/kalakaumudi/media/media_files/2025/07/02/6m7nghp0fg-2025-07-02-13-39-35.jpg)
വാഷിങ്ടണ്‍: അമേരിക്കയില്‍ വരെ എത്താന്‍ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പാകിസ്ഥാന്‍ രഹസ്യമായി വികസിപ്പിക്കുന്നുവെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഓപ്പറേഷന്‍ സിന്ദൂറിലെ തിരിച്ചടിക്ക് പിന്നാലെ സ്വന്തം ആയുധങ്ങളെ ചൈനയുടെ സഹായത്തോടെ നവീകരിക്കാനുള്ള ശ്രമത്തിലാണ് പാകിസ്ഥാന്‍.
പാകിസ്ഥാന്‍ അത്തരത്തിലൊരു മിസൈല്‍ വികസിപ്പിക്കുന്നതില്‍ വിജയിച്ചാല്‍ ആണവായുധശേഷിയുള്ള എതിരാളിയായി പാകിസ്ഥാനെ കണക്കാക്കേണ്ടിവരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അമേരിക്കയിലേക്കോ അമേരിക്കന്‍ ഭരണത്തിന് കീഴിലുള്ള മറ്റ് ഭൂപ്രദേശങ്ങളിലേക്കോ ആണവാക്രമണം നടത്താന്‍ ശേഷി ആര്‍ജിക്കുന്ന രാജ്യങ്ങളെയാണ് ആണവ എതിരാളികളായി അമേരിക്ക കണക്കാക്കുക. നിലവില്‍ റഷ്യ, ചൈന, ഉത്തര കൊറിയ എന്നീ രാജ്യങ്ങളാണ് അമേരിക്കയുടെ ആണവ എതിരാളികള്‍.
നിലവില്‍ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ സ്വന്തമായുണ്ടെങ്കിലും ഇന്ത്യയ്ക്ക് നേരിട്ട് അമേരിക്ക വരെ എത്താവുന്ന മിസൈലുകളില്ല. അതിനാല്‍ ഇന്ത്യയെ ആണവ എതിരാളിയായി അമേരിക്ക കണക്കാക്കിയിട്ടില്ല. ഇന്ത്യയെ നേരിടാന്‍ വേണ്ടി മാത്രം ലക്ഷ്യമിട്ടുള്ളതാണ് പാകിസ്ഥാന്റെ ആണവായുധ നയം എന്നാണ് അവര്‍ പറഞ്ഞുകൊണ്ടിരിക്കുന്നത്. അതിനാല്‍ ഹൃസ്വദൂര, മധ്യദൂര മിസൈലുകളാണ് പാകിസ്ഥാന്‍ കൂടുതലും ഉപയോഗിക്കുന്നത്.
5,500 കിലോമീറ്ററിനപ്പുറത്ത് ആക്രമണം നടത്താന്‍ കഴിയുന്ന മിസൈലുകളെയാണ് ഭൂഖണ്ഡാന്തര മിസൈലുകളെന്ന് വിശേഷിപ്പിക്കുക. നിലവില്‍ പാകിസ്ഥാന് ഭൂഖണ്ഡാന്തര മിസൈലുകളില്ല. പാകിസ്ഥാന്റെ പക്കലുള്ള ഏറ്റവും ദൂരത്തില്‍ ആക്രമിക്കാന്‍ കഴിയുന്ന മിസൈല്‍ എന്നത് ഷഹീന്‍-3 ആണ്. ഇതിന്റെ പരമാവധി പ്രഹര പരിധി 2700 കിലോമീറ്ററാണ്. ഇന്ത്യയിലെ നഗരങ്ങളേ ലക്ഷ്യമിട്ട് ആക്രമണം നടത്താനേ അതുവഴി പാകിസ്ഥതാന് സാധിക്കു. പാകിസ്ഥാന്‍ ദീര്‍ഘദൂര ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി മുന്നോട്ടുപോകുന്നതിന് എതിരെ കഴിഞ്ഞവര്‍ഷം അമേരിക്ക ഉപരോധം കൊണ്ടുവന്നിരുന്നു.