/kalakaumudi/media/media_files/2025/11/13/asim-2025-11-13-11-03-40.jpg)
ഇസ്ലാമാബാദ്: രാജ്യത്തെ സൈനിക മേധാവിയുടെ അധികാരങ്ങള്‍ വിപുലീകരിക്കാനും സുപ്രീം കോടതിയുടെ അധികാരപരിധി നിയന്ത്രിക്കാനുമുള്ള പുതിയ ഭരണഘടനാ ഭേദഗതിക്ക് പാകിസ്താന്‍ പാര്‍ലമെന്റ് അംഗീകാരം നല്‍കി. ബുധനാഴ്ച പാര്‍ലമെന്റ് പാസാക്കിയ 27-ാം ഭരണഘടനാ ഭേദഗതി ജനാധിപത്യത്തെ ദോഷകരമായി ബാധിക്കുമെന്ന് വിമര്‍ശകര്‍ അഭിപ്രായപ്പെട്ടു.
പുതിയ ഭേദഗതിയുടെ ഭാഗമായി കരസേനാ മേധാവി അസിം മുനീറിനെ 'ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്സ്' എന്ന പുതിയ പദവിയിലേക്ക് ഉയര്‍ത്തും. ഇതോടെ അദ്ദേഹം നാവികസേനയുടെയും വ്യോമസേനയുടെയും കമാന്‍ഡ് ഔദ്യോഗികമായി ഏറ്റെടുക്കും. കാലാവധി പൂര്‍ത്തിയായാലും അദ്ദേഹത്തിന് തന്റെ പദവി നിലനിര്‍ത്തുകയും ആജീവനാന്ത നിയമപരിരക്ഷ നേടുകയും ചെയ്യാം.
ചെറിയ മാറ്റങ്ങള്‍ക്കായി, തിങ്കളാഴ്ച ബില്‍ പാസാക്കിയ സെനറ്റിലേക്ക് ഇത് തിരിച്ചയക്കും. അതിനുശേഷം പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒപ്പുവെക്കുന്നതോടെ ഭേദഗഗതി ഭരണഘടനയില്‍ ഔദ്യോഗികമായി ഉള്‍പ്പെടുത്തും.
ഭേദഗതി പ്രകാരം, ഈ വര്‍ഷം ആദ്യം പഞ്ചനക്ഷത്ര റാങ്കുള്ള ജനറലായി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട മുനീറിന് അഭൂതപൂര്‍വമായ അധികാരങ്ങളായിരിക്കും ലഭിക്കുക. കരസേനയെ കൂടാതെ നാവികസേനയുടെയും വ്യോമസേനയുടെയും മേല്‍നോട്ടം വഹിക്കുന്ന, പുതുതായി രൂപീകരിച്ച ചീഫ് ഓഫ് ഡിഫന്‍സ് ഫോഴ്‌സസ് എന്ന പദവിയിലേക്ക് അദ്ദേഹത്തെ ഉയര്‍ത്തും. അതോടൊപ്പം ക്രിമിനല്‍ വിചാരണയില്‍ നിന്ന് ആജീവനാന്തം സംരക്ഷണവും നല്‍കും.
പുതിയഭരണഘടനാ ഭേദഗതിയിലൂടെ അദ്ദേഹത്തെ എല്ലാ വിമര്‍ശനങ്ങള്‍ക്കും അതീതനാക്കി നിര്‍ത്തുന്നതിലൂടെ സിവിലിയന്‍ മേല്‍ക്കോയ്മ എന്ന തത്വത്തെ പരിഹസിക്കുകയാണ് പാക് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു. എക്സിക്യൂട്ടീവ് അധികാരത്തിന് മേലുള്ള ഏക കടിഞ്ഞാണായ സുപ്രീം കോടതിയുടെ അധികാരങ്ങളെയും പ്രവര്‍ത്തനപരിധിയെയും ഈ ഭേദഗതി വലിയ തോതില്‍ ദുര്‍ബലപ്പെടുത്തുന്നു.
ഭേദഗതി പ്രകാരം സുപ്രീം കോടതിക്ക് മുകളില്‍ ഒരു പുതിയ ഫെഡറല്‍ ഭരണഘടനാ കോടതി സ്ഥാപിക്കും. ഇവിടേക്കുള്ള ജഡ്ജിമാരെ എക്സിക്യൂട്ടീവ് തിരഞ്ഞെടുക്കും. ഇത് സ്വതന്ത്രമായ നീതിന്യായ വ്യവസ്ഥ എന്ന സങ്കല്‍പ്പത്തെത്തന്നെ ഇല്ലാതാക്കുമെന്ന് വിമര്‍ശകര്‍ പറഞ്ഞു. ജഡ്ജിമാരെ എവിടെ, എങ്ങനെ സ്ഥലം മാറ്റണം എന്നുള്ള തീരുമാനം പ്രസിഡന്റിന് മാത്രമായിരിക്കും. ഇത് എല്ലാത്തരത്തിലുമുള്ള ഉത്തരവാദിത്ത പ്രക്രിയകളെയും ഇല്ലാതാക്കുന്നു.
ഈ നിയമനിര്‍മാണം സൈനിക ഭരണം ഉറപ്പിക്കാനും പാകിസ്താനെ പൂര്‍ണമായ ഏകാധിപത്യത്തിലേക്ക് തള്ളിവിടാനും മാത്രമേ സഹായിക്കൂ എന്ന് പ്രതിപക്ഷം ആരോപിച്ചു. അടുത്ത കാലത്തായി, സൈന്യം രാജ്യത്തിന്റെ ഭരണത്തില്‍ കൂടുതല്‍ നിയന്ത്രണം ഏറ്റെടുക്കുകയും മുതിര്‍ന്ന ജനറല്‍മാരുടെ അധികാരം ശക്തിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണമുണ്ട്.
2022 മുതല്‍ സൈനിക മേധാവിയായ മുനീര്‍, ഒരു രാഷ്ട്രത്തലവന് സമാനമായ പദവിയില്‍ അന്താരാഷ്ട്ര യാത്രകള്‍ നടത്തിയിട്ടുണ്ട്. ഡൊണാള്‍ഡ് ട്രംപുമായി വൈറ്റ് ഹൗസില്‍ നടത്തിയ അഭൂതപൂര്‍വമായ രണ്ട് കൂടിക്കാഴ്ചകളും ഇതില്‍ ഉള്‍പ്പെടുന്നു. ശേഷം, 'എന്റെ പ്രിയപ്പെട്ട ഫീല്‍ഡ് മാര്‍ഷല്‍' എന്നാണ് യുഎസ് പ്രസിഡന്റ് അദ്ദേഹത്തെ വിശേഷിപ്പിച്ചത്.
പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിലുള്ള ഭരണസഖ്യ സര്‍ക്കാര്‍, സൈന്യത്തിലും നീതിന്യായ വ്യവസ്ഥയിലും ആധുനികവല്‍ക്കരണവും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള മാര്‍ഗമായാണ് ഭരണഘടനാ ഭേദഗതിയെ ന്യായീകരിച്ചത്.
മുന്‍കാലങ്ങളില്‍, ഭരണഘടനാ ഭേദഗതികള്‍ സെനറ്റിലും സഭയിലും ആഴ്ചകളോളം നീണ്ട ചര്‍ച്ചകള്‍ക്കും തടസങ്ങള്‍ക്കും കാരണമായിട്ടുണ്ട്. എന്നാല്‍, ഭരണസഖ്യ സര്‍ക്കാരിന്റെ ബലഹീനതയുടെയും മുനീറിന്റെ തൊട്ടുകൂടാനാവാത്ത അധികാരത്തിന്റെയും സൂചനയായി, ഇത്തവണ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ബില്‍ പാസായി. ബുധനാഴ്ച നാല് നിയമസഭാംഗങ്ങള്‍ മാത്രമാണ് ഇതിനെതിരെ വോട്ട് ചെയ്തത് എന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
