര്യകുമാർ യാദവും ശിവം ദുബെയും നേരെ ഡ്രസ്സിംഗ് റൂമിലേക്ക് നടന്നപ്പോൾ ഇന്ത്യൻ താരങ്ങൾ ഡഗ് ഔട്ടിൽ നിന്നിറങ്ങിവന്ന് ഹസ്തതദാനത്തിന് തയാറാവുമെന്ന് പ്രതീക്ഷിച്ച് പാക് താരങ്ങൾ അൽപനേരം ഗ്രൗണ്ടിൽ നിന്നെങ്കിലും ഇന്ത്യൻ താരങ്ങളാരും ഗ്രൗണ്ടിലേക്കിറങ്ങിയില്ല.പാക് താരങ്ങൾ ഇന്ത്യൻ ഡ്രസ്സിംഗ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനൽ വലിച്ചടക്കുന്ന കാഴ്ചയാണ് അവർ കണ്ടത്. ഇതോടെ പാക് താരങ്ങൾ ഗ്രൗണ്ട് വിട്ടു. പിന്നീട് മത്സരശേഷം പതിവുള്ള സമ്മാനദാനച്ചടങ്ങിൽ നിന്ന് പാക് ക്യാപ്റ്റൻ സൽമാൻ ആഘ വിട്ടു നിന്നാണ് പ്രതിഷേധിച്ചത്. പാകിസ്ഥാനെ പ്രതിനിധീകരിച്ച് സമ്മാനദാനച്ചടങ്ങിൽ ആരും പങ്കെടുത്തില്ല. എന്തുകൊണ്ടാണ് സൽമാൻ ആഘ സമ്മാനദാനച്ചടങ്ങിൽ പങ്കെടുക്കാതിരുന്നതെന്ന ചോദ്യത്തിന് ഇപ്പോഴുണ്ടായ സംഭവങ്ങളുടെ സ്വാഭാവിക പ്രതികരണമാകാം എന്നായിരുന്നു പാക് കോച്ച് മൈക്ക് ഹെസ്സൺ മത്സരശേഷം വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. വാർത്താ സമ്മേളനത്തിനും സൽമാൻ ആഘ എത്തിയിരുന്നില്ല. ഇന്ത്യൻ താരങ്ങൾ മത്സരശേഷമുള്ള പതിവ് ഹസ്തദാനത്തിന് തയാറാവഞ്ഞത് പാകിസ്ഥാനെ നിരാശരാക്കിയെന്നും ഇതാണ് സൽമാൻ ആഘ സമ്മാനദാനച്ചടങ്ങ് ബഹിഷ്കരിക്കാൻ കാരണമെന്നും ഹെസ്സൺ പറഞ്ഞു. മത്സരശേഷം കളിക്കാർ സ്വാഭാവികമായി കൈ കൊടുത്ത് പിരിയുക എന്നത് കളിയുടെ ഭാഗമാണ്. എന്നാൽ ഇന്ന് അത് സംഭവിച്ചില്ലെന്നും ഹെസ്സൺ പറഞ്ഞു. മത്സരശേഷം ക്യാപ്റ്റൻ സൂര്യകുമാർ യാദവും കളിയിലെ താരമായ കുൽദീപ് യാദവും ഇന്ത്യൻ ടീമിൻറെ ഭാഗത്തു നിന്ന് സംസാരിച്ചിരുന്നു. മത്സരത്തിന് മുമ്പ് ടോസ് സമയത്തും ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് പാക് ക്യാപ്റ്റന് കൈ കൊടുക്കാൻ തയാറായിരുന്നില്ല.