/kalakaumudi/media/media_files/2025/11/08/azim-muneer-2025-11-08-17-45-39.jpg)
ഇസ്ലാമാബാദ്: ഇന്ത്യയുമായുള്ള സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സൈനിക കമാന്‍ഡിന്റെ ഭരണഘടനാ അടിത്തറ ശക്തിപ്പെടുത്താനുള്ള നീക്കവുമായി പാക്കിസ്ഥാന്‍. ഭരണഘടനയിലെ 243ാം അനുച്ഛേദം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക്കിസ്ഥാന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. പ്രതിരോധ സംവിധാനം നവീകരിക്കുന്നതിനും സിവിലിയന്‍-സൈനിക ഏകോപനം കര്‍ശനമാക്കുന്നതിനുമുള്ള നടപടിയും കരവ്യോമനാവിക മേധാവികളുടെ നിയമനവുമായി ബന്ധപ്പെട്ട പരിഷ്‌കരണവും ലക്ഷ്യമിട്ടുള്ള 27-ാമത് ഭരണഘടനാ ഭേദഗതി ബില്ലാണ് ശനിയാഴ്ച പാക്ക് നിയമമന്ത്രി അസം നസീര്‍ തരാര്‍ അവതരിപ്പിച്ചത്.
ഇന്ത്യ-പാക്ക് സംഘര്‍ഷങ്ങളില്‍ നിന്നുള്ള 'പാഠങ്ങള്‍' ഉള്‍ക്കൊണ്ടാണ് ഭരണഘടനാ ഭേദഗതി എന്ന് ബില്‍ അവതരണത്തിനിടെ തരാര്‍ പറഞ്ഞു. ''സമീപകാല പാക്കിസ്ഥാന്‍-ഇന്ത്യ സംഘര്‍ഷങ്ങള്‍ നമ്മെ നിരവധി പാഠങ്ങള്‍ പഠിപ്പിച്ചു. യുദ്ധത്തിന്റെ സ്വഭാവവും തന്ത്രവും പൂര്‍ണമായും മാറിയിരിക്കുന്നു. നിയമന നടപടിക്രമങ്ങളും ചില തസ്തികകളും മുമ്പ് സൈനിക നിയമത്തിലായിരുന്നു. പക്ഷേ 1973 ലെ ഭരണഘടനയില്‍ അവ പരാമര്‍ശിച്ചിരുന്നില്ല'' തരാര്‍ ബില്‍ അവതരണവേളയില്‍ പറഞ്ഞു. ഭേദഗതിയിലൂടെ പാക്കിസ്ഥാന്‍ സര്‍ക്കാരിനേക്കാള്‍ കൂടുതല്‍ അധികാരം സൈന്യത്തിന് കൈവരുമെന്നാണ് വിമര്‍ശനം.
ഇന്ത്യ പാക്ക് വെടിനിര്‍ത്തലിനു പിന്നാലെ പാക്ക് സൈനിക മേധാവി അസിം മുനീറിനെ ഫീല്‍ഡ് മാര്‍ഷല്‍ പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിരുന്നു. ഭരണഘടനാ ഭേദഗതി നടപ്പാകുന്നതോടെ ഫീല്‍ഡ് മാര്‍ഷലായ അസിം മുനീറിന്റെ അധികാരം ഗണ്യമായി ശക്തിപ്പെടുമെന്നാണ് സൂചന. ഭേദഗതിയില്‍ പറയുന്ന 'കമാന്‍ഡര്‍ ഓഫ് ഡിഫന്‍സ് ഫോഴ്സ്' (സിഡിഎഫ്) രൂപീകരണത്തിലൂടെ കര-നാവിക-വ്യോമസേന എന്നിവയുടെ മേല്‍നോട്ടത്തിനായി ഒരു പുതിയ കേന്ദ്രീകൃത സംവിധാനം രൂപീകരിക്കുമെന്നും അസിം മുനീര്‍ ഇതിന്റെ തലപ്പത്ത് എത്തുമെന്നുമാണ് സൂചന.
നിലവിലുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് മുകളിലാകും ഇതോടെ അസിം മുനീറിന്റെ അധികാര സ്ഥാനം. പിരിച്ചുവിടല്‍, തരംതാഴ്ത്തല്‍ തുടങ്ങിയ നടപടികളില്‍ നിന്നും അസിം മുനീറിന് നിയമപരമായ പരിരക്ഷ ഉറപ്പാക്കുന്നതാണ് പുതിയ ഭരണഘടനാ ഭേഗതിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. സൈന്യത്തിന്റെ സുപ്രീം കമാന്‍ഡന്റ് പദവി പ്രസിഡന്റില്‍ നിന്നും പുതിയതായി രൂപീകരിക്കുന്ന സിഡിഎഫിലേക്ക് മാറ്റാനും ഭേദഗതിയില്‍ ശുപാര്‍ശ ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
