/kalakaumudi/media/media_files/2025/09/20/kwaja-2025-09-20-12-16-32.jpg)
ഇസ്ലാമാബാദ്: പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള പരസ്പര പ്രതിരോധ കരാറിൽ മറ്റ് അറബ് രാജ്യങ്ങളുടെ പ്രവേശനം തള്ളിക്കളയാനാവില്ലെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്.
ആര്‍ക്ക് മുന്നിലും വാതിലുകൾ അടിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കൂടുതൽ അറബ് രാജ്യങ്ങൾക്ക് പ്രതിരോധ കരാറിന്റെ ഭാഗമാകാൻ കഴിയുമോ എന്ന ചോദ്യത്തിന് തനിക്ക് ഇപ്പോൾ അതിന് ഉത്തരം നൽകാൻ കഴിയില്ലെന്നും എന്നാൽ ഉറപ്പായും വാതിലുകൾ അടച്ചിട്ടില്ലെന്നുമായിരുന്നു പാക് പ്രതിരോധ മന്ത്രിയുടെ പ്രതികരണം.
നാറ്റോ പോലെയുള്ള ക്രമീകരണത്തിനാണ് താൻ ആഹ്വാനം ചെയ്യുന്നതെന്ന് ഖ്വാജ ആസിഫ് പറഞ്ഞു. മറ്റ് രാജ്യങ്ങളുടെ പ്രവേശനം ഒഴിവാക്കുന്ന ഒരു വ്യവസ്ഥയും കരാറിൽ ഇല്ല.
പാകിസ്ഥാന് മറ്റാരുമായും സമാനമായ കരാറിൽ ഒപ്പിടാൻ കഴിയില്ലെന്ന വ്യവസ്ഥയും കരാറിൽ ഇല്ല.
കുറച്ചുനാളുകളായി സൗദി സേനയ്ക്ക് പാകിസ്ഥാൻ പരിശീലനം നൽകുന്നുണ്ട്. അടുത്തിടെ ഉണ്ടായ സംഭവവികാസങ്ങൾ അതിന്റെയെല്ലാം ഔപചാരികമായ ഒരു വിപുലീകരണം മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ഇന്ത്യ യുദ്ധം പ്രഖ്യാപിച്ചാൽ പാകിസ്ഥാനൊപ്പം സൗദി അറേബ്യ പ്രതിരോധിക്കുമെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു.
പാകിസ്ഥാനും സൗദി അറേബ്യയും തമ്മിൽ ഒപ്പിട്ട കരാർ നാറ്റോ കരാറിലെ ആർട്ടിക്കിൾ 5 'കൂട്ടായ പ്രതിരോധം' എന്നതിന് സമാനമാണ്.
ഇതനുസരിച്ച് ഇരു രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിനെതിരായ ഏത് ആക്രമണവും ഇരു രാജ്യങ്ങൾക്കും എതിരായ ആക്രമണമായി കണക്കാക്കും.
കരാർ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാൽ, അംഗ രാജ്യത്തിന് ഭീഷണിയുണ്ടെങ്കിൽ, തീർച്ചയായും ഈ ക്രമീകരണം പ്രാബല്യത്തിൽ വരുമെന്നും പാകിസ്ഥാന്റെ ആണവായുധങ്ങൾ സൗദി അറേബ്യയ്ക്കും ലഭ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.